ഹൈദരാബാദ്: സുഹൃത്തുക്കളായ രണ്ട് യുവതികളെ പ്രണയിച്ച യുവാവിന്റെ കള്ളിവെളിച്ചത്തായതോടെ ആക്രമണം. ഇരുവരും ഒരേസമയം ഇയാളെ ചോദ്യം ചെയ്യാനെത്തിയപ്പോഴാണ് ആക്രമണമഴിച്ചുവിട്ടത്. യുവതികൾക്കും കൂടെയുണ്ടായിരുന്ന രണ്ട് പേർക്കും പരിക്കേറ്റു. ഹൈദരാബാദിലാണ് സംഭവം.
കുക്കാട്ട്പള്ളിയിലാണ് സംഭവം നടന്നത്. ശ്രീനിവാസ് എന്ന യുവാവാണ് യുവതികളെ ആക്രമിച്ചത്. അടുത്ത കാലം വരെ രണ്ട് സ്ത്രീകളുമായും ബന്ധം പുലർത്തിയിരുന്നു. എന്നാൽ സ്ത്രീകൾ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇതിലൊരാളുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ഒരുങ്ങിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തൻറെ ബ്രേക്ക് അപ്പിനെപ്പറ്റി യുവതി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് ശ്രീനിവാസ് തന്നെയാണ് തൻറെയും കാമുകനെന്ന് യുവതി തിരിച്ചറിഞ്ഞത്. തങ്ങളെ രണ്ട് പേരെയും ഒരുമിച്ച് പ്രണയിക്കുന്നത് ഒരാൾ തന്നെയാണെന്നറിഞ്ഞപ്പോൾ അവർ ഒരുമിച്ച് ശ്രീനിവാസിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചു. മറ്റൊരു സുഹൃത്തിനെയും ബന്ധുവിനെയും കൂടെക്കൂട്ടിയാണ് യുവതികൾ ശ്രീനിവാസിൻറെയടുത്ത് പോയത്. സംഭവം പുറത്തായതോടെ ഇയാൾ ആക്രമാസക്തനായി. യുവതികളെയും കൂടെ വന്നവരെയും ആക്രമിച്ചു. ബന്ധുവിന്റെ കൈ ഒടിച്ചു. ഒരു കൂട്ടുകാരനെ ബൈക്ക് താക്കോൽ കൊണ്ട് കുത്തി.
പരിക്കേറ്റ ഇരുവരും ഇപ്പോൾ ചികിത്സയിലാണ്. ശ്രീനിവാസിനും പരിക്കേറ്റു. ഇയാളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച ഡോക്ടറുടെ റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണ് പൊലീസ്. ശ്രീനിവാസിനെതിരെ പോലീസ് ഇതിനകം കേസ് രജിസ്റ്റർ ചെയ്യുകയും നോട്ടീസ് നൽകുകയും ചെയ്തു.