ടെഹ്റാൻ: മിഡിൽ ഈസ്റ്റിലേക്ക് സൈനികനീക്കം നടത്തുന്നതായുള്ള ഡോണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ശക്തമായ പ്രതികരണവുമായി ഇറാൻ. തങ്ങൾക്കെതിരായ ഏത് ആക്രമണത്തേയും അത് ചെറുതായാൽപോലും സമ്പൂർണ്ണ യുദ്ധമായി കണക്കാക്കും. അങ്ങനെ വന്നാൽ കൈവശമുള്ളതെല്ലാം ഉപയോഗിച്ച് ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ യുഎസിന് മുന്നറിയിപ്പ് നൽകി.
യുഎസിന്റെ സൈനിക സന്നാഹങ്ങളെ നേരിട്ടുള്ള ഭീഷണിയായി ഇറാൻ കാണുന്നു. ആക്രമിക്കപ്പെട്ടാൽ തിരിച്ചടിക്കും. തങ്ങളുടെ കൈവശമുള്ളതെല്ലാം ഉപയോഗിക്കുമെന്നും ഇറാന്റെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
‘തങ്ങൾക്കെതിരായി നടത്തുന്ന ചെറു ആക്രമണം, അല്ലെങ്കിൽ സർജിക്കൽ, അതുമല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള ആക്രമണം, ഇത് പൂർണ്ണതോതിലുള്ള യുദ്ധമായി കണക്കാക്കും. ശക്തമായിത്തന്നെ ഇറാൻ പ്രതികരിക്കും’- ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു.
സൈനിക നടപടികൾക്ക് സാധ്യത കുറവാണെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ട്രംപ് പറഞ്ഞതെങ്കിലും അതിൽ നിന്നും വിരുദ്ധമായി ഇറാനെ സമ്മർദ്ദത്തിലാക്കാൻ യുഎസ് നാവിക സന്നാഹം ഗൾഫ് മേഖലയിലേക്ക് നീങ്ങുന്നതായി പിന്നീട് യുഎസ് പ്രസിഡന്റ് അറിയിക്കുകയുണ്ടായി. ഇതോടനുബന്ധിച്ചാണ് ഇറാൻ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഭരണകൂടത്തിനെതിരായ പ്രതിഷേധക്കാർക്ക് വധശിക്ഷ നൽകുന്നത് ഇറാൻ നിർത്തിയതായി അറിയിച്ചതിനെ തുടർന്നാണ് സൈനിക നീക്കമുണ്ടാകില്ലെന്ന് ട്രംപ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് സൈനിക നീക്കം നടത്തുന്നതായി ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു.













































