മുംബൈ, പൂനെ, നാഗപുര്‍ നഗരങ്ങള്‍ അടച്ചിടും; ഡല്‍ഹിയില്‍ മാളുകള്‍, സ്‌കൂളുകള്‍, ഹോട്ടലുകള്‍ അടയ്ക്കുന്നു…

കൊച്ചി / മുംബൈ / ഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വ്യാപകമായി പ്രചരിക്കുന്നതിന്റെ ഭാഗമായി കടുത്ത ജാഗ്രതാ നടപടികള്‍ സ്വീകരിച്ചുവരുന്നു. രാജ്യം വലിയ മുന്‍കരുതലിലേക്ക് പോകുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ മാളുകള്‍ അടക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിര്‍ദേശം നല്‍കി. സ്‌കൂളുകളും റെസ്‌റ്റോറന്റുകളും അടച്ചിടാന്‍ നിര്‍ദേശം നല്‍കി. പലചരക്ക്, പച്ചക്കറി, മരുന്ന് കടകള്‍ക്ക് മാത്രം ഇളവ് ഉണ്ടായിരിക്കും. ജനതാ കര്‍ഫ്യൂ പ്രമാണിച്ച് ഞായറാഴ്ച ഡല്‍ഹി മെട്രോ റെയില്‍ സര്‍വീസ് നടത്തില്ല.

മഹാരാഷ്ട്രയില്‍ പ്രമുഖ നഗരങ്ങളെല്ലാം മാര്‍ച്ച് 31 വരെ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുംബൈ, പൂനെ, നാഗ്പുര്‍, പിംപ്രി ചിന്‍ച്‌വാഡ് എന്നീ നഗരങ്ങളിലെ ഓഫീസുകളും മാര്‍ക്കറ്റുകളും അടക്കമാണ് അടച്ചിടുന്നത്. പച്ചക്കറി, സ്‌റ്റേഷനറി, മെഡിക്കല്‍ സ്‌റ്റോര്‍, പാല്‍ സ്‌റ്റോറുകള്‍, ബാങ്കുകള്‍ എന്നിവയ്ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

ഈ നഗരങ്ങളിലെ മറ്റെല്ലാ കടകളും മാര്‍ച്ച് 31 വരെ അടച്ചിടണം. സ്വകാര്യ കമ്പനികള്‍ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണം. സര്‍ക്കാര്‍ ഓഫീസുകളില്‍ 25 % മാത്രം ജീവനക്കാര്‍ ഹാജരായാല്‍ മതിയാവൂം. അവശേഷിക്കുന്നവര്‍ വീട്ടിലിരുന്ന് ജോലി ചെയ്യണം. വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കഴിയാത്ത സ്ഥാപനങ്ങള്‍ ബലമായി അടപ്പിക്കും. ഇതില്‍ ഒരു ഒത്തുതീര്‍പ്പുമുണ്ടാവില്ല. ജീവിക്കാനായി വീടുകളില്‍ കഴിയേണ്ടത് അനിവാര്യമാണ്. അതികഠിനമായ യുദ്ധത്തിലേക്ക് നാം പോകുന്നതെന്നും താക്കറെ പറഞ്ഞു. ഇന്നലെ മുതല്‍ നഗരത്തിലെ തെരുവ് കച്ചവടക്കാരെ ഒഴിപ്പിച്ച് തുടങ്ങിയിരുന്നു.

കൊറോണ വൈറസ് പരക്കുന്നത് തടയുന്നതിനാണ് ഈ നടപടിയെന്നും ജനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിനായി ബസ്, ട്രെയിന്‍ പോലെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തിവയ്പിക്കുന്നത് പരിഗണിക്കുമെന്നും താക്കറെ പറഞ്ഞു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 52 എണ്ണം. ഒരു മരണവും സംഭവിച്ചു. അഞ്ച് പേര്‍ക്ക് രോഗം ഭേദമായി.

ഇത് ജനങ്ങള്‍ക്ക് ആഘോഷിക്കാനുള്ള സമയമല്ല. വീടുകളില്‍ കഴിയണം. മഹാരാഷ്ട്രയിലെ ജനങ്ങള്‍ ഉത്തരവാദിത്ത ബോധമുള്ളവരാണെന്നും വീടുകളിലിരുന്ന് അവര്‍ ഈ യുദ്ധത്തില്‍ പങ്കെടുക്കുമെന്നും താക്കറെ പറഞ്ഞു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്ന് ട്രെയിനുകള്‍ നിര്‍ത്തിയിടുമെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. അടുത്ത 48 മണിക്കൂര്‍ നിരീക്ഷണം ശക്തമാക്കും.

കൊറോണയ്‌ക്കെതിരെ പോരാടുന്നതിന് സംസ്ഥാന അടിയന്തര ദുരിത നിവാരണ ഫണ്ട് രൂപീകരിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ പകുതി വീതം ഒന്നിടവിട്ട ദിവസങ്ങളില്‍ ഹാജരായാല്‍ മതി. അവര്‍ക്കുള്ള മെഡിക്കല്‍ കിറ്റുകള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അടുത്ത ആറു മാസത്തേക്ക് കിലോയ്ക്ക് രണ്ട് രൂപ നിരക്കില്‍ അരി നല്‍കുമെന്നും മമത ബാനര്‍ജി അറിയിച്ചു.

കേരളത്തിലും സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തനം ക്രമപ്പെടുത്തി. മാര്‍ച്ച് 31 വരെ പകുതി വീതം ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഓഫീസില്‍ ഹാജരായാല്‍ മതിയാകും. ആദ്യ ദിവസം അവധി കിട്ടുന്നവര്‍ അടുത്ത ദിവസം ഹാജരാകണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പൂര്‍ണ്ണമായും വീട്ടിലിരുന്ന ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ജോലിയില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയത്. വരുന്ന രണ്ട് ശനിയാഴ്ചകളിലും അവധിയായിരിക്കും. ഓഫീസുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും രോഗവ്യാപനം തടയുന്നതിനുമാണിത്. ഇതു സംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവച്ചു. കേന്ദ്രസര്‍ക്കാരും ഇന്നലെ ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കിയിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിലും ഭക്തര്‍ക്ക് നാളെ മുതല്‍ മാര്‍ച്ച് 31 വരെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നാലു മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി എല്ലാ മുഖ്യമന്ത്രിമാരുമായും വീഡിയോ കോണ്‍ഫറന്‍സ് നടത്തും. വിവരങ്ങള്‍ക്ക് 1075 ടോള്‍ ഫ്രീ നന്പര്‍ ഉപയോഗിക്കാന്‍ പ്രധാനമന്ത്രി പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7