കൊച്ചി: ലഹരിക്കേസിൽ പ്രതി ചേർക്കപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ ജാമ്യം കിട്ടി പുറത്തിറങ്ങി. എൻഡിപിഎസ് 27 (ബി), 29 വകുപ്പുകളും ഭാരതീയ നിയമ സംഹിതയിലെ 237, 238 പ്രകാരം തെളിവ് നശിപ്പിക്കലും എന്നീ കുറ്റങ്ങളാണ് ഷൈനെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനും ശാസ്ത്രീയ വൈദ്യ പരിശോധനകൾക്കും ശേഷം ഷൈൻ പുറത്തിറങ്ങി. ഷൈൻ തെളിവ് നൽകാതിരിക്കാൻ രക്ഷപ്പെട്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്.
കൂടാതെ മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് മലപ്പുറം സ്വദേശി മുർഷിദ് എന്നയാളുമായി ഹോട്ടൽ മുറിയിൽ എത്തിയത് എന്നും എഫ്ഐആർ വ്യക്തമാക്കുന്നുണ്ട്. ഇയാളെയും പോലീസ് വിളിച്ചു വരുത്തി. കേസിൽ ഇയാളേയും പ്രതി ചേർത്തതായും പോലീസ് അറിയിച്ചു. ഇന്ന് ഷൈൻറെ ഒപ്പമിരുത്തി മുർഷിദിനെ ചോദ്യം ചെയ്തു. അതേസമയം ഷൈൻ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണം. ഏപ്രിൽ 22ന് ഹാജരാകാൻ പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.
അതേസമയം ജാമ്യം കിട്ടി പുറത്തിറങ്ങിയ ഷൈൻ അതിവേഗം കാറിൽ കയറി മടങ്ങുകയായിരുന്നു. വിൻസിയുടെ ആരോപണത്തിൽ പരാതിക്ക് അടിസ്ഥാനമില്ലെന്നും ഈഗോയുടെ പുറത്ത് വന്നതാണെന്നുമാണ് ഷൈൻ പോലീസിനോട് പറഞ്ഞത്. വിൻസി കുടുംബ സുഹൃത്താണെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു. താൻ അപമര്യാദയായി പെരുമാറിയെന്ന് പറയുന്നത് തെറ്റാണ്. ഇക്കാര്യം സൂത്രവാക്യം സിനിമയുടെ സംവിധായകനോ നിർമാതാവോ ശരിവെയ്ക്കില്ലെന്നും അവരോട് ആവശ്യമെങ്കിൽ വിളിച്ചു ചോദിക്കുവെന്നും ഷൈൻ ടോം ചാക്കോ പോലീസിനോട് പറഞ്ഞു. കൂടാതെ സിനിമയുടെ സെറ്റിൽ താൻ രാസലഹരി ഉപയോഗിച്ചിട്ടില്ലെന്നും ഷൈൻ മൊഴി നൽകി.
അതേസമയം ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴയിൽ അറസ്റ്റിലായ ലഹരി കച്ചവടക്കാരി തസ്ലിമയുമായി ബന്ധമുണ്ടെന്ന് ഷൈൻ സമ്മതിച്ചു. കൂടാതെ, മെത്താഫിറ്റമിനും കഞ്ചാവും ഉപയോഗിക്കുമെന്നും ഷൈൻ തുറന്ന് പറഞ്ഞു. കഴിഞ്ഞ വർഷം പിതാവ് തന്നെ 12 ദിവസം ഡീ അഡിക്ഷൻ സെൻററിലാക്കിയിരുന്നു. കൂത്താട്ടുകുളത്തെ ലഹരിമുക്ത കേന്ദ്രത്തിൽ 12 ദിവസമാണ് കഴിഞ്ഞത്. എന്നാൽ താൻ അവിടെ നിന്ന് പാതിവഴിയിൽ ചികിത്സ നിർത്തി മടങ്ങിയെന്നും പോലീസിനോട് പറഞ്ഞു. ലഹരിക്കേസിൽ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയെ ആൻറി ഡോപ്പിംഗ് ടെസ്റ്റിൻറെ ഫലമാണ് ഇനി നിർണായകം. ഷൈൻറെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിട്ടുള്ളത്.