കൊച്ചി: കുവൈത്തിലെ താമസസ്ഥലത്ത് കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ ദമ്പതികളുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും. കണ്ണൂർ ഇരിട്ടി നടുവിൽ സൂരജ് (40), ഭാര്യ എറണാകുളം മഴുവന്നൂർ പഞ്ചായത്തിലൂള്ള മണ്ണൂരിൽ കൂഴൂർ കട്ടക്കയത്ത് വീട്ടിൽ കെ.എ.തോമസിന്റെയും അന്നമ്മയുടെയും മകൾ ബിൻസി (35) എന്നിവരെയാണ് കുവൈത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നു. കുടുംബപ്രശ്നങ്ങളാണ് വഴക്കിലേക്ക് നയിച്ചതെന്നാണ് പറയപ്പെടുന്നത്.
മൃതദേഹങ്ങൾ സൂരജിന്റെ നാടായ ഇരിട്ടിയിലേക്കാണ് കൊണ്ടുവരിക. നടപടിക്രമങ്ങൾ പൂർത്തിയാക്കി തിങ്കളാഴ്ച എത്തിക്കാൻ സാധിക്കുമെന്ന് കുടുംബ വൃത്തങ്ങൾ പറഞ്ഞു. കുവൈത്തിലുള്ള സൂരജിന്റെ സഹോദരിയുടെ ഭർത്താവാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. അന്വേഷണം പൂർത്തിയായാൽ മാത്രമേ എന്താണ് ഇവരുടെ മരണത്തിലേക്ക് നയിച്ചതെന്ന് അറിയാൻ കഴിയൂ. ഇരുവർക്കുമിടയിൽ വലിയ പ്രശ്നങ്ങളൊന്നുമില്ല എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്.
ഇരുവരും പരസ്പരം കുത്തി മരിക്കുകയായിരുന്നുവെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ട്. എന്നാൽ, ബിൻസിയെ കൊന്ന ശേഷം സൂരജ് ആത്മഹത്യ ചെയ്യാനും സാധ്യതയുണ്ടെന്നും വാർത്തകളുണ്ട്. ഭാര്യയുടെ മരണം ചില സുഹൃത്തുക്കളെ സൂരജ് ഫോണിൽ അറിയിച്ചതായാണ് സൂചനയുണ്ട്. ഇതോടെ കുടുംബ പ്രശ്നം തന്നെയാണ് ദുരന്തത്തിന് കാരണമെന്ന് വ്യക്തമാകുകയാണ്.
‘രാത്രി ഷിഫ്റ്റിന് ശേഷം തർക്കം ഉണ്ടായതായി സംശയിക്കുന്നു. ദേഷ്യത്തിൽ അയാൾ അവളെ കുത്തിയിരിക്കാം. അപകടമാകാനും സാധ്യതയുണ്ട്. സംഭവത്തിന് ശേഷം സൂരജ് കൂട്ടുകാരെ വിളിച്ചിരുന്നു. സംഭവത്തിന് ശേഷം സൂരജ് തന്റെ സുഹൃത്തുക്കളോട് ഭാര്യ തന്റെ കൈകൊണ്ട് മരിച്ചതായും താനും പോകുന്നതായും പറഞ്ഞതായി റിപ്പോർട്ടുണ്ട്. പിന്നീട് സൂരജ് തന്റെ വാട്ട്‌സ്ആപ്പ് പ്രൊഫൈൽ ഫോട്ടോ നീക്കം ചെയ്യുകയും ആപ്പിൽ നിന്ന് സ്റ്റാറ്റസ് ഫോട്ടോകൾ നീക്കുകയും ചെയ്തു. ഓസ്ട്രേലിയയിലേക്ക് മാറാനുള്ളതു കൊണ്ടാണ് കുട്ടികളെ കൂടെ കൊണ്ടു പോകാത്തത്. അന്ന് സുരജിന്റെ അമ്മയും വിളിച്ചിരുന്നു. ബിൻസിയോട് സംസാരിക്കണമെന്നും സൂരജിനോട് പറഞ്ഞു. ബിൻസി പുറത്താണെന്നായിരുന്നു പറഞ്ഞത്. ബിൻസിയുടെ നെഞ്ചിലും സൂരജിന്റെ കഴുത്തിലും കുത്തേറ്റിരുന്നു.
വ്യാഴാഴ്ച രാവിലെ അബ്ബാസിയയിലെ താമസസ്ഥലത്താണ് ഇരുവരേയും കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. 12 വർഷത്തോളമായി ഇവർ കുവൈത്തിലാണ്. ഓസ്‌ട്രേലിയയിലേക്ക് മാറാനുള്ള തയ്യാറെടുപ്പിനിടെയാണ് ദുരന്തം. ഈസ്റ്ററിന് തൊട്ടുമുമ്പാണ് ബിൻസി അവധിയില്ലാത്തത് കാരണം കുവൈത്തിലേക്ക് പോയത്. ഈസ്റ്റർ കഴിഞ്ഞ ശേഷമാണ് സൂരജ് മടങ്ങിയത്. പരസ്പരം നല്ല സ്‌നേഹത്തിലായിരുന്നു അവരിരുവരും. ഓസ്‌ട്രേലിയയിലേക്ക് പോകാൻ തീരുമാനിച്ചതായിരുന്നു. ബെംഗളൂരുവിൽ പോയി മെഡിക്കൽ നടപടിക്രമങ്ങളെല്ലാം നടത്തിയതാണ്. സംഭവ ദിവസം അമ്മയെ വിളിച്ചിരുന്നു. ആ സമയത്ത് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല’ സൂരജിന്റെ ബന്ധു പറയുന്നു. ഇവർക്ക് മൂന്നാം ക്ലാസിലും യുകെജിയിലും പഠിക്കുന്ന കുട്ടികളുണ്ട്. കുട്ടികൾ ബിൻസിയുടെ വീട്ടിലാണ്.
പാക്കിസ്ഥാന് ഇരുട്ടടി നൽകി യൂറോപ്യൻ വിമാന സർവീസുകളും, പാക്കിസ്ഥാന് ഉണ്ടാവുക കോടികളുടെ നഷ്ടം