ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ എവിടെ താവളമടിച്ചാലും ഇന്ത്യ തകർക്കുന്ന സാഹചര്യത്തിൽ പാക് ഭീകര സംഘടനകൾ തങ്ങളുടെ പ്രവർത്തന കേന്ദ്രങ്ങൾ അഫ്ഗാനിസ്താൻ അതിർത്തിയ്ക്ക് സമീപത്തേക്ക് മാറ്റിയതായി രഹസ്യാന്വേഷണ റിപ്പോർട്ട്. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയുള്ള ഭീകരസംഘടനകൾ തങ്ങളുടെ പ്രവർത്തനം അഫ്ഗാൻ അതിർത്തി പ്രവിശ്യയായ ഖൈബർ പക്തൂൺഖ്വയിലേക്ക് മാറ്റിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
ഓപ്പറേഷൻ സിന്ദൂറോടെ പാക് അധിനിവേശ കശ്മീരിലെ ഒമ്പത് ഭീകരവാദ കേന്ദ്രങ്ങൾ ഇന്ത്യ തകർത്തിരുന്നു. ഭീകരരെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനായി പാർപ്പിക്കുന്ന ലോഞ്ച്പാഡുകളായി പ്രവർത്തിച്ചിരുന്ന കേന്ദ്രങ്ങൾ ഇന്ത്യ കൃത്യമായ ഇടവേളകളിൽ നശിപ്പിച്ചിരുന്നു. കൂടാതെ ഭീകരസംഘടനകളുടെ ആസ്ഥാനമടക്കം ഇന്ത്യ ആക്രമിച്ച് തകർത്തു. ഇതോടെ പ്രവർത്തനം അഫ്ഗാൻ അതിർത്തിയോട് ചേർന്നുള്ള സ്ഥലങ്ങളിലേക്ക് മാറ്റാൻ ഭീകരർ നിർബന്ധിതരാവുകയായിരുന്നുവെന്നാണ് റിപ്പോർട്ട്
അതേസമയം 2008 നവംബറിലെ മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ലഷ്‌കറെ ത്വയ്ബ ഖൈബർ പക്തൂൺഖ്വയിലെ ലോവർ ദിർ ജില്ലയിൽ പുതിയ കേന്ദ്രം ആരംഭിച്ചു. അഫ്ഗാനിസ്താൻ അതിർത്തിയിൽ നിന്ന് വെറും 47 കിലോമീറ്റർ മാത്രം അടുത്തുള്ള സ്ഥലത്താണ് മർക്കസ് ജിഹാദി അക്‌സ എന്ന ഭീകരവാദ പരിശീലന കേന്ദ്രം ലഷ്‌കറെ ത്വയ്ബ ആരംഭിച്ചത്. ഇതിന്റെ ഉപഗ്രഹ ചിത്രങ്ങളും രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
4600 ചതുരശ്ര അടി വിസ്താരത്തിലുള്ള ഈ കേന്ദ്രത്തിൽ ഒരു പള്ളിയും, പരിശീലന കേന്ദ്രവും താമസ സൗകര്യങ്ങളുമാണുള്ളത്. പല കാര്യങ്ങൾക്കായി വന്ന ഫണ്ടുകൾ ഈ കേന്ദ്രത്തിന്റെ നിർമാണത്തിനായി ലഷ്‌കർ വകമാറ്റി വിടുന്നുണ്ട്. ഈ വർഷം ഡിസംബറിൽ പ്രവർത്തനം ആരംഭിക്കണമെന്ന ഉദ്ദേശത്തോടെയാണ് ലഷ്‌കർ നേതൃത്വം മുന്നോട്ടുപോകുന്നത്. അതുപോലെ ഹൈദരാബാദ് സ്‌ഫോടനക്കേസിലെ മുഖ്യസൂത്രധാരന്മാരിലൊരാളായ നാസർ ജാവേദാണ് ഈ കേന്ദ്രത്തിലെ കമാൻഡർ എന്നാണ് രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം. ഇതിന് പുറമെ ബിലാൽ ഭായ് എന്ന് അറിയപ്പെടുന്ന മുഹമ്മദ് യാസിൻ, അനസുള്ള ഖാൻ എന്നീ ഭീകരവാദി നേതാക്കൾ പുതിയതായി റിക്രൂട്ട് ചെയ്യുന്നവർക്ക് ആയുധ പരിശീലനം നൽകുന്നവരായി പ്രവർത്തിക്കുമെന്നാണ് വിവരം. ലഷ്‌കറിന്റെ പുതിയ ചാവേർ ഗ്രൂപ്പുകൾക്കുള്ള പരിശീലനവും ഇവിടെയായിരിക്കുമെന്നാണ് സൂചന.
ലഷ്‌കറിന്റെ കേന്ദ്രത്തിന് നാല് കിലോമീറ്ററിനുള്ളിൽ തന്നെ ഹിസ്ബുൾ മുജാഹിദീന്റെ ഭീകരവാദ കേന്ദ്രവുമുണ്ട്. മറ്റൊരു ഭീകരവാദ സംഘടനയായ ജയ്‌ഷെ മുഹമ്മദും പ്രദേശത്ത് സ്വന്തം താവളം സജ്ജമാക്കാനുള്ള ശ്രമത്തിലാണെന്നാണ് റിപ്പോർട്ട്.