തിരുവനന്തപുരം: ഇരട്ടക്കുട്ടികളും മാതാവും പുറത്തുപോയ സമയം വീടുപൂട്ടി പോയ ഭര്‍ത്താവിനെതിരെ പരാതി. വിഴിഞ്ഞം വെണ്ണിയൂരിലാണ് സംഭവം. പിന്നാലെ ഇവര്‍ രാത്രിയോടെ വിഴിഞ്ഞം പോലീസില്‍ അഭയം തേടി. പുറത്തുപോയി തിരികെ വന്നപ്പോള്‍ വീട് പൂട്ടിയതിനാല്‍ മണിക്കൂറുകളായി ഭക്ഷണവും മരുന്നുമില്ലാതെ ഇവര്‍ ബുദ്ധിമുട്ടിലായി. അഞ്ചു വയസ്സുള്ള ഇരട്ടക്കുട്ടികളും മാതാവുമാണ് ദുരിതത്തിലായത്. കുട്ടികളിലൊരാള്‍ വൃക്കരോഗബാധിതനാണ്.
മുൻപ് ഭർത്താവിനെതിരെ ഗാർഹികപീഡന കേസ് നൽകിയിരുന്നു. ഇതുസംബന്ധിച്ച് കോടതിയിൽനിന്ന് പ്രൊട്ടക്‌ഷൻ ഓർഡർ വാങ്ങിയിരുന്നുവെന്ന് യുവതി പറഞ്ഞു. ഈ ഓർഡർ കാലാവധി നീട്ടി കിട്ടാനായി കോടതിയിൽ പോയപ്പോഴാണ് വീട് പൂട്ടി ഭർത്താവ് കടന്നുകളഞ്ഞത്. സംഭവത്തിൽ കേസ് എടുക്കുമെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു.