കൂടെയുള്ളവരെ പോലും നിഷ്പ്രഭമാക്കുന്ന വാക്ക് വിഎസ്… ഏതു ഉന്നതൻ വന്നു തലകുത്തി നിന്നാലും വിഎസ് എന്ന രണ്ടക്ഷരത്തെ കണ്ടാൽ അണികൾക്കിടയിൽ ആവേശം അലതല്ലും… പിന്നെ അവർ അലറി വിളിക്കും കണ്ണേ… കരളേ… വിഎസ്സേ… അതായിരുന്നു വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വിഎസ് അച്യുതാനന്ദൻ.
ഏറ്റവും ജനകീയനായ മുഖ്യമന്ത്രി, കാലത്തെ അതിജീവിച്ച കമ്യൂണിസ്റ്റ് വിപ്ലവകാരി, പ്രായം തോൽപിക്കാത്ത മുന്നണി പോരാളി, പുന്നപ്ര സമരസഖാവ്… ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിശേഷണങ്ങൾക്കധിപനായിരുന്നു വിഎസ്. പക്ഷെ ഈ വിശേഷണങ്ങൾക്കൊക്കെ അദ്ദേഹത്തിന്റെ ജീവിതത്തോഴം പഴക്കമുണ്ട്. 1940 ൽ, തന്റെ പതിനേഴാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ അംഗമായി തുടങ്ങി സമരനായകനിലേക്കു വളർന്ന വിഎസിന്റെ ജീവിതചിത്രം പാർട്ടിക്കകത്തും പുറത്തും ആരോഹണ അവരോഹണങ്ങളുടെ ചരിത്രമാണ്. കൂടെ കൂട്ടിയവർ തന്നെ തള്ളിപ്പറഞ്ഞും ഒറ്റപ്പെടുത്തിയും മാറ്റി നിർത്താൻ നോക്കിയിട്ടും ഒരടി പോലും ഇളക്കാനാകാത്ത വക്തിപ്രഭാവമായിരുന്നു വിഎസ്സിന്റേത്.
പാർട്ടിയുടെ പ്രഖ്യാപിത നയങ്ങൾക്കെതിരെ തന്റെ തീരുമാനങ്ങൾക്കൊണ്ട് പോരാടിയ വിഎസ് അതിനായി നിലകൊണ്ടപ്പോൾ പാർട്ടിയിൽനിന്നു പലവട്ടം ശാസനകൾ ഏറ്റുവാങ്ങിയിട്ടുണ്ട് വി.എസ്. അച്യുതാനന്ദൻ. വിഎസ് ജയിച്ചാൽ പാർട്ടി തോൽക്കുകയും പാർട്ടി ജയിച്ചാൽ വിഎസ് തോൽക്കുകയും ചെയ്യും എന്ന് കളിയാക്കി പറഞ്ഞവരിൽ സ്വന്തം പാർട്ടിക്കാരുമുണ്ട്. അതിനെ മറികടന്ന് ഒരൊറ്റത്തവണ മാത്രമാണ് വിഎസിന് മുഖ്യമന്ത്രിക്കസേരയിലിരിക്കാൻ കഴിഞ്ഞത്. മാരാരിക്കുളത്ത് പാർട്ടിയുടെ ഉരുക്കുകോട്ടയിൽത്തന്നെ ജനപ്രിയ നേതാവിനു തോൽവി പിണഞ്ഞപ്പോൾ അതിനു ചുക്കാൻ പിടിച്ചതു സ്വന്തം പാർട്ടിതന്നെയായിരുന്നുവെന്നതു പാർട്ടിക്കുള്ളിലെ വിഭാഗീയതയുടെ നേർച്ചിത്രമാണ്.
മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിട്ട് സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ വിഎസ്
മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിട്ട് ഇഎംഎസിന് ഒപ്പം ചേർന്ന് എംവി രാഘവനെ പുറത്താക്കി പാർട്ടിയിൽ നിയന്ത്രണം ഉന്നമിട്ട് വിഎസും കൂട്ടരും നടത്തിയ നീക്കം അമ്പേ പാളിപ്പോയ ഒരു ചരിത്രവും വിഎസിന്റെ കണക്കു പുസ്തകത്തിലുണ്ട്. ഇതിനായി മൂന്നു തവണ സംസ്ഥാന സെക്രട്ടറിയായിരുന്ന മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിട്ട് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് വിഎസ് നാലു വർഷം മാത്രം പ്രായമായ മന്ത്രിസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിട്ടു. എന്നാൽ എന്നാൽ അവിടെ പാർട്ടി തോറ്റതോടെ ആ മോഹം അവസാനിച്ചു. ഇതോടെ 1991 ൽ കോഴിക്കോട്ടു നടന്ന സംസ്ഥാന സമ്മേളനത്തിൽ, ഒരുവട്ടം കൂടി സെക്രട്ടറി ആകാനുള്ള ആഗ്രഹവുമായി അച്യുതാനന്ദൻ എത്തി. എന്നാൽ അച്യുതാനന്ദനെ 4 വോട്ടിനു തോൽപ്പിച്ച് നായനാർ സെക്രട്ടറിയായി. അവിടെ നിന്നായിരുന്നു കേരളം ഏറ്റവുംകൂടുതൽ ചർച്ച ചെയ്ത സിപിഎമ്മിലെ വിഭാഗീയതയുടെ തുടക്കം.
അതേസമയം 1995 ലെ കൊല്ലം സമ്മേളനത്തിൽ ഔദ്യോഗിക പക്ഷത്തിനെതിരെ ശക്തമായ ആയുധങ്ങളാണ് വിഎസ് പ്രയോഗിച്ചത്.1996 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മാരാരിക്കുളം മണ്ഡലത്തിൽ മത്സരിച്ച വിഎസ് പരാജയപ്പെട്ടു. സ്വന്തം ജില്ലയിൽ, പാർട്ടിയുടെ ഉരുക്കു കോട്ടയിൽ വിഎസ് വീണപ്പോൾ കേരളം ഞെട്ടി. പാർട്ടി ജയിച്ചപ്പോൾ വിഎസ് പരാജയപ്പെട്ടത് വിഭാഗീയതയുടെ മറ്റൊരു പോർമുഖവും കാട്ടിത്തന്നു. അന്ന് നായനാർ മുഖ്യമന്ത്രിയായി അധികാരമേറ്റു. തുടർന്നു നടന്ന 1998-ലെ പാലക്കാട് സംസ്ഥാന സമ്മേളനത്തിൽ ഔദ്യോഗിക പക്ഷത്തിനെതിരെ വിഎസ് രംഗത്തിറക്കിയത് വിഎസിന്റെ തുറുപ്പുചീട്ടായ പിണറായി വിജയനെയായിരുന്നു. അന്ന് നായനാർ മന്ത്രിസഭയിൽ വൈദ്യുതി- സഹകരണ വകുപ്പുകളുടെ മന്ത്രിയായിരുന്നു പിണറായി.
വിഎസ് ഇറക്കിയ തുറുപ്പ് ചീട്ട് വിഎസിന്റെ തന്നെ ചീട്ട് കീറി
പാർട്ടി പിടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വിഎസിന്റെ നോമിനിയായി പിണറായിയെ കളത്തിലിറക്കിയത്. അതോടെ പിണറായി വിജയൻ ആദ്യമായി സിപിഎം സംസ്ഥാന സെക്രട്ടറിയായി. എന്നാൽ പിന്നീട് കേരളം കണ്ടത് കളം മാറ്റി കളിച്ച പിണറായിയെയാണ്. സംസ്ഥാന സെക്രട്ടറി ആയതോടെ പിണറായി കൊൽക്കത്ത പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും അംഗമായി. ഇതോടെ പാർട്ടിക്കകത്ത് വിഎസ് വിരുദ്ധ പിണറായി ഗ്രൂപ്പ് ഉദയവും കേരളം കണ്ടു. പിന്നീടങ്ങോട്ട് വിഎസ് പക്ഷം– പിണറായി പക്ഷം എന്നിങ്ങനെ രണ്ടു ചേരിയായി സിപിഎം.
ഇതോടെ 2004 ൽ മലപ്പുറത്ത് നടന്ന സമ്മേളനത്തിൽ പൊതുചർച്ചയിൽ പങ്കെടുത്തുകൊണ്ട് നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് വിഎസ് നടത്തിയത്. ശക്തമായ വിഭാഗീയതയുടെ പേരിൽ 2007 മേയ് 26 ന് താൽക്കാലികമായി പൊളിറ്റ്ബ്യൂറോയിൽ നിന്ന് വിഎസിനെ പുറത്താക്കി. പിന്നീട് പൊളിറ്റ്ബ്യൂറോയിലേക്ക് തിരിച്ചെത്തിയെങ്കിലും 2009 പൊളിറ്റ് ബ്യൂറോയിൽ നിന്ന് വിഎസിനെ പൂർണമായും ഒഴിവാക്കുകയായിരുന്നു. 2006 ൽ നടന്ന തിരഞ്ഞെടുപ്പിൽ വിഎസിനെ മത്സരിപ്പിക്കാതിരിക്കാൻ പാർട്ടിക്കുള്ളിൽനിന്നു തന്നെ ശ്രമങ്ങൾ ഉണ്ടായിരുന്നെങ്കിലും ജനവികാരം മാനിച്ച് മലമ്പുഴയിൽനിന്ന് മത്സരിപ്പിക്കുകയായിരുന്നു.
2001–2006 കാലഘട്ടത്തിൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെയ്ത ജനക്ഷേമ പ്രവർത്തനങ്ങളായിരുന്നു ഇതിന് വളമിട്ടത്. ജയിച്ച വിഎസ് മുഖ്യമന്ത്രിയായി. അതോടെ ചേരിതിരിവും മൽസരവും കനത്തു. 200 ൽ നവകേരള മാർച്ചിന്റെ സമാപനത്തിൽ, വ്യക്തിയല്ല പാർട്ടിയാണ് വലുതെന്നു പറയാൻ പിണറായി ബക്കറ്റിലെ കടൽവെള്ളമെന്ന പ്രയോഗം നടത്തിയതു വിഭാഗീയതയുടെ മൂർച്ച കൂട്ടി.
അതേസമയം തനിക്കെതിരെ ഉയർന്ന വെല്ലുവിളികളെ ജനസ്വാധീനം കൊണ്ട് മറികടന്ന വിഎസിലൂടെ പിന്നീടു കേരളത്തിനു ലഭിച്ചത് ജനകീയനായ ഒരു മുഖ്യമന്ത്രിയെന്ന സ്ഥാനമാണ്. 2011 ലും 2016 ലും വിഎസിനു സീറ്റു നിഷേധിക്കാൻ പാർട്ടിയുടെ പല കോണുകളിൽ നിന്നും ശ്രമങ്ങൾ ഉണ്ടായിരുന്നെങ്കിലും വിഎസ് എന്ന ജനകീയ നേതാവിനെ അപ്പോഴേക്കും മലമ്പുഴ കൂടെക്കൂട്ടിയിരുന്നു.
അതുപോലെ തനിക്കു സ്വീകാര്യമല്ലാത്ത നിലപാടുകളെ നഖശിഖാന്തം എതിർത്തും തനിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത തീരുമാനങ്ങളെ, അത് പാർട്ടിക്കുള്ളിൽ നിന്നാണെങ്കിൽപോലും പരസ്യമായി വെല്ലുവിളിക്കുകയും അതിന്റെ പേരിൽ ശാസനകൽ ഏറ്റുവാങ്ങുകയും പുറത്താക്കലുകൾ നേരിട്ടുമായിരുന്നു വിഎസ് തന്റെ രാഷ്ട്രീയ ജീവിതം മുന്നോട്ടു കൊണ്ടുപോയത്. ഇതിനു ഉത്തമ ഉദാഹരണങ്ങളാണ് ടി.പി. വധക്കേസിൽ പാർട്ടിക്കെതിരെ സ്വീകരിച്ച പരസ്യ നിലപാടിലും ടിപി സെൻകുമാറിനൊപ്പം നിലയുറപ്പിച്ചതിലും പാർട്ടി വിലക്കിയിട്ടും ബർലിൻ കുഞ്ഞനന്തനെ സന്ദർശിച്ചതുമെല്ലാം.
അതുപോലെ മൂന്നാറിലും ഇടമലയാറലും വിഎസ് എടുത്ത നിലപാടുകൾ കേരളത്തിന് എന്നും ഒരു പാഠം തന്നെയാണ്. നിലപാടുകൾക്കും അഭിപ്രായങ്ങൾക്കും ഒരിക്കലും ആരെയും കൂട്ടുപിടിക്കാൻ വിഎസ് ശ്രമിച്ചിരുന്നില്ല.അങ്ങനെ സ്വന്തമായ തീരുമാനങ്ങളും സ്വയം വെട്ടിയ വഴികളിലൂടെ അണികളെ നയിച്ച വിപ്ലവകാരിയെ നെഞ്ചിലേറ്റിയ കേരളക്കരയുടെ വിപ്ലവം ഗാനം തന്നെയായിരുന്നു കണ്ണേ കരളേ വിഎസ്സേ…
വിഎസിന്റെ ഓർമ്മയില്‍ കേരള ഹൗസിലെ 204 നമ്പർ മുറി; ഇഷ്ട മുറിക്കായി കലഹിച്ച കഥ
‘തോല്‍വിയിലും ജയിക്കുന്ന, എപ്പോഴും പ്രതിപക്ഷ സ്വരമുള്ള ഒറ്റയാന്‍’: വിഎസിനെ അനുസ്മരിച്ച് വി ഡി സതീശൻ