കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട മൂന്നുവയസുകാരിയായ കല്യാണിയുടെ അമ്മ സന്ധ്യയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇവർ കുറ്റം സമ്മതിച്ചതായി ആലുവ റൂറൽ എസ്പി എം. ഹേമലത മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ കുട്ടിയുടെ അമ്മ ഇപ്പോഴും മൊഴികൾ മാറ്റിപ്പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഇവരെ കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങിയ ശേഷം കൂടുതൽ ചോദ്യംചെയ്യലിലേക്ക് കടക്കുമെന്നും എസ്പി പറഞ്ഞു.
കൊലപാതകം സമ്മതിച്ചെങ്കിലും സന്ധ്യ കുഞ്ഞിനെ കൊല്ലാനുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ല. സന്ധ്യ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്നും എന്നാൽ പൂർണമായും വിശ്വാസത്തിലെടുക്കാൻ സാധിക്കുന്ന മൊഴികൾ ലഭിച്ചിട്ടില്ല. കുട്ടിയുമായി സന്ധ്യ പാലത്തിലേക്ക് വന്നതും കുട്ടിയില്ലാതെ പോകുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. വീട്ടിലുള്ള പ്രശ്നങ്ങളെ സംബന്ധിച്ചും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കരുതിക്കൂട്ടി ചെയ്ത കൊലപാതകമാണ് എന്ന് പറയാറായിട്ടില്ല. കൂടുതൽ തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. കൃത്യം ചെയ്തതായി അമ്മ സമ്മതിച്ചിട്ടുണ്ട്, എസ്പി വ്യക്തമാക്കി.
സന്ധ്യയുടെ മെഡിക്കൽ പരിശോധനകൾ നടത്തിവരുകയാണ്, പരിശോധനയിൽ മാനസികമായ പ്രശ്‌നങ്ങൾ കണ്ടാൽ ഡോക്ടറുടെ നിർദേശപ്രകാരം കൂടുതൽ പരിശോധനകളിലേക്ക് കടക്കും. കുട്ടിയുടെ അമ്മ ഇപ്പോഴും മൊഴികൾ മാറ്റിപ്പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. അതുകൊണ്ടുതന്നെ പല കാര്യങ്ങളും ഇപ്പോഴും വ്യക്തമല്ല. കൂടുതൽ ചോദ്യംചെയ്യൽ വേണ്ടിവരും, എസ്പി പറഞ്ഞു.
അതേസമയം വീട്ടിലെ പ്രശ്‌നങ്ങളാണോ കൊലപാതകത്തിലേക്ക് നയിച്ചത്, ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതെല്ലാം സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്. കുട്ടിയുടെ ബന്ധുക്കളേയും ചോദ്യംചെയ്യും. എസ്പി പറഞ്ഞു.