ഇന്ത്യക്കാര്‍ക്ക് ഇത്രയും സന്തോഷം ആകുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ദിവസവും ഓരോ സിക്‌സടിക്കാന്‍ സച്ചിനെ അനുവദിക്കുമായിരുന്നു: അക്തര്‍

സച്ചിനും അക്തറും തമ്മിലുള്ള പോരാട്ടം ഒരുകാലത്ത് ക്രിക്കറ്റ് കളത്തിലെ ഏറ്റവും ആവേശകരമായ കാഴ്ചയായിരുന്നു. 1999ല്‍ ഏഷ്യന്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി കൊല്‍ക്കത്തയില്‍ നടന്ന ടെസ്റ്റില്‍ അടുത്തടുത്ത പന്തുകളില്‍ രാഹുല്‍ ദ്രാവിഡിന്റെയും സച്ചിന്റെയും വിക്കറ്റുകള്‍ അക്തര്‍ തെറിപ്പിച്ചതു പലരും മറന്നു കാണില്ല. സൂപ്പര്‍ ഫാസ്റ്റ് ബോളിങ്ങിന്റെ പര്യായമായിരുന്ന താരത്തിന്റെ വേഗത്തിനു മുന്നിലായിരുന്നു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെട്ടത്. പിന്നീട് പല തവണ സച്ചിനും അക്തറും പിച്ചില്‍ കണ്ടുമുട്ടി. പലപ്പോഴും സച്ചിന്റെ ബാറ്റിന്റെ ചൂട് അക്തര്‍ അറിയുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഇത് ഇവിടെ പറയാന്‍ കാരണം അക്തറിന്റെ പുതിയ പ്രസ്താവനയാണ്.

2003ലെ ഏകദിന ലോകകപ്പില്‍ സെഞ്ചൂറിയനില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തനിക്കെതിരെ നേടിയ സിക്‌സ് മാത്രം ഇപ്പോഴും ഇന്ത്യന്‍ ആരാധകര്‍ ഓര്‍ത്തിരിക്കുന്നത് അത് അവര്‍ക്ക് സന്തോഷം പകരുന്നതുകൊണ്ടാകുമെന്ന് പാക്കിസ്ഥാന്‍ പേസ് ബോളര്‍ ഷോയ്ബ് അക്തര്‍ പറഞ്ഞു. എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനായി അറിയപ്പെടുന്ന സച്ചിനെ 12–13 തവണ താന്‍ പുറത്താക്കിയിട്ടുണ്ട്. പക്ഷേ കൂടുതല്‍ പേരും ഇപ്പോഴും ഓര്‍ത്തിരിക്കുന്നത് സെഞ്ചൂറിയനിലെ ആ സിക്‌സാണ്. ഇന്ത്യന്‍ ആരാധകര്‍ക്ക് ഇത്രമാത്രം സന്തോഷമാകുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ദിവസവും ഓരോ സിക്‌സടിക്കാന്‍ താന്‍ സച്ചിനെ അനുവദിക്കുമായിരുന്നുവെന്നും അക്തര്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാം ലൈവ് വിഡിയോയിലാണ് അക്തര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘സച്ചിന്‍ തെന്‍ഡുല്‍ക്കറിനെതിരെ മികച്ച ബോളിങ് റെക്കോര്‍ഡാണ് എനിക്കുള്ളത്. എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായ സച്ചിനെ 12-–13 തവണ ഞാന്‍ പുറത്താക്കിയിട്ടുണ്ട്. പക്ഷേ, ഇന്ത്യക്കാര്‍ ഇന്നും എന്നെ ഓര്‍ത്തിരിക്കുന്നത് സെഞ്ചൂറിയനില്‍ (2003 ലോകകപ്പില്‍) അദ്ദേഹം എനിക്കെതിരെ നേടിയ സിക്‌സിന്റെ പേരിലാണ്. അത് അവര്‍ക്ക് അത്രമാത്രം സന്തോഷം പകരുന്നുണ്ടെന്നതാണ് സത്യം. 1.3 ബില്യന്‍ ആളുകള്‍ക്ക് ഇത്രമാത്രം സന്തോഷം ലഭിക്കുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ദിവസവും ഓരോ സിക്‌സടിക്കാന്‍ ഞാന്‍ സച്ചിനെ അനുവദിക്കുമായിരുന്നു’ – ലൈവ് വിഡിയോയില്‍ അക്തര്‍ പറഞ്ഞു.

ഇപ്പോഴത്തെ ബാറ്റ്‌സ്മാന്‍മാരില്‍ ഒന്നാമനായി ഗണിക്കപ്പെടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പുറത്താക്കാന്‍ തന്റെ കൈവശം രണ്ട് ആയുധങ്ങളുണ്ടെന്നും അക്തര്‍ അവകാശപ്പെട്ടു. ‘ഇന്നും ഞാന്‍ ക്രിക്കറ്റില്‍ സജീവമായിരുന്നെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ രണ്ട് രീതിയില്‍ ഞാന്‍ ശ്രമിക്കുമായിരുന്നു. ഒന്ന്, ക്രീസില്‍നിന്ന് അല്‍പം മാറ്റിയെറിഞ്ഞ് കോലിയെ െ്രെഡവ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാണ് ഒന്നാമത്തെ മാര്‍ഗം. അതു ഫലിച്ചില്ലെഹ്കില്‍ 150 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ് അദ്ദേഹത്തെ പുറത്താക്കും’ – അക്തര്‍ പറഞ്ഞു.

നേരത്തെ, കൊറോണ വൈറസ് വ്യാപനത്തെ നേരിടാന്‍ ഫണ്ട് കണ്ടെത്തുന്നതിന് ഇന്ത്യയും പാക്കിസ്ഥാനും മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര കളിക്കണമെന്ന് നിര്‍ദ്ദേശിച്ച് അക്തര്‍ രംഗത്തെത്തിയിരുന്നു. പാക്കിസ്ഥാന്റെ മുന്‍ താരങ്ങളായ ഷാഹിദ് അഫ്രീദി, റമീസ് രാജ എന്നിവര്‍ ഈ അഭിപ്രായത്തെ പിന്തുണച്ചെങ്കിലും മുന്‍ ഇന്ത്യന്‍ താരം കപില്‍ ദേവ്, ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല തുടങ്ങിയവര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. പിന്നീട് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തന്നെ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. പാക്കിസ്ഥാന്‍ ക്രിക്കറ്റിന് നിലനില്‍ക്കാന്‍ ഇന്ത്യയുടെ സഹായം വേണ്ടെന്നായിരുന്നു പിസിബി അധ്യക്ഷന്‍ ഇഹ്‌സാന്‍ മാനിയുടെ പ്രസ്താവന.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7