ചെന്നൈ: വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന്റെ റാലിക്കിടെയുണ്ടായ തിക്കിലുംതിരക്കിലും 39 പേർ മരിച്ച സംഭവത്തിൽ അനുശോചനമറിയിച്ച് തമിഴ് സിനിമയിൽ നിന്നുള്ള പ്രമുഖർ. ഹൃദയം ഉലയ്ക്കുന്ന സംഭവമാണ് കരൂരിൽ നടന്നതെന്ന് സംവിധായകൻ പാ രഞ്ജിത് പ്രതികരിച്ചു. പേടിച്ചിട്ട് ശരീരം വിറയ്ക്കുകയാണെന്ന് സംഗീത സംവിധായകൻ ജി.വി. പ്രകാശ് കുമാർ എക്സിൽ പോസ്റ്റ് ചെയ്തു. കരൂർ ദുരന്തം സഹിക്കാൻപറ്റാത്ത ദുഃഖത്തിനാണ് ഇടയാക്കിയതെന്ന് നടൻ കാർത്തിയും പറഞ്ഞു.
കരൂരിലെ മഹാദുരന്തം ഹൃദയഭേദകവും ആഴത്തിൽ ഞെട്ടലുണ്ടാക്കിയെന്നും സംവിധായകൻ പാ രഞ്ജിത് എക്സിൽ കുറിച്ചു. വിജയ്‌യുടെ ടിവികെയുടെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് ജീവൻ നഷ്ടപ്പെട്ടവരെക്കുറിച്ച് അറിഞ്ഞപ്പോൾ വേദനതോന്നി. ദുരന്തബാധിതർക്ക് തന്റെ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും രഞ്ജിത് പറഞ്ഞു. ഭയാനകമായ കാഴ്ചകൾ പേടിപ്പിച്ച് വിറപ്പിക്കുന്നുവെന്ന് സംഗീതസംവിധായകൻ ജി.വി. പ്രകാശ് പറഞ്ഞു. ആരെ ആശ്വസിപ്പിക്കണമെന്നോ, എങ്ങനെ ആശ്വസിപ്പിക്കണമെന്നോ അറിയാതെ താൻ വിഷമിക്കുകയാണ്. കരൂരിലെ ദാരുണമായ സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മാക്കൾക്ക് ദൈവത്തിന്റെ കാൽക്കൽ ശാന്തി ലഭിക്കട്ടെയെന്നും ജി.വി. പ്രകാശ് എക്സിൽ കുറിച്ചു.
“കരൂരിൽനിന്നുള്ള വാർത്ത താങ്ങാനാവാത്ത ദുഃഖത്തിന് കാരണമായി. മരിച്ചവരുടെ കുടുംബത്തിന് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഇനിയൊരിക്കലും ഇങ്ങനെ സംഭവിക്കാതിരിക്കാൻ നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം”. കാർത്തിയുടെ വാക്കുകൾ.നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ട വാര്‍ത്ത നടുക്കത്തോടെയാണ് കേട്ടതെന്നും അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നുമാണ് രജനീകാന്ത് എക്‌സില്‍ കുറിച്ചത്. ഏറെ ഹൃദയഭേദകമായ സംഭവമാണെന്നും ജനക്കൂട്ടത്തിനിടയില്‍ കുരുങ്ങി ജീവന്‍ നഷ്ടപ്പെട്ട നിരപരാധികളുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കാന്‍ വാക്കുകളില്ലെന്നും കമല്‍ ഹാസന്‍ പ്രതികരിച്ചു.