കൊച്ചി: ഒപ്പം താമസിച്ചിരുന്ന ഇന്റലിജന്റ്‌സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥ എന്തിന് ആത്മഹത്യ ചെയ്തതെന്നാണ് നിങ്ങൾ കരുതുന്നതെന്ന് സഹപ്രവർത്തകനായ സുകാന്തിനോട് ഹൈക്കോടതി. യുവതിക്കൊപ്പമാണ് താമസിച്ചിരുന്നതെന്നു സുകാന്ത് ഹർജിയിൽ പറയുന്നു. ആ യുവതി ആത്മഹത്യ ചെയ്തു എങ്കിൽ അതിൽ സുകാന്തിന് ഉത്തരവാദിത്തമില്ലേ എന്നും കോടതി ആരാഞ്ഞു. ഐബി ഉദ്യോഗസ്ഥൻ കൂടിയായ സുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ. മറുപടി സമർപ്പിക്കാൻ പോലീസിന് നിർേദശം നൽകി കേസ് പിന്നീട് പരിഗണിക്കുന്നതിലേക്കു മാറ്റി.
കോടതിയുടെ ചോദ്യം ഇങ്ങനെയായിരുന്നു- കൂടെത്താമസിച്ചിരുന്ന യുവതി എന്തിനാണ് ആത്മഹത്യ ചെയ്തത് എന്നാണ് താങ്കൾക്ക് തോന്നുന്നത്?. വീട്ടുകാരുടെ സമ്മർദത്തെ തുടർന്നാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ യുവതി താമസിച്ചിരുന്നത് സുകാന്തിനൊപ്പമായിരുന്നു, അവർ എന്തിന് ആത്മഹത്യ ചെയ്തു? അത് നിങ്ങളുടെ പിഴവല്ലേ? അവർ നിങ്ങളുടെ കൂടെയല്ലേ താമസിച്ചിരുന്നത്, അപ്പോൾ നിങ്ങൾക്ക് ഉത്തരവാദിത്തമില്ലേ എന്തിനു ആത്മഹത്യ ചെയ്തുവെന്ന് കണ്ടെത്താൻ. ഇക്കാര്യത്തിൽ ആദ്യം മറുപടി പറയേണ്ടതും സുകാന്താണെന്ന് കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. കൂടാതെ അറസ്റ്റ് തടയുന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇടക്കാല ഉത്തരവ് ഇടുന്നില്ലെന്നും കോടതി വ്യക്തമാക്കി.
മാർച്ച് 24ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ സഹപ്രവർത്തകനായ സുകാന്തിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. യുവതിയുടെ കുടുംബത്തിന്റെ പരാതിയിൽ സുകാന്തിനെതിരെ പോലീസ് ബലാത്സംഗക്കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. പീഡനത്തിന് തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് പോലീസിന്റെ നടപടി. യുവതിയെ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും യുവതിയുടെ വീട്ടുകാരാണ് തടസം നിന്നത് എന്നുമായിരുന്നു സുകാന്ത് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞത്. എന്നാൽ യുവതിയുടെ കുടുംബം ഇതു പൂർണമായി തള്ളിയിരുന്നു. വിവാഹാലോചനയുമായി സുകാന്തിന്റെ വീട്ടുകാർ എത്തിയിരുന്നില്ലെന്ന് യുവതിയുടെ മാതാപിതാക്കൾ പറഞ്ഞിരുന്നു.
കൂടാതെ ജീവനൊടുക്കുന്നതിന് തൊട്ടുമുൻപ് പാളത്തിലൂടെ നടക്കുമ്പോൾ നാല് തവണ യുവതി സുകാന്തുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് കേസിൽ സുകാന്തിനെ പ്രതി ചേർത്തത്.