2024 ജൂലായ് 29 രാത്രി. വയനാട്ടിലെ പുഞ്ചിരിമറ്റം മുണ്ടക്കൈ പ്രദേശവാസികൾ സാധാരണ പോലെ അവരുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ശേഷം ഉറങ്ങാൻ കിടന്നു. പതിവുപോലെ മഴ പെയ്തു കൊണ്ടിരുന്നുവെങ്കിലും അവരാരും കരുതിയിരുന്നില്ല, തങ്ങളിൽ കുറേ പേർ അടുത്ത പ്രഭാതത്തിൽ കൂടെ ഉണരാനുണ്ടാവില്ലെന്ന്. മലയാളികളുടെ മനസാക്ഷിയെ നടുക്കിയ ആ ദുരന്തം കഴിഞ്ഞ് ഒന്നര വർഷം ആവുകയാണ്. ആ ദുരന്തത്തെക്കുറിച്ചല്ല, അതിൽ നിന്നുള്ള കരകയറ്റത്തെക്കുറിച്ചുള്ള ചില കാര്യങ്ങളാണ് ഈ വീഡിയോയിൽ നിങ്ങളുമായി പങ്കുവെക്കുന്നത്.
ചൂരൽ മല മുണ്ടക്കൈ ദുരന്തത്തിന്റെ ഭീകരത നേരിട്ട് കണ്ട മലയാളികൾ ആ ജനതയെ ചേർത്തു പിടിക്കാൻ തീരുമാനിച്ചതിന്റെ മനസിന്റെ ആർദ്രതയാണ് മുഖ്യമന്ത്രയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനായി ഒഴുകിയെത്തിയത്. ഒരു പക്ഷേ മറ്റാരുടേയും സഹായമില്ലാതെ തന്നെ അവിടം പുനർനിർമ്മിക്കാൻ സർക്കാരിനെ പ്രാപ്തമാക്കും വിധം തുക ദുരിതാശ്വാസ നിധിയിൽ നിറഞ്ഞു. എന്നാൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആ വേഗത്തിൽ നടക്കുന്നുണ്ടോ.
കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ ടി സിദ്ധിഖ് എംഎൽഎ ഇതു സംബന്ധിച്ച് ചില ചോദ്യങ്ങൾ സർക്കാരിനോട് ചോദിക്കുകയും മുഖ്യമന്ത്രി അതിനു മറുപടി നൽകുകയുമുണ്ടായി. ആ ചോദ്യത്തിലും ഉത്തരത്തിലും ചൂരൽമല-മുണ്ടക്കൈ ദുരിതാശ്വാസ പ്രവർത്തനത്തിലെ സർക്കാരിന്റെ നിലപാടും അവസ്ഥയും വ്യക്തമാവുന്നുണ്ട്. ആദ്യത്തെ ചോദ്യം ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുകയെക്കുറിച്ചും അതിന്റെ ചെലവഴിക്കലിനേയും കുറിച്ചാണ്.
അതിനുള്ള മറുപടിയായി മുഖ്യമന്ത്രി പറഞ്ഞ വിവരങ്ങൾ ഇവയാണ്. ആകെ ലഭിച്ച തുക 773 കോടി 98 ലക്ഷം രൂപ. അതിൽ നിന്നും 13 ഇനങ്ങളിലായി ആകെ 100 കോടി 41 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. 2025 സെപ്റ്റംബർ 16 വരെയുള്ള കണക്കുകളാണ് മുഖ്യമന്ത്രി സഭയ്ക്കു മുന്നിൽ വച്ചത്.
ആ രേഖകൾ പ്രകാരം നോക്കിയാൽ ലഭിച്ച തുകയിൽ 673 കോടി രൂപയിലേറെ ബാക്കിയുണ്ട്. അതായത് ലഭിച്ച തുകയുടെ 13 ശതമാനം മാത്രമാണ് ഒരു വർഷത്തിനിപ്പുറവും ചെലവഴിച്ചിരിക്കുന്നത്. ഇനി ആ തുക ഏതൊക്കെ ഇനത്തിലാണ് ചെലവഴിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നുണ്ട്. ദുരന്ത ബാധിതർക്കുള്ള അടിയന്തിര ധനസഹായമായി 7 കോടി 65 ലക്ഷം രൂപ നൽകിയിട്ടുണ്ട്. വീട്ടു വാടക ഇനത്തിൽ 50 ലക്ഷം രൂപയാണ് ചെലവഴിച്ചിട്ടുള്ളത്.
ഇനി അടുത്തത് പറയാൻ പോകുന്ന ചെലവുകളാണ് വളരെ പ്രധാനപ്പെട്ട ചെലവുകൾ. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനായി 44 കോടി 34 ലക്ഷം രൂപ നൽകിയിട്ടുണ്ട്. കൂടാതെ അവിടെ വീടുകൾ പണിയുന്നതിനായി നിർമ്മാണ പ്രവർത്തനം നടത്തുന്ന കമ്പനിക്ക് 20 കോടി മുൻകൂറായി അനുവദിക്കുകയും ചെയ്തിട്ടുണ്ട്. സ്വാഭാവികമായും ആ തുക ഊരാളുങ്കിലിനാവുമെന്ന് കരുതാം. അടുത്തതായി ടൗൺഷിപ്പിൽ താമസിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ച 107 കുടുംബങ്ങൾക്കുള്ള ധനസഹായം നൽകിയതാണ്. ഒരു കുടുംബത്തിന് 13 ലക്ഷം എന്ന നിരക്കിൽ ആകെ 13 കോടി 91 ലക്ഷം രൂപയാണ് ഈ ഇനത്തിൽ ചെലവഴിച്ചിട്ടുള്ളത്. ഇതുകൂടാതെ ടൗൺഷിപ്പ് പദ്ധതിയുടെ പ്രാരംഭ ചെലവുകൾ എന്നപേരിൽ 40 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിൽ നിന്നും ചെലവഴിച്ചിട്ടുണ്ട്. അതുപോലെ ടൗൺഷിപ്പ് പ്രോജക്ടിന്റെ PIU സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ ചെലവുകൾ എന്ന പേരിൽ എഴുപത്തി രണ്ടുലക്ഷത്തി അറുപത്താറായിരം രൂപയും ചെലവഴിച്ചതായി അറിയിച്ചിട്ടുണ്ട്.
അടുത്തതായി കുടുംബശ്രീ അംഗങ്ങൾക്കുള്ള ഉപജീവന ധന സഹായമായി നൽകിയ 3 കോടി 91 ലക്ഷം രൂപയാണ്. തുടർ ചികിത്സാ പദ്ധതിക്ക് 6 കോടി രൂപയും ഇതിൽ നിന്നും നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ സഹായമായി 2 കോടി 10 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്.
ഇതുകൂടാതെ പുനരധിവാസ പദ്ധതിക്ക് വൈദ്യുതി ലൈനുകൾ മാറ്റുന്നതിന് കെഎസ്ഇബി ക്ക് 78 ലക്ഷത്തി 63 ആയിരം രൂപയും പൈപ്പ് ലൈനുകൾ മാറ്റുന്നതിന് വാട്ടർ അതോറിറ്റിക്ക് 36 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകിയിട്ടുണ്ട്.
ഇതിനൊക്കെ പുറമേ ടൗൺഷിപ്പ് പണിയുന്നതിനായി മരം മുറിക്കുന്നതിന് 2 ലക്ഷത്തി 81 ആയിരം രൂപയും ചെലവായിട്ടുണ്ട്. എല്ലാം കൂടെ 101 കോടി 46 ലക്ഷം രൂപയുമാണ് ചെലവായത്. നേരത്തേ പറഞ്ഞപോലെ കണക്ക് പ്രകാരം ഇനിയും 673 കോടി രൂപ മുണ്ടക്കൈ-ചൂരൽമല ദുരിതാശ്വാസ ഫണ്ടിൽ ബാക്കിയുണ്ട്.
അടുത്ത ചോദ്യം കേന്ദ്ര സർക്കാരിൽ നിന്നും ഇതുവരെ ലഭിച്ച സഹായങ്ങളെക്കുറിച്ചായിരുന്നു. അതിനു മറുപടിയായി മുഖ്യമന്ത്രി മൂന്ന് കാര്യങ്ങളാണ് വിശദമാക്കിയത്. ആദ്യത്തേത് മൂലധന നിക്ഷേപത്തിനായി സംസ്ഥാനങ്ങൾക്ക് നൽകുന്ന പ്രത്യേക ധനസഹായത്തിൽ ഉൾപ്പെടുത്തി 529.50 കോടി രൂപ കേന്ദ്ര സർക്കാർ കേരളത്തിന് നൽകിയിട്ടുണ്ട്. കൂടാതെ PDNA റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ 260.65 കോടി അനുവദിച്ചുവെങ്കിലും തുക ഇതുവരെ ലഭിച്ചിട്ടില്ല.
ഇതു കൂടാതെ എയർലിഫ്റ്റിംഗ് ചാർജ് ആയി കേന്ദ്രത്തിന് നൽകേണ്ടിയിരുന്ന 120 കോടി രൂപ ഹൈക്കോടതി നിർദേശത്തിനെത്തുടർന്ന് വയനാട് ദുരിതബാധിതർക്കായി ചെലവഴിക്കുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുമുണ്ട്. ഇതിന്റെ ചെലവുകൾ സംബന്ധിച്ച് വിശദാംശങ്ങളും മുഖ്യമന്ത്രി നൽകിയിട്ടുണ്ട്.
അതിൽ ഒരു പ്രധാന കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്ന രീതിയിലുള്ള കണക്കാണ് നൽകിയതെന്ന് പറയേണ്ടി വരും. കേന്ദ്രം നല്കിയ 530 കോടിയുടെ ചെലവ് സംബന്ധിച്ച കണക്കിൽ 50 കോടിക്കുമേൽ വരുന്ന 3 കാര്യങ്ങളാണ് പറയുന്നത്. അതിൽ ആദ്യത്തേത് എൽസ്റ്റൺ എസ്റ്റേറ്റിലെ ടൗൺഷിപ്പിലെ റോഡുകൾ നിർമിക്കുന്നതിനായി 87 കോടി ചെലവാണ് അനുബന്ധം 2 ൽ ഒന്നാമത്തെ ഇനമായി കാണിച്ചിട്ടുള്ളത്. പിന്നെ രണ്ടാമതായി പുന്നപ്പുഴ 8 കിലോമീറ്റർ വൃത്തിയാക്കി പഴയ പോലെ ആക്കുന്നതിനായി ജലസേചന വകുപ്പിന് നൽകുന്ന 65 കോടി രൂപയാണ്.
എന്നാൽ അടുത്ത ചെലവിനമാണ് ശരിക്കും കൺഫ്യൂഷൻ ആക്കുന്നത്. ഒന്നാമത്തെ ഇനമായി 87 കോടിയുടെ ചെലവ് കാണിച്ച ടൗൺഷിപ്പിലെ റോഡുകളുടെ നിർമ്മാണം വീണ്ടും 27 ആമത്തെ ഇനമായി വന്നിരിക്കുന്നു. ഇത്തവണ തുക വ്യത്യാസമുണ്ട് 74.72 കോടി രൂപയാണ്. നടപ്പാക്കുന്ന ഏജൻസിയും ഒരേ ഏജൻസി തന്നെയാണ്. അതായത് 44 കോടി രൂപ കൊടുത്ത് വാങ്ങിയ സ്ഥലത്ത് നിർമിച്ച കെട്ടിടങ്ങൾക്കിടയിലൂടെ റോഡ് നിർമിക്കാനായി ചെലവ് 161 കോടി രൂപ. വീടിനു പോലും ആകെ 80 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
എന്തായാലും കേന്ദ്ര സർക്കാർ നൽകിയ ഈ തുകയിൽ നിന്ന് പനമരത്തും വൈത്തിരിയിലും മാനന്തവാടിയിലും ഫയർ സ്റ്റേഷൻ നിർമ്മിക്കാനായി തുക വകയിരുത്തിയിട്ടുണ്ട് സംസ്ഥാന സർക്കാർ. പോരാതെ കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ ഒരു പുതിയ ബ്ലോക്ക്, മുള്ളൻകൊല്ലി, പടിഞ്ഞാറേ തറ, കൊട്ടാത്തറ, പനമരം എന്നിവിടങ്ങളിൽ ഷെൽട്ടർ ഹോമുകൾ എന്നിവയും കേന്ദ്ര സർക്കാർ അനുവദിച്ച തുകകൊണ്ട് നിർമിക്കുന്നുണ്ട്. ഇതു കൂടാതെ സ്കൂൾ കെട്ടിടങ്ങൾ, ആശുപത്രി, 110 കെ വി സബ്സ്റ്റേഷൻ എന്നിവ കൂടാതെ 6 ഹെലിപാഡുകളും അപ്രോച് റോഡുകളും ഈ തുക കൊണ്ട് നിർമിക്കുന്നുണ്ട്. ഇതിനൊക്കെ പുറമേ 24 കോടി രൂപ കൊണ്ട് മറ്റ് പൊതു കെട്ടിടങ്ങളും സൗകര്യങ്ങളും നിർമിക്കാനും പദ്ധതിയിടുന്നു.
കേന്ദ്രം കൊടുക്കാനുദ്ധേശിക്കുന്ന ഫണ്ട് കൊണ്ട് നിർമിക്കാനുദ്ധേശിക്കുന്ന പദ്ധതികൾ
ഇനി കേന്ദ്രസർക്കാർ മുണ്ടക്കൈ ദുരിതബാധിതർക്കായി മാത്രം അനുവദിക്കണമെന്ന് പറഞ്ഞ തുക കൊണ്ട് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രവൃത്തികൾ കൂടി നോക്കാം. ഒന്നു കൂടെ പ്രത്യേകം പറയട്ടെ വയനാട് ദുരന്തത്തിൽ പെട്ടവർക്ക് മാത്രമായി ചെലവഴിക്കുന്നതിനായി അനുവദിച്ച തുകയാണ്.
ചൂരൽ മലയിലെ മൃഗാശുപത്രി നിർമ്മാണം 2 കോടി രൂപ, ചൂരൽ മല ഹെൽത്ത് സബ് സെന്റർ നിർമ്മാണം 5 കോടി രൂപ, ചൂരൽമലയിലെ പാൽ സൊസൈറ്റി ബിൽഡിംഗ് നിർമ്മാണം 3 കോടി രൂപ, ചൂരൽ മല അംഗനവാടി നിർമ്മാണം 50 ലക്ഷം രൂപ, വില്ലേജ് ഓഫീസിന്റേയും ജീവനക്കാർക്കുള്ള 2 സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ യും നിർമ്മാണത്തിന് 2 കോടി രൂപ എന്നിങ്ങനെ പോകുന്നു ആ ചെലവുകൾ. അതിൽ രസകരമായി തോന്നിയ ചിലത് മാത്രം എടുത്ത് പറയട്ടെ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ടൗൺഷിപ്പിൽ വൈദ്യുതി ലൈനുകൾ മാറ്റുന്നതിനായി കെ എസ് ഇ ബി ക്ക് 78 ലക്ഷത്തി 63 ആയിരം രൂപ അനുവദിച്ചിരുന്നു. ഇപ്പോഴിതാ കേന്ദ്ര ധനസഹായത്തിൽ നിന്നും 20 കോടി രൂപ ഇതേ കെ എസ് ഇ ബി ക്ക് അണ്ടർഗ്രൗണ്ട് കേബിളിംഗിന് എന്ന് പറഞ്ഞ് നൽകുന്നു. ഇനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പൈപ്പ് ലൈൻ മാറ്റുന്നതിനായി വാട്ടർ അതോറിറ്റിക്ക് 36 ലക്ഷം രൂപ നൽകിയിരുന്നു. ഇപ്പോഴിതാ കേന്ദ്ര ധനസഹായത്തിൽ നിന്നും 5 കോടി രൂപ പൊതു ഓഫീസുകളിലെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റിക്ക് നൽകുന്നു. ഓർക്കണം വയനാട് ദുരന്ത ബാധിതർക്ക് മാത്രമായി ചെലവഴിക്കണം എന്ന് പറഞ്ഞ് നൽകിയ തുകയാണ് വില്ലേജ് ഓഫീസും സ്റ്റാഫ് ക്വാർട്ടേഴ്സും പാൽ സൊസൈറ്റി ബിൽഡിംഗും ഒക്കെ പണിയാനായി ചെലവഴിക്കുന്നത്.
എന്തായാലും ചൂരൽമല ദുരന്തബാധിതർക്കായി 773 കോടി പൊതു ജനങ്ങളിൽ നിന്നും 530 കോടി കേന്ദ്ര സർക്കാരിൽ നിന്നും ഉൾപ്പെടെ ആകെ 1303 കോടി രൂപ സർക്കാരിന് ലഭിച്ചതിൽ 100 കോടി മാത്രമാണ് ചെലവായിരിക്കുന്നത്. ബാക്കി 1203 കോടി സർക്കാരിന്റെ കൈയിൽ ഇപ്പോഴും ഉണ്ട്. 260 കോടി കൂടി ഉടൻ കേന്ദ്രത്തിൽ നിന്നും കിട്ടാനും ഉണ്ട്. അതു കൂടെ നോക്കിയാൽ 1463 കോടിയാണ് വയനാടിനായി സർക്കാർ ഖജനാവിൽ ബാക്കിയുള്ളത്. അതിൽ മുകളിൽ പറഞ്ഞ സർക്കാർ ഓഫീസുകളുടെ കെട്ടിടങ്ങളുൾപ്പെയുള്ള നിർമ്മാണങ്ങൾക്കും മറ്റുമായി 624 കോടി രൂപയുടെ പദ്ധതി മാത്രമാണ് സംസ്ഥാന സർക്കാർ ഇതുവരെ തയ്യാറാക്കിയിട്ടുള്ളത്. അതായത് കൈയിലുള്ള 839 കോടി എന്തു ചെയ്യണമെന്ന പദ്ധതിപോലും ഇതുവരെ സംസ്ഥാന സർക്കാർ മുണ്ടക്കൈ ദുരന്തത്തിന്റെ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി ചെയ്തിട്ടില്ല എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ ഈ രേഖയിലൂടെ സ്വയം സമ്മതിക്കുന്നത്.
ഇനി നിങ്ങൾ പറയൂ, വയനാട് ദുരന്തത്തിൽ പുനരധിവാസ പ്രവർത്തനത്തിൽ ഈ സർക്കാരിന് നിങ്ങൾ എത്ര മാർക്ക് നൽകും. സർക്കാർ നേതൃത്വത്തിൽ പുനരധിവാസം ഫലപ്രദമായി നടന്നോ, തുക കൃത്യമായി ചെലവഴിക്കപ്പെട്ടോ, എന്താണ് നിങ്ങളുടെ അഭിപ്രായം.



















































