തൃശൂർ: സുരേഷ് ഗോപിക്കെതിരെ പരോക്ഷ പരിഹാസവുമായി ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസന അധിപൻ മാർ യൂഹാനോൻ മിലിത്തിയോസ്. ദില്ലിയിലേക്ക് അയച്ച നടനെ കാണാനില്ലെന്നും പൊലീസിൽ അറിയിക്കണോയെന്നാണ് ആശങ്കയെന്ന് പറഞ്ഞുകൊണ്ട് മാർ യൂഹാനോൻ മിലിത്തോസ് ഫേസ്ബുക്കിലിട്ട പോസ്റ്റിലൂടെയാണ് സുരേഷ് ഗോപിക്കെതിരെ പരോക്ഷ വിമർശനം നടത്തിയത്.
“ഞങ്ങൾ തൃശ്ശൂരുകാർ തെരഞ്ഞെടുത്ത് ഡൽഹിയിലെക്കയച്ച ഒരു നടനെ കാണാനില്ല , പൊലീസിൽ അറിയിക്കണമോ എന്ന ആശങ്ക !” എന്നാണ് തൃശ്ശൂർ ഭദ്രാസന അധിപൻ മാർ യൂഹാനോൻ മിലിത്തിയോസിൻറെ ഫേസ്ബുക്ക് പോസ്റ്റ്.
മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിക്കപ്പെട്ട് ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിലും അതിനുശേഷം ഒഡീഷയിലും ബിഹാറിലുമടക്കം കന്യാസ്ത്രീകൾക്കും വൈദികർക്കുനേരെ അതിക്രമം ഉണ്ടായ സംഭവങ്ങളിലുമടക്കം കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രതികരിച്ചിരുന്നില്ല.
ഇതിൻറെ കൂടി പശ്ചാത്തലത്തിലാണ് സുരേഷ് ഗോപിയെ വിമർശിച്ചുകൊണ്ട് ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻറെ പരിഹാസ ഫേസ്ബുക്ക് പോസ്റ്റ്. ജാമ്യം ലഭിച്ച് കന്യാസ്ത്രീകൾ പുറത്തിറങ്ങിയശേഷവും സുരേഷ് ഗോപി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. കന്യാസ്ത്രീകൾക്ക് അനുകൂലമായി ബിജെപിയുടെ കേരള നേതൃത്വമടക്കം രംഗത്തെത്തിയിരുന്നു. ബിജെപിയുടെ കേരള പ്രതിനിധികളായ അനൂപ് ആൻറണിയടക്കമുള്ളവർ ഛത്തീസ്ഗഡിലേക്ക് പോവുകയും ചെയ്തിരുന്നു.