ബംഗളൂരു: കർണാടകയിലെ വിജയപുര ജില്ലയിൽ മാനേജരേയും മറ്റ് ജീവനക്കാരെയും കെട്ടിയിട്ട് ബാങ്കിൽ നിന്ന് എട്ടുകോടി രൂപയും 50 കിലോ സ്വർണവും കൊള്ളയടിച്ച സംഘം സഞ്ചരിച്ച കാർ മഹാരാഷ്ട്രയിലെ സോലാപ്പുരിൽ നിന്നും കണ്ടെത്തി. ആട്ടിൻകൂട്ടത്തെ ഇടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ മോഷ്ടാക്കൾ കാറും സ്വർണത്തിൽ ഒരു പങ്കും ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിയോടെ, ബാങ്ക് അടയ്ക്കുന്ന സമയത്താണ് മുഖംമൂടി ധരിച്ച സംഘം തോക്കും വടിവാളും ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ബാങ്കിലേക്ക് അതിക്രമിച്ചു കയറിയത്. തുടർന്ന്, ബാങ്ക് മാനേജരെയും മറ്റ് ജീവനക്കാരെയും ബന്ധികളാക്കിയ ശേഷമായിരുന്നു കവർച്ച. ബാങ്കിൽ സൂക്ഷിച്ചിരുന്ന എട്ട് കോടി രൂപയും 50 കിലോ സ്വർണവും സംഘം കൈക്കലാക്കി.കൊള്ളയ്ക്ക് ശേഷം രക്ഷപ്പെട്ട സംഘത്തിനായുള്ള അന്വേഷണം കർണാടക-മഹാരാഷ്ട്ര അതിർത്തിയിലേക്ക് വ്യാപിപ്പിച്ചിരുന്നു. ഇതിനിടയിലാണ് സോലാപ്പുരിൽ വെച്ച് മോഷ്ടാക്കൾ സഞ്ചരിച്ച കാർ ഒരു ആട്ടിൻകൂട്ടത്തെ ഇടിച്ചത്.
ഇതേത്തുടർന്ന് നാട്ടുകാരുമായി ചെറിയ തർക്കമുണ്ടായതോടെ, സംഘം കാറും കൊള്ളയടിച്ച സ്വർണത്തിന്റെ ഒരു ഭാഗവും ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഇവർ അധികം ദൂരം പോകാൻ സാധ്യതയില്ലെന്ന നിഗമനത്തിൽ സോലാപ്പുർ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കർണാടക പോലീസിന്റെ ഒരു പ്രത്യേക സംഘം സോലാപ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്.