ശ്രീകാര്യം: വിവാഹം നടക്കേണ്ട ദിവസം നവവരനെ മരണം കവർന്നെടുത്തപ്പോൾ അവൻ പോയത് തീരാ നൊമ്പരവും പേറി…. ചെമ്പഴന്തി പൊട്ടയിൽ അയ്യങ്കാളി നഗർ പുന്നക്കുഴി രോഹിണിയിൽ രാജൻ ആശാരിയുടെയും ശ്രീലതയുടെയും മകൻ രാഗേഷ്(28) ആണ് ഇന്നലെ വാഹനാപകടത്തിൽ മരിച്ചത്. കാട്ടായിക്കോണം സ്വദേശിനിയുമായുള്ള രാഗേഷിന്റെ വിവാഹം തിങ്കളാഴ്ച നിശ്ചയിച്ചിരിക്കേയാണ് പാങ്ങപ്പാറയ്ക്കു സമീപം പുലർച്ചെ 12.40-ന് രാഗേഷ് അപകടത്തിൽപ്പെടുന്നത്.
തിങ്കളാഴ്ച രാവിലെ കാട്ടായിക്കോണം വാഴവിളയിലെ പാട്ടാരി ശ്രീമഹാദേവ ക്ഷേത്രത്തിൽെവച്ചാണ് രാഗേഷിന്റെ വിവാഹം നടത്താനിരുന്നത്. സ്വന്തം വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് ഏറെ നാളുകളായി പ്രണയത്തിലായിരുന്ന യുവതിയുമായി രാഗേഷ് വിവാഹം നിശ്ചിയിച്ചത്. ചടങ്ങിൽ വീട്ടുകാർ സംബന്ധിക്കില്ലെന്നു കണ്ടതോടെ അവസാനശ്രമമെന്ന നിലയിൽ രാഗേഷ് ഞായറാഴ്ച രാത്രി സ്വന്തം വീട്ടിലെത്തി വിവാഹത്തിൽ പങ്കെടുക്കണമെന്ന് മാതാപിതാക്കളോട് അഭ്യർഥിച്ചിരുന്നു. ഇതിനെച്ചൊല്ലി വീണ്ടും വഴക്കുണ്ടായതായി ബന്ധുക്കൾ പറയുന്നു. ഈ വഴക്കിനിടയ്ക്ക് രാഗേഷ് ബൈക്കെടുത്ത് കഴക്കൂട്ടം ഭാഗത്തേക്കു പോവുകയായിരുന്നു.
ഇതിനിടെ ശ്രീകാര്യത്തിനും കഴക്കൂട്ടത്തിനുമിടയ്ക്ക് മാങ്കുഴിയിൽവെച്ച് രാഗേഷ് സഞ്ചരിച്ചിരുന്ന ബൈക്ക് എതിരേ വന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ഇലക്ട്രിക് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. രാഗേഷ് തൽക്ഷണം മരിച്ചു. കണിയാപുരം ഡിപ്പോയിൽനിന്ന് വൈദ്യുതി ചാർജ് ചെയ്ത ശേഷം വികാസ് ഭവനിലേക്കു പോകുകയായിരുന്നു ബസ്. ശ്രീകാര്യത്തുനിന്ന് കഴക്കൂട്ടം ഭാഗത്തേക്ക് ബൈക്കിൽ പോകുകയായിരുന്നു രാഗേഷ്. ബസുമായി നേർക്കുനേർ ഇടിച്ചുണ്ടായ അപകടത്തിൽ രാഗേഷിന്റെ തല പൊട്ടിച്ചിതറി. ബൈക്ക് പൂർണമായി തകർന്നു.
അതേസമയം പ്രണയത്തെച്ചൊല്ലി വീട്ടുകാരുമായി പിണങ്ങി വീടുവിട്ട രാഗേഷ്, ചന്തവിളയിൽ പെൺകുട്ടിയുടെ വീട്ടുകാർ ഏർപ്പാടാക്കിയ വാടകവീട്ടിലായിരുന്നു കുറച്ചുകാലമായി താമസം. വിവാഹത്തിനുള്ള എല്ലാ ക്രമീകരണങ്ങളും പെൺകുട്ടിയുടെ വീട്ടുകാരാണ് നടത്തിയിരുന്നത്. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം പങ്കെടുപ്പിച്ച് ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടത്താനിരുന്നത്. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.


















































