കൊച്ചി: നൂറുകോടി കോഴ കൊടുത്താല്‍ മുഖ്യമന്ത്രിയെങ്കിലും ആകണ്ടേയെന്ന് കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ്. തനിയ്ക്കെതിരേ ഉയര്‍ന്ന കോഴ ആരോപണത്തേക്കുറിച്ച് കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാമാന്യബുദ്ധിക്ക് നിരക്കാത്ത ആരോപണമാണ് ഉയര്‍ന്നിരിക്കുന്നതെന്നും തോമസ് കെ. തോമസ് പറഞ്ഞു.
‘കോഴ ആരോപണമെന്ന് പറയുന്നത് രണ്ട് എംഎല്‍എമാരെ കിട്ടാന്‍ ഞാന്‍ അങ്ങോട്ട് പൈസ കൊടുത്തെന്നല്ലേ. എംഎല്‍എമാരെ കിട്ടിയിട്ട് പുഴുങ്ങിത്തിന്നാനാണോ. അങ്ങനെ നൂറുകോടി കൊടുത്ത് പിടിച്ചെടുക്കുകയാണെങ്കില്‍, ഒന്നുകില്‍ മുഖ്യമന്ത്രിയാകണം. അല്ലെങ്കില്‍ നൂറുകോടി മുടക്കുമ്പോള്‍ 200 കോടി കിട്ടുന്ന ഏതെങ്കിലും വകുപ്പ് കിട്ടണം. അതിനാല്‍, സാമാന്യബുദ്ധിക്ക് നിരക്കാത്ത ഈ വിഷത്തില്‍ വിവാദമുണ്ടായിരിക്കുന്നത് എന്തിനെന്ന് എനിക്ക് മനസ്സിലാകുന്നില്ല’, തോമസ് കെ. തോമസ് പറഞ്ഞു.
എന്‍ഡിഎ സഖ്യത്തിലേക്ക് പോയ എന്‍സിപി അജിത് പവാര്‍ വിഭാഗത്തില്‍ ചേരാന്‍ കേരളത്തിലെ രണ്ട് ഇടതുപക്ഷ എംഎല്‍എമാര്‍ക്ക് 50 കോടി രൂപ വീതം കോഴ വാഗ്ദാനം ചെയ്തെന്നാണ് തോമസ് കെ. തോമസിനെതിരായ ആരോപണം. നിലവില്‍ ശരത് പവാര്‍ വിഭാഗത്തിലാണ് എന്‍സിപിയുടെ സംസ്ഥാനത്തെ എംഎല്‍എമാരായ തോമസ് കെ. തോമസും മന്ത്രി കൂടിയായ എ.കെ.ശശീന്ദ്രനും.
തോമസ് കെ. തോമസ് കോഴ നല്കാന് സമീപിച്ചെന്ന് പറയപ്പെടുന്ന എംഎല്‍എമാരിലൊരാള്‍ ആന്റണി രാജുവാണ്. താന്‍ വിവരങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്ന് മാത്രമാണ് വിവാദത്തെ കുറിച്ചുള്ള ആന്റണി രാജുവിന്റെ പ്രതികരണം. അതേസമയം, എ.കെ. ശശീന്ദ്രന് മന്ത്രിസ്ഥാനം ഒഴിയുമ്പോള്‍ തനിയ്ക്ക് ലഭിക്കേണ്ട മന്ത്രിപദവിക്ക് തടയിടാനാണ് ആരോപണം ഉന്നയിക്കുന്നതെന്ന വാദമാണ് തോമസ് കെ. തോമസ് ഉയര്‍ത്തുന്നത്.
വിവാദം സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യത്തില്‍നിന്ന് പിന്നോട്ടില്ലെന്നും തോമസ് കെ. തോമസ് പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനല്‍കും. മറ്റു തിരക്കുകള്‍ ഉള്ളതുകൊണ്ടാണ് വൈകുന്നത്. അന്വേഷണം നടത്താനാവില്ലെന്ന നിലപാട് സര്‍ക്കാരിന് സ്വീകരിക്കാനാവില്ല. ഒരു എംഎല്‍എയ്ക്ക് എതിരെ മോശമായ പരാമര്‍ശം ഉണ്ടായാല്‍ അത് അന്വേഷിക്കണം. ഇപ്പോള്‍ ആരോപണം ഉന്നയിച്ചവര്‍ ആരുമില്ലാത്ത അവസ്ഥയാണ്. ആന്റണി രാജു എനിക്കെതിരേ ഒന്നും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ടെന്നേ പറഞ്ഞിട്ടുള്ളൂ. മാധ്യമവാര്‍ത്തകളില്‍ മാത്രമേ ആരോപണം വന്നിട്ടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്നെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചില്ലെന്ന റിപ്പോര്‍ട്ടുകളും തോമസ് കെ. തോമസ് തള്ളി. മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചിട്ടില്ല. മുഖ്യമന്ത്രിയെ നേരിട്ട് പോയിക്കണ്ടാല്‍ മതിയെന്നും അതിന് തനിയ്ക്ക് അപ്പോയിന്മെന്റിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.