തിരുവനന്തപുരം: ശബരിമല സ്വർണകൊള്ളയിൽ പ്രതിപക്ഷം പറഞ്ഞ കാര്യങ്ങൾ തന്നെയാണ് കോടതി ആവർത്തിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുൻ ദേവസ്വം കമ്മിഷണർ എൻ. വാസുവിന്റേത് രാഷ്ട്രീയ നിയമനമായിരുന്നുവെന്നും വാസു പ്രതിയാകുന്നത്തോടെ മുഖ്യമന്ത്രിയും സർക്കാരും മറുപടി പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
കോടതിയിലൂടെ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ആരോപണ മുനയിലുള്ള ദേവസ്വം ബോർഡ് പ്രസിഡന്റിനെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും സതീശൻ ആരോപിച്ചു. അന്താരാഷ്ട്ര മാർക്കറ്റിൽ നടക്കുന്നതിന് സമാനമായ കുറ്റകൃത്യമാണ് ശബരിമലയിൽ നടന്നത്. ഇതിനെതിരേ കോൺഗ്രസ് നടത്തികൊണ്ടിരിക്കുന്ന പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാസുവിനെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. അറസ്റ്റിലേക്ക് നീങ്ങുന്നില്ല. അന്വേഷണ സംഘത്തിന് മേൽ സമ്മർദമുണ്ടെന്നും സതീശൻ പറഞ്ഞു.
അതുപോലെ കുറ്റക്കാർക്കെതിരേ നടപടിയെടുക്കുമെന്ന ദേവസ്വം മന്ത്രി വി.എൻ വാസവന്റെ നിലപാട് ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്റേതിന് സമാനമാണ്. പോക്കറ്റടിച്ച പേഴ്‌സ് കീശയിലുള്ളപ്പോൾ ആ ആൾ തന്റെ പോക്കറ്റടിച്ചുവെന്ന് പറയുന്നപോലെയാണിതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജിനെതിരേയും പ്രതിപക്ഷ നേതാവ് രൂക്ഷവിമർശനമുന്നയിച്ചു. കേരളത്തിലെ ആരോഗ്യ മേഖലയിലെ സിസ്റ്റം തകർന്നതിലെ അവസാനത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജിൽ നടന്ന സംഭവം. കേരളത്തിലെ ആരോഗ്യ രംഗം വെന്റിലേറ്ററിലാണ്. സിസ്റ്റം തകരാറിലാണെന്ന് ആരോഗ്യ മന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ട്. ആ സിസ്റ്റം തകരാറിലാക്കിയതിന്റെ പ്രധാന ഉത്തരവാദി ആരോഗ്യ മന്ത്രി തന്നെയാണെന്നും സതീശൻ പറഞ്ഞു.
ആറ് ദിവസം വേണു ആശുപത്രിയിൽ കിടന്നിട്ടും ആരും ഗൗനിച്ചില്ല. ആരോഗ്യമന്ത്രി സ്വയം രാജിവെച്ച് ഇറങ്ങി പോകണം. അപകടകരമായ രീതിയിലേക്കാണ് ആരോഗ്യരംഗം പോകുന്നത്. മെഡിക്കൽ കോളേജിൽ മാത്രമല്ല എല്ലായിടത്തും പ്രശ്‌നമുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലെ അവസ്ഥ ദയനീയാണ്. സാമ്പത്തിക പ്രതിസന്ധികൾ ഇല്ലെന്നാണ് ധനമന്ത്രിയും മുഖ്യമന്ത്രിയും പറയുന്നത്. പക്ഷേ, ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങാൻ പോലും പണമില്ല. മരുന്ന് വാങ്ങിയ പൈസ പോലും കമ്പനികൾക്ക് കൊടുക്കുന്നില്ല. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളത്തെ തള്ളിയിടുന്നു. 2000 രൂപ കൊടുക്കാൻ 2000 കോടി കടമെടുക്കാനാണ് ശ്രമിക്കുന്നതെന്നും സതീശൻ ചൂണ്ടിക്കാട്ടി.
അതുപോലെ പിഎം ശ്രീയിൽ കേന്ദ്രത്തിനു കത്തയക്കാം എന്നുപറഞ്ഞ് സിപിഐയെ പറ്റിച്ചുവെന്ന് പറഞ്ഞ അദ്ദേഹം, മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്റ്റെനോഗ്രാഫർ ഇല്ലെങ്കിൽ ഇവിടെനിന്ന് അയക്കാമെന്നും കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിന് മുമ്പ് മറ്റ് മുന്നണിയിൽ ഉള്ളവർ കോൺഗ്രസിലേക്ക് വരുമെന്നും സതീശൻ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി യുഡിഎഫിന്റെ ഘടകകക്ഷി അല്ല. ഇത് പലതവണ പറഞ്ഞതാണ്. അവരുടെ പിന്തുണ സ്വീകരിച്ചു എന്നേ ഉള്ളൂ. ജമാഅത്തെ ഇസ്ലാമി സിപിഎമ്മിനൊപ്പം 30 കൊല്ലം പ്രവർത്തിച്ചതാണ്. എന്ന് മുതലാണ് ജമാഅത്തെ ഇസ്ലാമി വർഗീയ പാർട്ടി ആയതെന്ന് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


















































