ഗുരുതരാവസ്ഥയിലുള്ള കോവിഡ്- 19 രോഗികളുടെ മരണസംഖ്യ കുറയ്ക്കാന്‍ സ്റ്റിറോയ്ഡ് മരുന്നുകള്‍

ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ മരണ സാധ്യത 20 ശതമാനം വരെ കുറയ്ക്കാന്‍ സ്റ്റിറോയ്ഡ് മരുന്നുകള്‍ക്ക് സാധിക്കുമെന്ന് പഠനം. കോവിഡ് ചികിത്സ സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തുന്നതാണ് പുതിയ പഠനങ്ങള്‍.

ചെറിയ ഡോസിലുള്ള ഹൈഡ്രോകോര്‍ട്ടിസോണ്‍, ഡെക്‌സാമെത്താസോണ്‍, മീഥെയ്ല്‍ പ്രെഡ്‌നിസോളോണ്‍ എന്നിവയുടെ വ്യത്യസ്ത പരീക്ഷണങ്ങളില്‍ നിന്നുള്ള ഡേറ്റ അവലോകനം ചെയ്തപ്പോഴാണ് സ്റ്റിറോയ്ഡുകള്‍ കോവിഡ് രോഗികളുടെ അതിജീവന നിരക്ക് വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയത്.

കോര്‍ട്ടികോസ്റ്റിറോയ്ഡുകള്‍ ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് ശേഷം ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളില്‍ 68 ശതമാനത്തിന്റെയും അതിജീവനം സാധ്യമായതായി പഠനം വെളിപ്പെടുത്തുന്നു. അതേ സമയം സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കാത്ത ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളില്‍ 60 ശതമാനമാണ് രോഗത്തെ അതിജീവിക്കുന്നത്.

പഠനത്തിന്റെ വെളിച്ചത്തില്‍ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളില്‍ സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കാന്‍ ശക്തമായി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ക്ലിനിക്കല്‍ കെയര്‍ ലീഡ് ജാനെറ്റ് ഡയസ് പറയുന്നു.

കോര്‍ട്ടികോസ്റ്റിറോയ്ഡുകള്‍ നല്‍കിയാല്‍ 1000 രോഗികളില്‍ 87 മരണങ്ങളെങ്കിലും തടയാനാകുന്നതായി ഗവേഷണ പഠനം ചൂണ്ടിക്കാട്ടുന്നു. വില കുറഞ്ഞതും എളുപ്പത്തില്‍ ലഭ്യമാകുന്നതുമായ സ്റ്റിറോയ്ഡുകള്‍ ഉപയോഗിച്ച് മരണനിരക്ക് നല്ലൊരാളവില്‍ കുറയ്ക്കാനാകുമെന്ന് ഡേറ്റാ അവലോകനത്തില്‍ പങ്കെടുത്ത ബ്രിസ്റ്റോള്‍ സര്‍വകലാശാല പ്രഫസര്‍ ജോനാഥന്‍ സ്‌റ്റേണ്‍ പറയുന്നു.

ബ്രിട്ടണ്‍, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, സ്‌പെയിന്‍, അമേരിക്ക എന്നിവിടങ്ങളില്‍ നടന്ന വ്യത്യസ്ത പരീക്ഷണങ്ങളുടെ ഡേറ്റ അവലോകനമാണ് ഈ സുപ്രധാന കണ്ടെത്തലിലേക്ക് നയിച്ചത്. ജേണല്‍ ഓഫ് ദ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7