ഇസ്ലാമാബാദ്: ബംഗ്ലാദേശിനു പിൻതുണ പ്രഖ്യാപിച്ച് ലോകകപ്പ് ബഹിഷ്‌കരണ ഭീഷണിക്കുമെന്ന പാക്കിസ്ഥാന്റെ ഭീഷണി ആവിയായി. ഐസിസിയുടെ അന്ത്യശാസനത്തിനു തൊട്ടു പിന്നാലെ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് പാക്കിസ്ഥാൻ. ടൂർണമെന്റ് ബഹിഷ്‌കരിച്ചേക്കുമെന്ന് പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയുടെ ഭീഷണി മുഴക്കിയിരുന്നു. ലോകകപ്പിലെ പങ്കാളിത്തം പാക് സർക്കാരിന്റെ തീരുമാനത്തെ ആശ്രയിച്ചിരിക്കുമെന്നും നഖ്‌വി പറഞ്ഞിരുന്നു.
ഇത് ഐസിസിയെ ചൊടിപ്പിച്ചു. ഐസിസിയുടെ നിലപാട് കടുക്കുകയും ടൂർണമെന്റിൽ പങ്കെടുത്തില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് പാക്കിസ്ഥാൻ ടൂർണമെന്റിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.മുതിർന്ന താരങ്ങളായ ഹാരിസ് റൗഫിനെയും മുഹമ്മദ് റിസ്‌വാനെയും ഒഴിവാക്കിയാണ് പാക്കിസ്ഥാൻൻ ടീമിനെ പ്രഖ്യാപിച്ചത്. അതേസമയം, ബാബർ അസമും ഷഹീൻ അഫ്രീദിയും ടീമിൽ ഇടംനേടി.
ഞായറാഴ്ച രാവിലെ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ പിസിബി ഹൈ പെർഫോമൻസ് ഡയറക്ടറും ദേശീയ സെലക്ഷൻ കമ്മിറ്റി അംഗവുമായ അഖ്വിബ് ജാവേദ്, പാക് ടി20 ക്യാപ്റ്റൻ സൽമാൻ അലി ആഗ, വൈറ്റ് ബോൾ ഹെഡ് കോച്ച് മൈക്കൽ ജെയിംസ് ഹെസ്സൻ എന്നിവരാണ് ടീം പ്രഖ്യാപനം നടത്തിയത്.
അതേസമയം 2024-ലാണ് മുഹമ്മദ് റിസ്‌വാൻ അവസാനമായി പാക് ജേഴ്‌സിയിൽ ടി20 മത്സരം കളിക്കുന്നത്. ഒരു വർഷത്തിലേറെയായി താരം പാക് ടി20 ടീമിന്റെ ഭാഗമല്ല. മോശം പ്രകടനം കാരണമാണ് ഹാരിസ് റൗഫിനും ടീമിൽ ഇടം നഷ്ടമായത്. നെതർലൻഡ്സ്, യുഎസ്എ, നമീബിയ, ഇന്ത്യ എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് പാക്കിസ്ഥാൻ. ഫെബ്രുവരി ഏഴിന് കൊളംബോയിൽ നെതർലൻഡ്സിനെതിരെയാണ് പാക്കിസ്ഥാന്റെ ആദ്യ മത്സരം.
2026-ലെ ടി20 ലോകകപ്പിനുള്ള പാക് ടീം: സൽമാൻ അലി ആഗ (ക്യാപ്റ്റൻ), അബ്രാർ അഹമ്മദ്, ബാബർ അസം, ഫഹീം അഷ്റഫ്, ഫഖർ സമാൻ, ഖവാജ മുഹമ്മദ് നഫായ്, മുഹമ്മദ് നവാസ്, മുഹമ്മദ് സൽമാൻ മിർസ, നസീം ഷാ, സാഹിബ്സാദ ഫർഹാൻ, സയിം അയൂബ്, ഷഹീൻ ഷാ അഫ്രീദി, ഷദാബ് ഖാൻ, ഉസ്മാൻ ഖാൻ, ഉസ്മാൻ താരിഖ്.
















































