കോവിഡ് കുട്ടികളുടെ ഹൃദയത്തിന് ദീര്‍ഘകാല ക്ഷതമേല്‍പ്പിക്കാം

കോവിഡ് ബാധിതരായ കുട്ടികളില്‍ കാണപ്പെടുന്ന മള്‍ട്ടിസിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം ദീര്‍ഘകാല ക്ഷതം ഹൃദയത്തിന് ഏല്‍പ്പിക്കുമെന്ന് പഠനം. ജീവിതകാലം മുഴുവന്‍ നിരീക്ഷണവും ചികിത്സയും ആവശ്യമായി വരുന്ന തരം പ്രശ്‌നങ്ങള്‍ ഇത് കുട്ടികള്‍ക്കുണ്ടാക്കാമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

രോഗലക്ഷണങ്ങളില്ലാതെ വരുന്ന കോവിഡില്‍ നിന്ന് മുക്തരാകുന്ന ആരോഗ്യവാന്മാരായ കുട്ടികളില്‍ പോലും മൂന്നോ നാലോ ആഴ്ചയ്ക്ക് ശേഷം മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം കാണപ്പെടാമെന്ന് കേസ് സ്റ്റഡികള്‍ ചൂണ്ടിക്കാട്ടുന്നു. ലോകമെമ്പാടുമുള്ള 662 മള്‍ട്ടി ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം കേസുകള്‍ അവലോകനം ചെയതാണ് ഈ നിഗമനത്തിലെത്തിയതെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ഹെല്‍സ്സ് സയന്‍സ് സെന്ററിലെ ഡോ. അല്‍വാരോ മൊറൈറ പറയുന്നു.

ഇതില്‍ 11 കുട്ടികള്‍ കോവിഡ് ബാധ മൂലം മരണപ്പെട്ടവരാണ്. 71 ശതമാനം കുട്ടികളും തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവരും 22.2 ശതമാനം വെന്റിലേഷന്‍ ആവശ്യമായവരുമാണ്. എല്ലാവര്‍ക്കും പനി രോഗലക്ഷണങ്ങളില്‍ ഒന്നായിരുന്നു. 73.7 ശതമാനം പേര്‍ക്ക് വയര്‍വേദനയോ അതിസാരമോ ഉണ്ടായിട്ടുണ്ട്. 68.3 ശതമാനം പേര്‍ക്ക് ഛര്‍ദ്ദിയും ഉണ്ടായി.

സാര്‍സ് കോവ്-2 ബാധയുമായി ബന്ധപ്പെട്ട് ഒന്നിലധികം അവയവങ്ങളെ ബാധിക്കുന്ന രോഗമാണ് മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം. കവാസാക്കി രോഗത്തിന് സമാനമായ ലക്ഷണങ്ങളാണ് കുട്ടികള്‍ ഇതില്‍ പ്രകടിപ്പിക്കുന്നത്.

കോവിഡിന് ശേഷം മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം കാണപ്പെട്ട കുട്ടികളില്‍ പകുതി പേരും അമിതവണ്ണമുള്ളവരാണെന്നും കേസ് സ്റ്റഡി ചൂണ്ടിക്കാട്ടുന്നു. മുതിര്‍ന്നവരിലായാലും കുട്ടികളിലായാലും അമിതവണ്ണക്കാരില്‍ കോവിഡ് വലിയ ആഘാതമേല്‍പ്പിക്കാമെന്ന മുന്‍പഠനങ്ങള്‍ക്ക് സാധുതയേകുന്നതാണ് പുതിയ കണ്ടെത്തലുകള്‍.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7