അബുദാബി: രൂപയുടെ മൂല്യം ഇടിഞ്ഞത് നേട്ടമാക്കി പ്രവാസികള്‍. കേരളത്തിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ പണമൊഴുക്ക് ശക്തം. വിനിമയനിരക്കില്‍ ഗള്‍ഫ് കറന്‍സികള്‍ കരുത്തുകാട്ടിയപ്പോള്‍ രൂപ റെക്കോര്‍ഡ് തകര്‍ച്ച നേരിട്ടു. ശമ്പളം കിട്ടിയ സമയവും മികച്ച വിനിമയനിരക്കും ഒരേസമയം ആയതോടെ പ്രവാസികള്‍ ഹാപ്പിയായി. ഇതോടെ പണമയക്കാന്‍ എത്തിയവരുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധനയുണ്ടായെന്ന് വിവിധ എക്സ്ചേഞ്ച് വൃത്തങ്ങള്‍ സൂചിപ്പിച്ചു. നാട്ടിലേയ്ക്ക് പണം അയക്കാന്‍ മികച്ച ഉപാധിയായി പ്രവാസികള്‍ നോക്കിക്കാണുന്നത് എക്സ്ചേഞ്ചുകളും മൊബൈല്‍ ആപ്ലിക്കേഷനുകളുമാണ്.
യുഎഇയിലെ എക്സ്ചേഞ്ചുകളിൽ ഇന്നലെ (ഫെബ്രുവരി 6) ഒരു ദിർഹത്തിന് 23.74 രൂപ നൽകിയപ്പോൾ വിവിധ കമ്പനികളുടെ മൊബൈൽ ആപ്പുകളായ ബോട്ടിമിലും ഇത്തിസലാത്തിന്‍റെ ഇ ആൻഡ് മണി ആപ്പിലും 23.86 രൂപയും വാൻസ് ഉൾപ്പെടെയുള്ള മറ്റു ചില ആപ്പിൽ രാജ്യാന്തര നിരക്കിനു സമാനമായി 23.87 രൂപ നല്‍കി. സേവനത്തിന് പ്രത്യേകം ഫീസും ഈടാക്കില്ലെന്നതും അയച്ച ഉടൻ തന്നെ അക്കൗണ്ടിൽ പണം ക്രെഡിറ്റാകുകയും ചെയ്യുമെന്നതുമാണ് മറ്റൊരു പ്രത്യേകത.
രണ്ട് ദിവസത്തിനിടെ 10 പൈസയും ഒരു മാസത്തിനിടെ 56 പൈസയുമാണ് പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയച്ചപ്പോള്‍ കൂടുതലായി ലഭിച്ചത്. ഇതര ജിസിസി രാജ്യങ്ങളിലെ വിനിമയ നിരക്ക് പരിശോധിക്കാം. വിനിമയ നിരക്ക് (രൂപയിൽ) യുഎഇ ദിർഹം – 23.87, സൗദി റിയാൽ – 23.36, ഖത്തർ റിയാൽ – 24.03, ഒമാൻ റിയാൽ – 227.58, ബഹ്റൈൻ ദിനാർ – 232.53, കുവൈത്ത് ദിനാർ – 283.98 എന്നിങ്ങനെയാണ്.