ന്യൂഡൽഹി: ‘മിഗ്-21 കില്ലര്‍’ എന്നറിയപ്പെടുന്ന AIM-120 അഡ്വാന്‍സ്ഡ് മീഡിയം റേഞ്ച് എയർ ടു എയർ മിസൈൽ (AMRAAM) മിസൈലുകള്‍ പാകിസ്താനടക്കമുള്ള രാജ്യങ്ങള്‍ക്ക് വില്‍ക്കാൻ യുഎസിന്റെ. 2019-ലെ ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷമുണ്ടായ വ്യോമ ഏറ്റുമുട്ടലില്‍ പാകിസ്താന്‍ വ്യോമസേന ഇന്ത്യയ്‌ക്കെതിരെ ഉപയോഗിച്ചത് ഈ AIM-120 അമ്രാം മിസൈലുകളാണ്. ഈ ആക്രമണത്തില്‍ ഇന്ത്യയുടെ ഒരു മിഗ്-21 ബൈസണ്‍ വിമാനം വീഴ്ത്താന്‍ പാകിസ്താന് സാധിച്ചിരുന്നു.
പുതിയ കരാറിലൂടെ, 160 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള, എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന, റഡാര്‍ ഗൈഡഡ് AIM-120C-8 എയര്‍-ടു-എയര്‍ മിസൈലുകളാണ് പാകിസ്താന് ലഭിക്കുന്നത്. 40-ലധികം രാജ്യങ്ങള്‍ ഈ മിസൈലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്, 14 തരം യുദ്ധവിമാനങ്ങളില്‍ ഇവ ഘടിപ്പിക്കാനാകും. അമ്രാം മിസൈലിന്റെ പ്രത്യേകതകള്‍ അമ്രാം മിസൈലിന്റെ പ്രധാന സവിശേഷത ‘ഫയര്‍ ആന്‍ഡ് ഫോര്‍ഗെറ്റ്’ സംവിധാനമാണ്. ഒരിക്കല്‍ ലക്ഷ്യസ്ഥാനം നിശ്ചയിച്ച് വിക്ഷേപിച്ചാല്‍, മിസൈലിന്റെ റഡാര്‍ സംവിധാനം ഉപയോഗിച്ച് ആ ലക്ഷ്യത്തെ പിന്തുടര്‍ന്ന് നശിപ്പിക്കാന്‍ ഇതിന് കഴിയും.
പാകിസ്താന് വില്‍ക്കുന്നത് AIM-120C-8, D-3 പതിപ്പുകളാണ്, ഇവ പാകിസ്താന്റെ എഫ്-16 വിമാനങ്ങളില്‍ ഘടിപ്പിക്കാവുന്നവയാണ്. ഇതിനു മുമ്പ് 2006-07 കാലഘട്ടത്തില്‍ 500 AIM-120C മിസൈലുകള്‍ പാകിസ്താന്‍ വാങ്ങിയിരുന്നു. ചൈനയുടെ PL-15 ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയര്‍-ടു-എയര്‍ മിസൈലുകളും പാകിസ്താന്റെ പക്കലുണ്ട്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയില്‍ നിന്നേറ്റ കനത്ത തിരിച്ചടിക്കുശേഷം, പ്രതിരോധ മേഖല ശക്തിപ്പെടുത്താന്‍ പാകിസ്താന്‍ ശ്രമിക്കുകയാണ്. ഇന്ത്യയ്‌ക്കെതിരെ സൈനിക ശക്തി വര്‍ധിപ്പിക്കാന്‍ യുഎസില്‍ നിന്നുള്ള അമ്രാം മിസൈലുകളുടെ സഹായത്തോടെ പാകിസ്താന് സാധിക്കും.