കോഴിക്കോട് : താമരശ്ശേരി ചുരത്തില്‍ വലിയ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. ഗതാഗത തടസ്സം പരിഹരിക്കാനും പ്രശ്‌നം ഒഴിയാനും ഫയര്‍ ഫോഴ്സും സന്നദ്ധപ്രവര്‍ത്തകരും സ്ഥലത്തെത്തി മണ്ണ് നീക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. വലിയ അപകടസാധ്യതയില്‍ വാഹനങ്ങള്‍ ഒരു കാരണവശാലും ചുരം കയറരുതെന്ന് പൊലീസ് അറിയിച്ചു.
ലക്കിടി കവാടത്തിന്റെ തൊട്ടടുത്താണ് അപകടമുണ്ടായത്. വ്യൂ പോയിന്റിന് സമീപം മലയ്ക്ക് മുകളില്‍ നിന്നും പാറയും മണ്ണും ഇടിഞ്ഞുവീണെന്നാണ് നാട്ടുകാരായ ദൃക്സാക്ഷികള്‍ പറഞ്ഞത്. ചുരത്തില്‍ വീണ്ടും മണ്ണിടിയുന്ന സാഹചര്യത്തില്‍ ചുരത്തിന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ടി സിദ്ദിഖ് എംഎല്‍എ വ്യക്തമാക്കി. ചുരത്തിലുണ്ടായത് വളരെ വലിയ മണ്ണിടിച്ചിലാണെന്നും പാറകള്‍ ഉള്‍പ്പെടെ നിലംപൊത്തിയെന്നും നാട്ടുകാര്‍ വ്യക്തമാക്കി. വളരെ മുകളില്‍ നിന്നാണ് മരങ്ങളും കൂറ്റന്‍ പാറകളും താഴേക്ക് പതിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
സന്നദ്ധപ്രവര്‍ത്തകര്‍, നാട്ടുകാര്‍, ജില്ലാ കളക്ടര്‍, എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, എഡിഎം എന്നിവരുള്‍പ്പെടെ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ജെസിബികള്‍ ഉപയോഗിച്ച് പരമാവധി മരങ്ങളും മണ്ണും പാറകളും നീക്കുമെന്നും മറ്റ് യന്ത്രങ്ങള്‍ എത്തിക്കുന്നത് ഉള്‍പ്പെടെ പിന്നീട് തീരുമാനിക്കുമെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ ട്വന്റിഫോറിനോട് പറഞ്ഞു.
ഗതാഗതം ഇന്ന് പൂര്‍ണമായി പുനസ്ഥാപിക്കാന്‍ സാധ്യതയില്ല. കുടുങ്ങിയ വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള വഴിയൊരുക്കാന്‍ മാത്രമുള്ള പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടന്നുവരുന്നത്. ചുരം താത്ക്കാലികമായി അടച്ചിട്ട് പാറകള്‍ പൂര്‍ണമായി പൊട്ടിച്ച് നീക്കുന്ന കാര്യത്തില്‍ ഉള്‍പ്പെടെ നാളെ മാത്രമേ തീരുമാനമുണ്ടാകൂ.