ന്യൂഡൽഹി: ഇസ്രയേൽ ജനതയ്ക്ക് ജൂത പുതു വർഷ ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുറിപ്പ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും ഇസ്രയേലി ജനതയ്ക്കുമാണ് എക്‌സിലൂടെ മോദി പുതുവത്സരാശംസ നേർന്നത്. ഇംഗ്ലീഷിലും ഹീബ്രു ഭാഷയിലുമായിരുന്നു ആശംസ. കുറിപ്പിൽ നെതന്യാഹുവിനെ പ്രിയ സുഹൃത്തെന്ന് വിശേഷിപ്പിച്ചാണ് എക്‌സിലെ ആശംസ. കൂടാതെ ഈ വർഷം സമാധാനവും പ്രതീക്ഷയും ആരോഗ്യവുമുള്ളതാകട്ടെയെന്നും മോദി ആശംസിച്ചു.
മോദിയുടെ ആശംസ ഇങ്ങനെ-
‘പുതുവർഷാശംസകൾ. എന്റെ സുഹൃത്ത് പ്രധാനമന്ത്രി നെതന്യാഹുവിനും ഇസ്രയേൽ ജനതയ്ക്കും ലോകത്തിലെ മുഴുവൻ ജൂത സമൂഹത്തിനും ഞാൻ ആശംസ അറിയിക്കുന്നു. ഈ വർഷം സമാധാനവും പ്രതീക്ഷയും ആരോഗ്യവുമുള്ളതാകട്ടെ’.
ഇതിനിടെയും ഹമാസിനെ ഇല്ലാതാക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ച് പറഞ്ഞു. ലക്ഷ്യം നേടുമെന്നും ബന്ദികളെ മോചിപ്പിച്ച് തിരികെയെത്തിക്കും, ഗാസ ഇസ്രായേലിന് ഭീഷണിയാകില്ലെന്ന് ഉറപ്പാക്കുമെന്നും നെതന്യാഹു പറഞ്ഞു. ഇസ്രയേൽ പ്രതിരോധ സേനയെ (ഐഡിഎഫ്) അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്രയേൽ ശത്രുക്കളെ കീഴടക്കുന്ന പോരാട്ടത്തിലാണ്. ഇറാനിയൻ അച്ചുതണ്ടിനെ നശിപ്പിക്കണമെന്നും അതിന് ഇസ്രായേലിന് കരുത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.