ചെന്നൈ: ടിവികെ നേതാവും നടനുമായ വിജയ്‌യെ ആര്‍എസ്എസ് ഗണ വേഷം അണിയിച്ചുള്ള ചിത്രം പുറത്തിറക്കി ഡിഎംകെ. ആര്‍എസ്എസ് വേഷത്തില്‍ വിജയ് നില്‍ക്കുന്ന പ്രതീകാത്മക ചിത്രമാണ് ഡിഎംകെ പുറത്തിറക്കിയത്. ടിവികെ പതാകയുടെ നിറമുള്ള ഷോള്‍ കഴുത്തില്‍ അണിഞ്ഞ് തിരിഞ്ഞ് നിന്ന് കൈ ഉയര്‍ത്തി നില്‍ക്കുന്ന വിജയ്‌യുടെ ഗ്രാഫിക്‌സ് ചിത്രമാണ് ഡിഎംകെ തയ്യാറാക്കിയത്. ചിത്രത്തില്‍ വിജയ്‌യുടെ ദേഹത്തും കയ്യിലും ചോര കാണാം.
ഡിഎംകെ ഐടി വിഭാഗം ആണ് ചിത്രം പങ്കുവെച്ചത്. വിജയ് കരൂരില്‍ സന്ദര്‍ശനം നടത്താത്തത് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ്. തിരക്കഥ തയ്യാറാകാത്തത് കൊണ്ടാണോ കരൂരില്‍ പോകാത്തതെന്നും ഡിഎംകെ പോസ്റ്ററിനൊപ്പം പങ്കുവെച്ച പോസ്റ്റില്‍ ചോദിക്കുന്നു. വിജയ് മരിച്ചവരുടെ കുടുംബത്തെ അപമാനിക്കുകയാണെന്നും ഡിഎംകെ ഐടി വിഭാഗം എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
‘വെറും പബ്ലിസിറ്റിക്ക് വേണ്ടി കരൂരില്‍ ആള്‍ക്കൂട്ടത്തെ ഒരുമിച്ച് കൂട്ടാന്‍ ശ്രമിച്ചതുകൊണ്ടും ഉത്തരവാദിത്തമില്ലാതെ പ്രവര്‍ത്തിച്ചത് കൊണ്ടുമുണ്ടായ ദുരന്തം നടന്നിട്ട് ഇന്നേക്ക് 20 ദിവസമാകുന്നു. അവനെ കാണാന്‍ വന്ന് ജീവന്‍ നഷ്ടമായവരുടെ കുടുംബത്തെ കാണാനോ, അനുശോചനം അറിയിക്കാനോ, ദുരിതാശ്വാസ ഫണ്ട് നല്‍കാനോ അവര്‍ തയ്യാറായില്ല. വഞ്ചനാപരമായ ഈ മൗനം മരിച്ചവരുടെ കുടുംബത്തോടുള്ള അനാദരവാണ്. നിങ്ങള്‍ക്ക് ഇതുവരെ സമയം കിട്ടിയില്ലേ? അതോ തിരക്കഥ തയ്യാറാകാത്തതാണോ? ഈ പാര്‍ട്ടിയുടെ നിഘണ്ടുവില്‍ മനുഷ്യത്വമില്ലാത്തതാണോ? അനുമതി ലഭിച്ചില്ലെന്ന ഒഴിവ് കഴിവ് പറയാനാണോ’, ഡിഎംകെ ചോദിച്ചു.