മലയാള സിനിമയിലെ ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്ന പേരുപറയാതെയുള്ള വെളിപ്പെടുത്തലുമായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ഇനിയും ആ തെറ്റ് തുടർന്നു കഴിഞ്ഞാൽ വലിയ പ്രശ്നങ്ങൾക്കു കാരണമാകുമെന്നും നടന്റെ പേരെടുത്തു പറയാതെ ലിസ്റ്റിൻ പറഞ്ഞു. ദിലീപ് നായകനായെത്തുന്ന പ്രിൻസ് ആൻഡ് ഫാമിലി എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു ഒരു നടനെതിരെ ലിസ്റ്റിൻ രംഗത്തെത്തിയത്. എന്നാൽ ലിസ്റ്റിനു പേര് പറയാൻ നട്ടെല്ലുവേണമെന്നാണ് സോഷ്യൽമീഡിയയിൽ വരുന്ന കമന്റുകൾ.
ലിസ്റ്റിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു-“ഞാൻ മലയാള സിനിമയിൽ വന്നിട്ട് പതിനഞ്ച് വർഷമായി. ഇന്നും കുറേയധികം സിനിമകൾ ചെയ്തിട്ടുണ്ട്. പക്ഷേ മലയാള സിനിമയിലെ ഒരു പ്രമുഖ നടൻ വലിയ തെറ്റിലേക്ക് ഇന്ന് തിരികൊളുത്തിയിട്ടുണ്ട്. വലിയ മാലപ്പടക്കത്തിന് ഇന്ന് തിരി കൊളുത്തിയിരിക്കുകയാണ്. അത് വേണ്ടായിരുന്നു. ഞാൻ ഇത് പറയുമ്പോൾ, ആ നടൻ ഇത് കാണും.
പക്ഷേ ആ നടൻ ചെയ്തത് വലിയ തെറ്റാണ് എന്ന് ഞാൻ ഓർമിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്, ആവർത്തിക്കരുത്. കാരണം അങ്ങനെ തുടർന്നു കഴിഞ്ഞാൽ അത് പല വലിയ പ്രശ്നങ്ങൾക്കും കാരണമായി തീരും”.
അതേസമയം ലിസ്റ്റിൻ നിർമിക്കുന്ന സിനിമയുടെ ഭാഗമായിരുന്നു ഈ നടനെന്നും എന്നാൽ ചിത്രത്തിന്റെ ഷെഡ്യൂൾ തുടരുന്നതിനിടെ നടൻ മറ്റൊരു സിനിമയിൽ ജോയിൻ ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടനാണിതെന്നും സ്വന്തമായി പ്രൊഡക്ഷൻ കമ്പനി തുടങ്ങിയിരുന്നു.
പക്ഷെ തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതോടെ സാമ്പത്തിക പ്രതിസന്ധിയിൽ ആയെന്നും അതുകൊണ്ടാണ് ലിസ്റ്റിന്റെ സിനിമയിൽ നിന്ന് അവധി ചോദിച്ച് മറ്റൊരു സിനിമയിൽ ജോയിൻ ചെയ്തതെന്നും നടനുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ നടന്റെ ഭാഗത്തു നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
അതേസമയം വിഷയത്തിൽ ലിസ്റ്റിനെ വിമർശിച്ച് നിരവധി ആളുകൾ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തുന്നുണ്ട്. കൃത്യമായി കാരണം പറയാതെയുള്ള ഇത്തരം ഒളിയമ്പുകൾ ആശയക്കുഴപ്പം സൃഷ്ടിക്കാനേ ഉപകരിക്കുകയുള്ളൂവെന്നും പലരും പറയുന്നു.
കൂടാതെ ലിസ്റ്റിൻ പറഞ്ഞ നടൻ നിവിൻ പോളിയാണെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ വരുന്നുണ്ട്. ലിസ്റ്റിൻ നിർമിക്കുന്ന ബേബി ഗേൾ എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിൽ നിന്നിറങ്ങി നിവിൻ പോളി അഖിൽ സത്യന്റെ ചിത്രത്തിൽ ജോയിൻ ചെയ്തുവെന്നും ഇതാണ് ലിസ്റ്റിൻ സ്റ്റീഫന്റെ താക്കീതിന് കാരണമെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ നിറയുന്നുണ്ട്.