വസായി: ശിശുദിനത്തിൽ സ്കൂളിലെത്താൻ വൈകിയതിന് അധ്യാപിക നൽകിയ ശിക്ഷ വിദ്യാർഥിനിയുടെ ജീവനെടുത്തു. മഹാരാഷ്ട്രയിലെ വസായിലെ ശ്രീ ഹനുമന്ത് വിദ്യാമന്ദിർ ഹൈ സ്കൂളിൽ വെള്ളിയാഴ്ചയാണ് 12 വയസുകാരി മരണപ്പെട്ടത്. ആറാം ക്ലാസ് വിദ്യാർത്ഥിനി സ്കൂളിൽ വൈകി എത്തിയതിന് ശിക്ഷയായി അധ്യാപിക 100 സിറ്റപ്പ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ശിക്ഷ തീർന്നതിന് പിന്നാലെ പുറം വേദന അനുഭവപ്പെടുവെന്ന് വിദ്യാർത്ഥിനി പരാതിപ്പെട്ടിരുന്നു. പിന്നാലെ തളർന്നുവീണു.
ഇതോടെ കാജൽ ഗോണ്ട് എന്ന ആറാം ക്ലാസ് വിദ്യാർത്ഥിനിയെ സമീപത്തെ നാലാസോപാരയിലെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആരോഗ്യ സ്ഥിതി കൂടുതൽ മോശമായതോടെ മുംബൈയിലെ ജെജെ ആശുപത്രിയിലേക്ക് വിദ്യാർത്ഥിനിയെ മാറ്റിയെങ്കിലും കാജൽ മരണപ്പെടുകയായിരുന്നു.
മകളുടെ ആരോഗ്യം പെട്ടന്ന് മോശമാകാൻ കാരണമായത് കഠിനമായ ശിക്ഷ മൂലമെന്നാണ് കാജലിന്റെ കുടുംബം ആരോപിക്കുന്നത്. നൂറ് സിറ്റ് അപ്പ് എടുക്കുന്ന സമയത്തും കുട്ടിയുടെ ചുമലിൽ നിന്ന് സ്കൂൾ ബാഗ് മാറ്റാൻ അധ്യാപിക അനുവദിച്ചില്ലെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നു. കുട്ടി മരണപ്പെട്ടതോടെ സ്കൂളിലേക്ക് രക്ഷിതാക്കളും ബന്ധുക്കളും പ്രതിഷേധമായി എത്തി.
അതേസമയം അധ്യാപികയ്ക്കും സ്കൂളിനും എതിരെ കർശന നടപടി ആവശ്യപ്പെട്ട പ്രതിഷേധം പോലീസ് ഇടപെട്ടാണ് അവസാനിപ്പിച്ചത്. സംഭവത്തിൽ ക്രിമിനൽ കേസ് എടുക്കുന്നത് വരെ സ്കൂൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നാണ് മഹാരാഷ്ട്ര നവ നിർമ്മാൺ സേന മുന്നറിയിപ്പ് നൽകി. വിദ്യാർഥിനി എത്താൻ പത്ത് മിനിറ്റ് വൈകിയെന്ന് ആരോപിച്ചായിരുന്നു അധ്യാപികയുടെ ശിക്ഷ. സംഭവത്തിൽ വിദ്യാഭ്യസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.


















































