‘ഞങ്ങൾ നൂറുകണക്കിന് ആളുകളുണ്ടായിരുന്നു. പക്ഷേ. ഒരു അവസരവും ഞങ്ങൾക്ക് കിട്ടിയില്ല. അവർ വളരെ കൃത്യതയോടെയും വേഗതയോടെയും വെടിവച്ചു; ഓരോ സൈനികനും മിനിറ്റിൽ 300 റൗണ്ട് വെടിവയ്ക്കുന്നത് പോലെ തോന്നി. എന്നാൽ, ഏറ്റവും മാരകമായ ആയുധം മറ്റൊന്നായിരുന്നു. അവർ മറ്റൊരു ആയുധം പ്രയോഗിച്ചു. അതെങ്ങനെ വിവരിക്കണമെന്ന് അറിയില്ല. തീവ്രമായ ഒരു ശബ്ദ തരംഗം പോലൊന്ന്. പെട്ടെന്ന് എൻറെ തലയ്ക്കുള്ളിൽ നിന്നും പൊട്ടിത്തെറിക്കുന്നത് പോലെ തോന്നി. ഞങ്ങളുടെ എല്ലാവരുടെയും മൂക്കിൽ നിന്നും രക്തം ഒഴുകി. ചിലർ രക്തം ഛർദ്ദിച്ചു. ഒന്നനങ്ങാൻ പോലും കഴിയാതെ പലരും താഴെ വീണു. ആ സോണിക് ആയുധത്തിന് ശേഷം ഞങ്ങൾക്ക് എഴുന്നേൽക്കാൻ പോലും കഴിഞ്ഞില്ല….
വെനിസ്വേലയിലെ മുൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ ജീവനോടെ പിടികൂടാനായി അമേരിക്ക “അതി ശക്തമായ സോണിക് ആയുധം” ഉപയോഗിച്ചെന്ന ആരോപണം സോഷ്യൽ മീഡിയയിലും ടാബ്ലോയ്ഡ് മാധ്യമങ്ങളിലുമായി വ്യാപകമായി പ്രചരിക്കുന്നു. വാട്സാപ്പിലൂടെ പ്രചരിച്ച ഒരു സ്പാനിഷ് ഓഡിയോ സന്ദേശമാണ് ഈ കഥയുടെ പ്രധാന ഉറവിടം. മദൂറോയ്ക്ക് വിശ്വസ്തനായിരുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വെനിസ്വേലൻ സുരക്ഷാ ഉദ്യോഗസ്ഥനാണ് ഇതിൽ സംസാരിക്കുന്നത്.
അമേരിക്കയ്ക്കെതിരെ ഈ ആരോപണം സോഷ്യൽ മീഡിയയിലും ടാബ്ലോയ്ഡ് മാധ്യമങ്ങളിലുമായി വ്യാപകമായി പ്രചരിക്കുന്നണ്ട്. ഈ ആയുധം ഉപയോഗിച്ചതിനാൽ വെനിസ്വേലൻ സൈനികർക്ക് മൂക്കിലൂടെ രക്തസ്രാവവും രക്തം ഛർദ്ദിക്കുന്നതുമുണ്ടായെന്നതാണ് അവകാശവാദം. എന്നാൽ ഈ ആരോപണങ്ങൾക്ക് ഇതുവരെ സ്വതന്ത്രമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഈ സന്ദേശം യുഎസ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളൈൻ ലെവിറ്റ് എക്‌സിൽ (X) പങ്കുവച്ചതോടെയാണ് ആരോപണത്തിന് കൂടുതൽ ശ്രദ്ധ ലഭിച്ചത്. എന്നാൽ ഇത് ഔദ്യോഗിക വൈറ്റ് ഹൗസ് അല്ലെങ്കിൽ പ്രതിരോധ വകുപ്പിന്റെ സ്ഥിരീകരണമല്ലെന്നും, സാക്ഷിയുടെ വാദങ്ങൾ ശരിവയ്ക്കുന്ന തെളിവുകൾ നിലവിലില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.
മദൂറോയെ പിടികൂടിയ റെയ്ഡിൽ 150-ലധികം വിമാനങ്ങൾ, ഡ്രോണുകൾ, ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ തുടങ്ങിയവ ഉപയോഗിച്ചതായി പ്രതിരോധ വകുപ്പിന്റെ വിവരങ്ങൾ പറയുന്നു. നേവി EA-18G ഗ്രൗളർ പോലുള്ള വിമാനങ്ങൾ റഡാർ, ആശയവിനിമയ സംവിധാനങ്ങൾ ജാം ചെയ്യാൻ ഉപയോഗിച്ചു. ഇതുമൂലം വെനിസ്വേലൻ സേനയ്ക്ക് പെട്ടെന്ന് ആശയവിനിമയം നഷ്ടപ്പെടുകയും പ്രതിരോധം തകരുകയും ചെയ്തതാകാമെന്ന് സൈനിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
‘സോണിക് ആയുധം’– ശാസ്ത്രീയ സംശയങ്ങൾ
ഉയർന്ന തീവ്രതയിലുള്ള ശബ്ദം അസ്വസ്ഥത, ഛർദ്ദി, കേൾവിനാശം എന്നിവ ഉണ്ടാക്കാമെന്നത് ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടതാണ്. എന്നാൽ തുറന്ന സ്ഥലത്ത്, ദൂരത്തിൽ നിന്ന് ഒരേസമയം നിരവധി ആളുകൾക്ക് രക്തസ്രാവം ഉണ്ടാക്കുന്ന തരത്തിലുള്ള ശബ്ദായുധം നിലവിലുണ്ടെന്നതിന് തെളിവുകളില്ല. അത്തരമൊരു ആയുധം ഉപയോഗിച്ചിരുന്നെങ്കിൽ കേഴ്‍വിശക്തി നഷ്ടപ്പെടുക, ശ്വാസകോശ പ്രശ്നങ്ങൾ തുടങ്ങിയ വ്യക്തമായ മെഡിക്കൽ രേഖകൾ ഉണ്ടാകേണ്ടതുണ്ടെന്നും വിദഗ്ധർ പറയുന്നു.
ഡയറക്ടഡ് എനർജി ആയുധങ്ങളോ?
ലേസർ, മൈക്രോവേവ് തുടങ്ങിയ ഡയറക്ടഡ് എനർജി ആയുധങ്ങൾ യുഎസ് വികസിപ്പിക്കുന്നുണ്ടെങ്കിലും, അവ പ്രധാനമായും ഡ്രോണുകൾ, സെൻസറുകൾ, ആശയവിനിമയ ഉപകരണങ്ങൾ എന്നിവയെ ലക്ഷ്യമിടുന്നതാണ്. മനുഷ്യരെ രക്തസ്രാവത്തിലേക്ക് നയിക്കുന്ന രഹസ്യ ആയുധം ഉപയോഗിച്ചതായി സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
നിഗമനം
മഡൂറോയെ പിടികൂടിയ യുഎസ് ഓപ്പറേഷൻ ആധുനിക ഇലക്ട്രോണിക് വാർഫെയറിന്റെയും ബഹുമുഖ സൈനിക ഏകോപനത്തിന്റെയും ശക്തി തെളിയിച്ചതാണെങ്കിലും, “സോണിക് ആയുധം” ഉപയോഗിച്ചെന്ന ആരോപണം ഇപ്പോൾ അഭ്യൂഹങ്ങളുടെ തലത്തിലാണ്. സ്വതന്ത്ര പരിശോധനയും മെഡിക്കൽ രേഖകളും ഔദ്യോഗിക സ്ഥിരീകരണവും ലഭിക്കുന്നതുവരെ ഈ വാദങ്ങൾ സംശയത്തിന്റെ പരിധിയിൽ തന്നെയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

















































