ഉന്നാവോ: മദ്യലഹരിയിലായിരുന്ന പിതാവ് രണ്ടുവയസ്സുകാരനെ നിലത്തെറിഞ്ഞ് കൊലപ്പെടുത്തി. ഉന്നാവോ ജില്ലയിലെ ബാംഗര്‍മൗവില്‍ ശനിയാഴ്ചയാണ് സംഭവം. ഷാരൂണ്‍ എന്നയാളാണ് അതിക്രമം കാണിച്ചത്. സംഭവത്തില്‍ പോലീസ് ഇയാൾക്കെതിരേ കേസെടുത്തു.
ഭാര്യയെ ക്രൂരമായി മർദിച്ച ഷാരൂണ്‍ മകനെ എടുത്ത് നിലത്തേക്ക് എറിയുകയായിരുന്നു. കുട്ടി തല്‍ക്ഷണം മരിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്.
കടുത്ത മദ്യപാനിയായിരുന്ന ഷാരൂണ്‍ അക്രമകാരിയായിരുന്നെന്നാണ് അയല്‍വാസികള്‍ പറയുന്നത്. ശനിയാഴ്ച വൈകുന്നേരം വീട്ടിലെത്തിയ ഇയാള്‍ ഭാര്യയുമായി തര്‍ക്കിക്കുകയും അവരെ ആക്രമിക്കുകയും ചെയ്തു. ഭാര്യ അക്രമത്തെ തടുത്തപ്പോള്‍ രോഷാകുലനായ ഷാരൂണ്‍ കുട്ടിയെ എടുത്ത് നിലത്തേക്കെറിയുകയായിരുന്നു.
ഡ്രൈവറായി ജോലിചെയ്യുന്ന ഷാരൂണിനെ അയല്‍വാസികള്‍ തടഞ്ഞുവെച്ച് പോലീസിനെ ഏല്‍പിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.