മുംബൈ: പന്ത്രണ്ട് വയസുകാരിയായ ബംഗ്ലാദേശി പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. മൂന്നുമാസത്തിനിടയിൽ 220 ലേറെ പേരാണ് കുട്ടിയെ പീഡിപ്പിച്ചത്. മുംബൈയ്ക്കടുത്ത് വസിയിലാണ് സംഭവം. കുട്ടി ഇപ്പോൾ ചൈൽഡ് ലൈനിന്റെ സംരക്ഷണത്തിലാണ്. ബംഗ്ലാദേശികൾ അടങ്ങിയ സംഘത്തിന്റെ പിടിയിലായിരുന്നു കുട്ടി. ബംഗ്ലാദേശ് സ്വദേശികളായ ഇവരുടെ കൈയിൽ പാസ്പോർട്ടും ആധാറും ഉൾപ്പെടെയുള്ള രേഖകൾ ഉണ്ടായിരുന്നു.
ബംഗ്ലാദേശിൽ നിന്ന് പെൺകുട്ടി മൂന്ന് മാസങ്ങൾക്ക് മുൻപാണ് ഇന്ത്യയിലെത്തിയതെന്നാണ് വിവരം. കുട്ടി പരീക്ഷയിൽ ചില വിഷയങ്ങൾക്ക് പരാജയപ്പെട്ടതോടെ വീട്ടുകാർ ശിക്ഷിക്കുമെന്ന ഭയത്താൽ പരിചയക്കാരിയായ ഒരു സ്ത്രീയ്ക്കടുത്ത് അഭയം തേടുകയായിരുന്നു. ഇവർ കുട്ടിയെ രഹസ്യമായി ഇന്ത്യയിലേക്ക് കടത്തുകയും വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയുമായിരുന്നു.
സംഭവത്തിൽ ഇതുവരെ 10 പേരാണ് അറസ്റ്റിലായിരിക്കുന്നത്. എക്സോഡസ് റോഡ് ഇന്ത്യ ഫൗണ്ടേഷൻ, ഹാർമണി ഫൗണ്ടേഷൻ എന്നീ എൻജിഒകളുടെ സഹായത്തോടെ മീര-ഭായന്ദർ വസായ്-വിരാർ (എംബിവിവി) പൊലീസിന്റെ മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റാണ് പെൺകുട്ടിയെ ചൈൽഡ് ലൈൻ കേന്ദ്രത്തിലേക്ക് മാറ്റിയത്. കൂടുതൽ പേർ ഈ റാക്കറ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും റാക്കറ്റിന്റെ എല്ലാ കണ്ണികളേയും
ജയിലിലടയ്ക്കുമെന്നും പൊലീസ് കമ്മീഷണർ നികേത് കൗശിക് വ്യക്തമാക്കി.