കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സുപ്രധാന വിവരങ്ങൾ പുറത്ത്. നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നതായും 2017 ജനുവരി 3 ന് ഗോവയിൽ കൃത്യം നടത്താനായിരുന്നു പദ്ധതിയെന്നുമുള്ള വിവരങ്ങളാണ് പുറത്തുവന്നത്. നടി നായികയായ സിനിമ ചിത്രീകരിച്ചത് ഗോവയിലായിരുന്നു. ജനുവരി മൂന്നിന് നടിയെ എയർപോർട്ടിൽ നിന്ന് കൂട്ടിയത് പൾസർ സുനിയായിരുന്നു. തുടർന്നുളള ദിവസങ്ങളിലും ഇയാൾ നടിയുടെ ഡ്രൈവറായിരുന്നു.
ബലാത്സംഗം ചെയ്യാൻ വാഹനം തേടി ജനുവരി മൂന്നിന് സുനിൽ സെന്തിൽ കുമാർ എന്നയാളെ വിളിച്ചതായുള്ള വിവരങ്ങളും വിചാരണ വേളയിൽ പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. നടി ആക്രമിക്കപ്പെട്ട കേസിൽ നാളെ വിധി വരാനിരിക്കെയാണ് വിചാരണയിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. കേസിലെ 173 -ാമത് സാക്ഷിയാണ് സെന്തിൽ കുമാർ. രണ്ടാം പ്രതി മാർട്ടിനേയും മൂന്നാം പ്രതി മണികണ്ഠനേയും സുനിൽ കുമാർ ഗോവയിൽ നിന്ന് വിളിച്ചിരുന്നു. ഷൂട്ടിങ് പൂർത്തിയാക്കി നടി ഗോവയിൽ നിന്ന് റോഡു മാർഗം കേരളത്തിലേക്ക് വരുമെന്നായിരുന്നു സുനിൽ കണക്കുകൂട്ടിയത്. ഈ യാത്രയ്ക്കിടെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാനായിരുന്നു ആലോചന. എന്നാൽ ജനുവരി 5ന് അപ്രതീക്ഷിതമായി നടി കേരളത്തിലേക്ക് മടങ്ങി.
ഇതോടെ ശ്രമം പരാജയപ്പെട്ടു. ഇതിന് പിന്നാലെയാണ് ഫെബ്രുവരി 17ന് കൃത്യം നടപ്പാക്കിയത്. വിചാരണക്കോടതിയിൽ പ്രോസിക്യൂഷൻ ഇക്കാര്യം അവതരിപ്പിച്ചിരുന്നതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. അതേസമയം, കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് നാളെ വിധി പറയുക. നടൻ ദീലീപ് എട്ടാം പ്രതിയായ കേസിൽ രാവിലെ പതിനൊന്നിനാണ് നടപടികൾ തുടങ്ങുക. നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയ പൾസർ സുനിയാണ് കേസില്‍ ഒന്നാം പ്രതി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തുപേരാണ് വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തി വിരോധത്തെത്തുടർന്ന് ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തു എന്നാണ് ദിലീപിന് എതിരായ കേസ്. എന്നാൽ തന്നെ കേസിൽ പെടുത്തിയാണെന്നും പ്രോസിക്യൂഷൻ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയിൽ എത്തിയതെന്നുമാണ് ദിലീപിന്‍റെ വാദം.


















































