ടെൽ അവീവ്: ഹമാസ് കഴിഞ്ഞ ദിവസം കൈമാറിയ മൃതദേഹങ്ങളിൽ ഒരെണ്ണം ബന്ദികളുടേതല്ലെന്ന് ഇസ്രയേൽ സൈന്യം. 2023 ഒക്ടോബർ 7ൽ ഇസ്രയേലിലേക്ക് കടന്ന് ഹമാസ് ബന്ദികളാക്കിയ ബീബസ് കുടുബത്തിലെ 33കാരി ഷിറി ബീബസിന്റേതെന്ന് അവകാശപ്പെട്ട് ഹമാസ് തിരിച്ചെത്തിച്ച മൃതദേഹം ഷിറിയുടേതല്ലെന്ന് പരിശോധനയിൽ വ്യക്തമായതായി ഇസ്രയേൽ സൈന്യം പറഞ്ഞു. വെടിനിർത്തൽ കരാറിന്റെ ഭാഗമായാണ് ഹമാസ് മൃതദേഹങ്ങൾ ഇസ്രയേലിനു കൈമാറിയത്.
തങ്ങൾ നോക്കിയിട്ട് മറ്റു ബന്ദികളുടെ സാംപിളുമായും ഷിറിയുടെ മൃതദേഹം യോജിക്കുന്നില്ല. അജ്ഞാത മൃതദേഹമാണ് ഹമാസ് കൈമാറിയതെന്നും ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) എക്സിൽ പറഞ്ഞു. ഹമാസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര കരാർ ലംഘനമാണിതെന്നും മറ്റു ബന്ദികൾക്കൊപ്പം ഷിറിയുടെ മൃതദേഹവും ഉടൻ കൈമാറണമെന്നും ഐഡിഎഫ് ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
എന്നാൽ, കഴിഞ്ഞ ദിവസം കൈമാറിയ നാലു മൃതദേഹങ്ങളിൽ രണ്ടെണ്ണം ഷിറിയുടെ മക്കളായ ഏരിയലിന്റെയും കഫീറിന്റെതുമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഏരിയലിന് നാലും കഫീറിന് പത്തുമാസവും പ്രായമുള്ളപ്പോഴാണ് അവർ കൊല്ലപ്പെട്ടിട്ടുള്ളതെന്ന് ഐഡിഎഫ് അവകാശപ്പെട്ടു. ക്രൂരമായാണ് കുട്ടികളെ കൊലപ്പെടുത്തിയിട്ടുള്ളതെന്നും അവർ ആരോപിച്ചു. ഷിറിയും മക്കളും ഇസ്രയേൽ മിസൈലാക്രമണത്തിൽ 2023 നവംബറിൽ കൊല്ലപ്പെട്ടെന്നാണ് ഹമാസ് അവകാശപ്പെടുന്നത്. എന്നാൽ ഇതിനുള്ള തെളിവുകളൊന്നും നൽകിയിരുന്നില്ല.
ഇതുകൂടാതെ 83കാരനായ ഒഡെഡ് ലിഫ്ഷിറ്റ്സിന്റെ മൃതദേഹവും ഹമാസ് കൈമാറിയിരുന്നു. ഇതും സൈന്യം പരിശോധിച്ച് ഉറപ്പിച്ചു. ഹമാസ് തടവിലായവരുടെ ദുരിതങ്ങളുടെ പ്രതീകമായിരുന്നു ബീബസ് കുടുംബം. ഷിറിയുടെ ഭർത്താവ് യാർദെൻ ബീബസിനെ 484 ദിവസത്തിനുശേഷം വിട്ടയച്ചിരുന്നു.