ചെന്നൈ: ടിവികെ നേതാവും സിനിമാ താരവുമായ വിജയിയെ കാണാനെത്തിയ സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളുമുള്‍പ്പെടെ തിക്കിലും തിരക്കിലുംപെട്ട് ജീവന്‍ നഷ്ടമായത് 39 പേര്‍ക്കാണ്. പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി പൊട്ടിക്കരയുന്ന ബന്ധുക്കളുടെ ഹൃദയഭേദകമായ കാഴ്ചയാണ് കരൂരില്‍ നിന്നും കാണാനാകുന്നത്.
പിഞ്ചുകുഞ്ഞുങ്ങളും ഗർഭിണികളും പ്രതിശ്രുത വരനും വധുവും മരിച്ചവരിലുണ്ട്. ഇവരുടെ വേർപാട് കുടുംബങ്ങളെ സംബന്ധിച്ച് താങ്ങാവുന്നതിലും അധികമാണ്. അടുത്തമാസമാണ് 24 കാരായ ആകാശിന്‍റെയും ഗോകുലിന്‍റെയും വിവാഹം നടക്കേണ്ടിയിരുന്നത്. പുതിയ ജീവിതം സ്വപ്നം കണ്ട ഇരുവരെയും പക്ഷെ മരണമെടുത്തു.
കരൂറിലാണ് റാലിയെന്ന് പറഞ്ഞതുകൊണ്ടാണ് ഇരുവരെയും പോകാന്‍ അനുവദിച്ചതെന്നും അറിയാവുന്ന ഒരാളുടെ വീടിന് മുകളില്‍ നില്‍ക്കാം എന്ന് പറഞ്ഞാണ് പോയതെന്നും ബന്ധുക്കള്‍ പറയുന്നു.’അടുത്ത മാസം കല്യാണമായിരുന്നു. രണ്ടുപേരും പോയി…കരൂറിലാണ് റാലി എന്ന് പറഞ്ഞതുകൊണ്ടാണ് പോകാന്‍ അനുവാദം നല്‍കിയത്. അറിയാവുന്ന ഒരാളുടെ വീടിന് മുകളില്‍ നില്‍ക്കാം എന്ന് പറഞ്ഞാണ് അവര്‍ പോയത്. ആളുകള്‍ ചവിട്ടിക്കൊന്നു എന്റെ മക്കളെ… കൂടെ എന്റെ മകനും ഉണ്ടായിരുന്നു. അവന്‍ രക്ഷപ്പെട്ടു. വിജയ് വിജയ് എന്ന് പറഞ്ഞ് എല്ലാവരും മരിച്ചല്ലോ…’എന്നാണ് ഇരുവരുടെയും ബന്ധുവായ സ്ത്രീ കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് പറഞ്ഞത്.