കൊല്ലം: കരീപ്പുഴയിൽ ദേശീയപാത നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. നിർമാണ പ്രവൃത്തികൾക്കിടെ മണ്ണുമാന്തി യന്ത്രത്തിന് അടിയിൽപ്പെട്ട് ബിഹാർ സ്വദേശി മുഹമ്മദ് ജിബ്രേലാണ് (48) മരിച്ചത്. ഇന്നലെ രാത്രി 10.30ഓടെയായിരുന്നു സംഭവം.
പാതയ്ക്കായി മണ്ണ് നികത്തുന്നതിനിടെ ഇയാൾ അബദ്ധത്തിൽ മണ്ണുമാന്തിയന്ത്രത്തിന് അടിയിൽപ്പെടുകയായിരുന്നു. ശരീരഭാഗങ്ങൾ പലയിടത്തായി മണ്ണിൽ ആഴ്ന്ന നിലയിലാണ്. ഉടലും തലയും കൈകാലുകളും മണ്ണിനടിയിൽ പല സ്ഥലങ്ങളിലാണ്. ഇവ കണ്ടെത്തുന്നതിനായി പരിശോധന തുടരുകയാണ്. അതേസമയം യാതൊരു സുരക്ഷയുമില്ലാതെ അശാസ്ത്രീയമായാണ് പ്രദേശത്ത് നിർമാണ പ്രവർത്തികൾ നടക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.


















































