ഝാൻസി: കഴിഞ്ഞ ശനിയാഴ്ച ഝാൻസി റെയിൽവേ പ്ലാറ്റ്‌ഫോമിൽ സാക്ഷ്യം വഹിച്ചത് അത്യന്തം നാടകീയമായ പ്രസവത്തിന്. അത്ഭുതകരമായ ഒരു പ്രസവമാണ് അന്നു ആ റെയിൽവേ സ്റ്റേഷനിൽ നടന്നത്. ഒരു ഹെയർ ക്ലിപ്പും പോക്കറ്റ് കത്തിയും ശസ്ത്രക്രിയ ഉപകരണങ്ങളാക്കി മാറ്റി ഒരു യുവ സൈനിക ഡോക്ടറാണ് ഇതിന് നേതൃത്വം നൽകിയത്. വളരെ ചുരുങ്ങിയ സൗകര്യങ്ങൾ ഉപയോഗിച്ച് നടത്തിയ ഒന്നു പ്രസവം. നിമിഷങ്ങൾക്കകം അമ്മയും കുഞ്ഞും സുരക്ഷിതരായി ബന്ധുക്കളുടെ കൈകളിലേക്ക്.
സംഭവം ഇങ്ങനെ- പൻവേൽ- ഗോരഖ്പൂർ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന ഒരു ഗർഭിണിക്ക് പെട്ടെന്നു കടുത്ത പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഇവരെ ഝാൻസി സ്റ്റേഷനിൽ ഇറക്കുകയായിരുന്നുവെന്ന് നോർത്ത് സെൻട്രൽ റെയിൽവേയുടെ ഝാൻസി ഡിവിഷൻ പബ്ലിക് റിലേഷൻസ് ഓഫീസർ മനോജ് കുമാർ സിംഗ് പറഞ്ഞു. സംഭവത്തിന്റെ ഗുരുതരമായ അവസ്ഥ മനസിലാക്കിയ ഒരു വനിതാ ടിക്കറ്റ് പരിശോധിക്കുകയും ചെയ്തു. ഇതിനിടെ സമീപത്തുണ്ടായിരുന്ന ഒരു സൈനിക ഉദ്യോഗസ്ഥനും ഉടൻതന്നെ സഹായത്തിനെത്തി.
ആ സമയം ആർമി മെഡിക്കൽ കോർപ്സിലെ മെഡിക്കൽ ഓഫീസറായ മേജർ ഡോ. രോഹിത് ബച്‌വാല, തൻറെ ട്രെയിനിനായി കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു റെയിൽവേ ജീവനക്കാരൻ വീൽചെയറിൽ വേദനകൊണ്ട് പുളയുന്ന ഒരു സ്ത്രീയെ കൊണ്ടുവരുന്നത് അദ്ദേഹത്തിൻറെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ ഇടപെട്ട അദ്ദേഹം റെയിൽവേ ജീവനക്കാരുടെ സഹായത്തോടെ പ്ലാറ്റ്‌ഫോമിൽ വെച്ചുതന്നെ സ്ത്രീക്ക് പ്രസവമെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ശരിയായ ഒരു ഓപ്പറേഷൻ തിയേറ്ററിൻറെ സൗകര്യങ്ങളൊന്നും ഇല്ലാത്തതിനാൽ കൈവശമുള്ള ഉപകരണങ്ങളെ ആശ്രയിക്കേണ്ടി വന്നുവെന്ന് മേജർ രോഹിത് ബച്‌വാല പിടിഐയോട് പറഞ്ഞു.
ആകെയുണ്ടായിരുന്ന ഒരു ഹെയർ ക്ലിപ്പാണ് അദ്ദേഹം പൊക്കിൾക്കൊടി ക്ലാംപ് ചെയ്യാൻ ഉപയോഗിച്ചത്. പിന്നീടു കുഞ്ഞ് സുരക്ഷിതയാണെന്ന് ഉറപ്പാക്കിയ ശേഷം ഒരു പോക്കറ്റ് കത്തി ഉപയോഗിച്ച് പൊക്കിൾ കൊടി മുറിച്ചു. അമ്മയും കുഞ്ഞും അപകടകരമായ അവസ്ഥയിലായിരുന്നു. ഓരോ നിമിഷവും വിലപ്പെട്ടതായിരുന്നുവെന്നും അദ്ദേഹം പിന്നീചി പറഞ്ഞു. കടുത്ത പ്രസവവേദനയെ തുടർന്ന് ലിഫ്റ്റിന് സമീപം വെച്ച് യുവതി തളർന്നു വീണപ്പോഴാണ് താൻ ഇടപെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു നിമിഷം പോലും പാഴാക്കാൻ ഉണ്ടായിരുന്നില്ല. ഞങ്ങൾ താൽക്കാലികമായി ഒരു പ്രസവ സ്ഥലം തയ്യാറാക്കുകയും ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് അടിസ്ഥാന ശുചിത്വം ഉറപ്പാക്കുകയും ചെയ്തു. ആ നിമിഷം ഞാൻ അവിടെ ഉണ്ടായിരുന്നത് ഒരു ദൈവിക ഇടപെടലായിരുന്നുവെന്നും മേജർ രോഹിത് പറഞ്ഞു. അതേസമയം പ്രസവശേഷം റെയിൽവേ ജീവനക്കാർ ആവശ്യമായ സൗകര്യങ്ങൾ ഉടൻ ഒരുക്കി. അമ്മയെയും കുഞ്ഞിനെയും ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുരക്ഷിതരാണെന്ന് ഡോക്ടർമാർ പിന്നീട് സ്ഥിരീകരിച്ചു. ഇതിന് ശേഷം ഹൈദരാബാദിലേക്കുള്ള തൻറെ ട്രെയിനിന് തന്നെ പോകാനും മേജറിന് സാധിച്ചു.