കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്‌ക്കെതിരായ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥൻ ഇനി സിപിഎം സ്ഥാനാർഥി. വിരമിച്ച കണ്ണൂർ എസിപി ടി.കെ. രത്‌നകുമാറാണ് ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിൽ കോട്ടൂർ വാർഡിൽനിന്ന് ജനവിധി തേടുന്നത്. പാർട്ടി ചിഹ്നത്തിൽത്തന്നെയാണ് അദ്ദേഹം മത്സരിക്കുക. അതുപോലെ എൽഡിഎഫിൻറെ ചെയർമാൻ സ്ഥാനാർഥിയാണ് അദ്ദേഹം എന്നാണ് അറിയുന്നത്. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കോട്ടൂർ വിജയം ഉറപ്പുള്ള വാർഡാണ്.
അതേസമയം മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് മേൽനോട്ടംവഹിച്ച ഉദ്യോഗസ്ഥനായിരുന്നു ടി.കെ. രത്‌നകുമാർ. കുറ്റപത്രം സമർപ്പിച്ചതിനു ശേഷം ഈ വർഷം മാർച്ചിൽ അദ്ദേഹം വിരമിച്ചു. ശ്രീകണ്ഠാപുരം നഗരസഭയിൽ ഉൾപ്പെടുന്ന കോട്ടൂർ സ്വദേശിയായ രത്‌നകുമാർ നിലവിൽ കണ്ണൂരിലാണ് താമസിക്കുന്നത്.
പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം കിട്ടിയ നവീൻ ബാബുവിന് 2024 ഒക്ടോബർ 14-ന് കളക്ടറേറ്റിൽ നൽകിയ യാത്രയയപ്പ് യോഗത്തിനിടെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ ക്ഷണിക്കാതെയെത്തി അധിക്ഷേപകരമായ രീതിയിൽ പ്രസംഗിച്ച് അപമാനിച്ചത്. പിറ്റേന്ന് രാവിലെയാണ് പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ നവീൻ ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എഡിഎമ്മിന്റെ ആത്മഹത്യ സംസ്ഥാന സർക്കാരിനെയും സിപിഎമ്മിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയതോടെ പി.പി. ദിവ്യ ആത്മഹത്യാപ്രേരണക്കേസിൽ ഏക പ്രതിയാവുകയും ചെയ്തു.
പിന്നാലെ അന്വേഷണത്തിൽ അട്ടിമറി ഉണ്ടായെന്നും പി.പി. ദിവ്യയ്ക്ക് അനുകൂലമായാണ് അന്വേഷണം നടന്നതെന്നും നവീൻ ബാബുവിന്റെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. പോലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കാണിച്ച് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെയും സുപ്രീം കോടതിയേയും സമീപിച്ചു.

















































