കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ 5ജി ടെലികോം ഓപ്പറേറ്റാണ് റിലയൻസ് ജിയോയെന്നും വരുംകാലങ്ങളിൽ മികച്ച വളർച്ചയാകും കമ്പനി രേഖപ്പെടുത്തുകയെന്നും ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങൾ. പ്രതിഉപഭോക്താവിന്മേലുള്ള ശരാശരി വരുമാനനിരക്കിൽ (എആർപിയു) മിതമായ വർധനയാണുണ്ടായതെങ്കിലും ജിയോയുടെ ആദ്യപാദഫലത്തിൽ വരിക്കാരുടെ എണ്ണവും 5ജി ഉപയോക്താക്കളുടെ എണ്ണവും കാര്യമായി വർധിച്ചെന്ന് പ്രമുഖ അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ പ്രതീക്ഷിച്ച വരുമാന വളർച്ചയേക്കാൾ കൂടുതലാണ് ഏപ്രിൽ- ജൂൺ മാസത്തിലെ വരുമാനം. താരിഫ് നിരക്ക് വർധനയ്ക്ക് ശേഷവും മില്യൺ കണക്കിന് പേരാണ് വരിക്കാരായി എത്തിയത്. 5ജി ഉപയോക്താക്കളുടെ എണ്ണം 210 മില്യൺ കവിഞ്ഞു. എആർപിയു വരുമാനത്തിലെ വളർച്ചയ്ക്കപ്പുറം മികച്ച സബ്‌സ്‌ക്രൈബർ നിരക്കും EBITDA വർധനയുമെല്ലാം വരും മാസങ്ങളിൽ ജിയോയ്ക്ക് വലിയ നേട്ടം നൽകുമെന്ന് പ്രമുഖ അനലിസ്റ്റുകളായ യുബിഎസ് വിലയിരുത്തുന്നു.
ഡാറ്റ ട്രാഫിക്കിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ, 5ജി മേഖലയിൽ ജിയോ ലോകത്തിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററാണ്. ജിയോയുടെ പാദഫലങ്ങൾ മികച്ചതാണെന്നും ഉപയോക്താക്കളെ ചേർക്കുന്ന കാര്യത്തിലും ലാഭത്തിലും കമ്പനി മികവ് പുലർത്തുന്നുവെന്നും യുബിഎസ് പറയുന്നു.
അതേസമയം വരുമാന വളർച്ച പ്രതീക്ഷിച്ചതിലും എആർപിയു വരുമാനവളർച്ചയിൽ നേരിയ വർധനവാണുണ്ടായതെന്നും സമീപകാലത്തുവന്ന താരിഫ് വർധനയുടെ ഫലങ്ങൾ വരും മാസങ്ങളിൽ ദൃശ്യമാകുമെന്നും ജെപി മോർഗൻ പറയുന്നു. എആർപിയു പ്രതീക്ഷിച്ചതിലും കുറവായിരുന്നുവെങ്കിലും ഉപയോക്തൃ വളർച്ചയും പ്രോഫിറ്റ് മാർജിനും പോസിറ്റിവാണെന്ന് ജെഫറീസ് ചൂണ്ടിക്കാട്ടുന്നു.
ജിയോ ഉൾപ്പടെയുള്ള ടെലികോം, ഡിജിറ്റൽ ബിസിനസുകളുടെ മാതൃകമ്പനിയായ ജിയോ പ്ലാറ്റ്‌ഫോംസ് ആദ്യപാദത്തിൽ റിപ്പോർട്ട് ചെയ്തത് 7110 കോടി രൂപയുടെ അറ്റാദായമാണ്. മുൻവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 25 ശതമാനമാണ് വർധന. കമ്പനിയുടെ ടെലികോം യൂണിറ്റായ റിലയൻസ് ജിയോ ഇൻഫോകോം 23.2 ശതമാനം വർധനയോടെ അറ്റാദായം 6711 കോടി രൂപയിലേക്ക് എത്തിച്ചു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനത്തിൽ 16.6 ശതമാനം വർധനയാണുണ്ടായത്.