ദുബായ്: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മണിക്കൂറുകൾ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയ തന്റെ ജീവൻ രക്ഷിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ഇന്ത്യൻ സർക്കാരിനോട്, പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വൈകാരികമായി അഭ്യർഥിച്ചു.
അതിവേഗം ഇടപെടാൻ ഇന്ത്യൻ സർക്കാരിനോട് നിമിഷ അഭ്യർഥിക്കുകയാണെന്നും അങ്ങനെ സംഭവിച്ചാൽ താൻ രക്ഷിക്കപ്പെടുമെന്ന് അവർക്ക് പ്രതീക്ഷയുണ്ടെന്നും സേവ് നിമിഷ പ്രിയ ഇന്റർനാഷനൽ ആക്ഷൻ കൗൺസിൽ പ്രവർത്തകൻ ബാബു ജോൺ പറഞ്ഞു. നിമിഷയുടെ വ്യക്തിപരമായ വികാരങ്ങൾ പരസ്യമായി പുറത്തുവരുന്നത് അപൂർവമാണ്. ഇത് അവരെ രക്ഷിക്കാനുള്ള ശ്രമങ്ങളിൽ അവസാന നിമിഷമാണ്. ബാബു ജോൺ കൂട്ടിച്ചേർത്തു.
അതേസമയം ഈ മാസം 16നാണ് നിമിഷയുടെ വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തിൽ നിന്ന് മാപ്പ് ലഭിക്കുക എന്നതാണ് ഇനി നിമിഷയ്ക്ക് മുന്നിലുള്ള ഏക വഴി. യെമനി ശരീഅത്ത് നിയമപ്രകാരം സാധുവായ ‘ബ്ലഡ് മണി’ (ദയാധനം) ആയി 10 ലക്ഷം ഡോളർ (ഏകദേശം 8.6 കോടി രൂപ) നൽകാമെന്ന് നിമിഷയുടെ കുടുംബം വാഗ്ദാനം ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടയാളുടെ കുടുംബം ഈ വാഗ്ദാനം ഇതുവരെ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്തിട്ടില്ല.
അതേപോലെ സമയം അതിക്രമിക്കുകയാണ്. നിമിഷയുടെ കുടുംബത്തിനുവേണ്ടിയുള്ള പവർ ഓഫ് അറ്റോർണി ഹോൾഡറായ സാമുവൽ ജെറോം നിലവിൽ സനായിലുണ്ട്. ഞങ്ങളുടെ ഭാഗത്തുനിന്ന് അദ്ദേഹം ചർച്ചകൾക്ക് നേതൃത്വം നൽകുന്നുണ്ടെന്നും ബാബു ജോൺ പറഞ്ഞു. ചർച്ചകൾക്ക് മാസങ്ങളെടുത്തു. നിമിഷപ്രിയയെ രക്ഷിക്കാൻ 10 ലക്ഷം ഡോളറാണ് ഞങ്ങൾ വാഗ്ദാനം ചെയ്തത്. യെമനി കുടുംബം സമ്മതം അറിയിച്ചിട്ടില്ല, നിരസിച്ചിട്ടുമില്ല. കുടുംബം സമ്മതം അറിയിച്ചാൽ ഞങ്ങൾ ഉടൻ ഫണ്ട് സ്വരൂപിക്കുമെന്നും ബാബു ജോൺ പറഞ്ഞു.