നാഗ്പൂര്‍: റെക്കോഡുകള്‍ എല്ലാം ഇന്ത്യന്‍ നായകന് വിരാട് കോലിമുന്നില് മുട്ടുകുത്തുകയാണ്. ഏകദിന കരിയറിലെ 40-ാം സെഞ്ചുറി സ്വന്തമാക്കിയ കോഹ്ലിയായിരുന്നു നാഗ്പൂര്‍ ഏകദിനത്തിലെ മാന്‍ ഓഫ് ദ് മാച്ച്. ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത വിജയ് ശങ്കറെ മറികടന്നായിരുന്നു കോലിയുടെ നേട്ടം. നാഗ്പൂരിലും കളിയിലെ താരമായതോടെ ഏകദിനത്തില്‍ കൂടുതല്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാമതെത്താന്‍ കിംഗ് കോലിക്കായി.
ഏകദിനത്തിലെ 32-ാം മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരമാണ് കോലി സ്വന്തമാക്കിയത്. മുന്‍ നായകന് സൗരവ് ഗാംഗുലിയാണ്(31) കോലിയുടെ പടയോട്ടത്തില്‍ പിന്നിലായത്. 308 ഏകദിനങ്ങളാണ് ഗാംഗുലി കളിച്ചത്. 62 മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരങ്ങള്‍ നേടിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെന്‍ഡുല്‍ക്കറാണ് പട്ടികയില്‍ മുന്നില്‍. സച്ചിന് 463 ഏകദിനങ്ങളില്‍ 62 പുരസ്കാരം നേടിയപ്പോള്‍ 224 കളികളിലാണ് കോലി 32ലെത്തിയത്.
നാഗ്പൂര്‍ ഏകദിനത്തില്‍ എട്ട് റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. ക്യാപ്റ്റന്‍ വിരാട് കോലിയുടെ (120 പന്തില്‍ 116) 40ാം സെഞ്ചുറിയായിരുന്നു ഇന്ത്യന്‍ ഇന്നിങ്സിലെ പ്രത്യേകത. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 48.2 ഓവറില്‍ 250ന് എല്ലാവരും പുറത്തായി. എന്നാല്‍ മറുപടി ബാറ്റിംഗില്‍ 49.3 ഓവറില്‍ ഓസീസ് ഇന്നിംഗ്സ് അവസാനിച്ചു. ഇതോടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി.