മലപ്പുറം: പാതിവില തട്ടിപ്പിൽ റിട്ടയേഡ് ജസ്റ്റിസ് സിഎൻ രാമചന്ദ്രനേയും പ്രതിയാക്കി പോലീസ് കേസെടുത്തു. വലമ്പൂർ സ്വദേശി ഡാനിമോൻ നൽകിയ പരാതിയിലാണ് പെരിന്തൽമ്മണ്ണ പോലീസ് നടപടി. ഡാനിമോൻ പ്രസിഡന്റായ കെഎസ്എസ് അങ്ങാടിപ്പുറം എന്ന ഏജൻസിയിലൂടെ 34 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. 2024 ഏപ്രിൽ മുതൽ നവംബർ മാസം വരെ പല തവണകളായി പണം തട്ടിച്ചെന്ന് പരാതിയിൽ പറയുന്നു. നാഷണൽ എൻജിഒ കോൺഫഡറേഷൻ മലപ്പുറം രക്ഷാധികാരിയെന്ന പേരിലാണ് സിഎൻ രാമചന്ദ്രൻ നായരെ കേസിൽ മൂന്നാം പ്രതിയാക്കിയത്. കേസിൽ സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ അനന്തകുമാർ ഒന്നാം പ്രതിയും അനന്തു കൃഷ്ണനെ രണ്ടാം പ്രതിയുമാണ്.
അതേസമയം, കസ്റ്റഡിയിലുള്ള അനന്തുകൃഷ്ണനുമായി കൊച്ചിയിലെ ഓഫീസുകളിലും വീട്ടിലും തെളിവെടുപ്പ് പുരോഗമിക്കുകയാണ്. പാതി വില തട്ടിപ്പിലൂടെ സമാഹരിച്ച പണത്തിൽ നിന്ന് 2 കോടി സായി ഗ്രാമം ഗോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന് നൽകിയെന്ന് അനന്തു നേരത്തെ മൊഴി നൽകിയിരുന്നു. ഇക്കാര്യം തെളിവെടുപ്പിനിടെ മാധ്യമങ്ങൾക്ക് മുന്നിലും അനന്തു ആവർത്തിച്ചു. രാഷ്ട്രീയക്കാർക്കും പണം നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കിയെങ്കിലും ആർക്കെല്ലാമെന്നത് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ അനന്തുവിൻറെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്നും ആനന്ദകുമാറിന് പണം നൽകിയെന്ന കാര്യത്തിൽ സ്ഥിരീകരണമായെന്ന് അന്വേഷണസംഘം അറിയിച്ചു.
മാത്രമല്ല പോലീസ് അന്വേഷണത്തിൽ സാമ്പത്തിക തട്ടിപ്പിനായി തട്ടിക്കൂട്ട് കമ്പനികളും കൂട്ടായ്മകളും അനന്തുകൃഷ്ണൻ രൂപീകരിച്ചിരുന്നുവെന്ന് കണ്ടെത്തി. കൊച്ചി ഗിരിനഗർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന സോഷ്യൽ ബീ എന്ന ലിമിറ്റഡ് ലയബലിറ്റി പാർട്ട്നർഷിപ്പ് കമ്പനിയാണ് ഇതിൽ പ്രധാനം. ഒരു ലക്ഷം രൂപയാണ് സ്ഥാപനത്തിൻറെ പ്രവർത്തന മൂലധനമായി രേഖകളിൽ കാട്ടിയിരിക്കുന്നത്. എന്നാൽ ഈ സ്ഥാപനത്തിൻറെ മറവിൽ മാത്രം കോടികൾ അനന്തുകൃഷ്ണൻ സമാഹരിച്ചിട്ടുണ്ടെന്നാണ് പേലീസ് നിഗമനം. അനന്തുകൃഷ്ണൻറെ അറസ്റ്റിനു പിന്നാലെ ഈ സ്ഥാപനം പൂട്ടിയ നിലയിലാണ്.