ക്രിക്കറ്റ് കളിക്കാരുടെ മാനം കാത്ത് കോഹ്ലി; ഫോബ്‌സ് സമ്പന്ന താരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി റണ്‍വേട്ടയില്‍ എന്നും മുന്നിലാണ്. അതേപോലെ തന്നെ വരുമാനത്തിന്റെ കാര്യത്തിലും കോഹ്ലിയുടെ കുതിപ്പ് അത്ഭുതപ്പെടുത്തുന്നതാണ്. പ്രശസ്ത ധനകാര്യ മാധ്യമസ്ഥാപനമായ ഫോബ്‌സിന്റെ സമ്പന്ന താരങ്ങളുടെ പട്ടികയില്‍ കോഹ്ലി ഇടംപിടിച്ചിരിക്കുന്നു…!

കഴിഞ്ഞ 12 മാസങ്ങളിലെ (2019 ജൂണ്‍ -– 2020 മേയ്) ഏറ്റവും സമ്പന്നരായ 100 കായിക താരങ്ങളുടെ പട്ടികയിലുള്ള ഒരേയൊരു ക്രിക്കറ്റ് താരമാണു കോലി. ടെന്നിസ് താരം റോജര്‍ ഫെഡററാണ് ഒന്നാമത്.

കഴിഞ്ഞ വര്‍ഷം 2.60 കോടി യുഎസ് ഡോളറാണ് (ഏകദേശം 196 കോടി രൂപ) കോഹ്‌ലി സമ്പാദിച്ചത്. ഇതില്‍ 181 കോടിയും പരസ്യവരുമാനമാണ്. ബാക്കി പ്രതിഫലവും പാരിതോഷികങ്ങളും. 2019ലെ പട്ടികയില്‍ 2.50 കോടി ഡോളറുമായി 100-ാം സ്ഥാനത്തായിരുന്നു കോലി. ഇത്തവണ 66–ാം സ്ഥാനത്ത്.

ഫെഡറര്‍ നമ്പര്‍ 1

പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വീഴ്ത്തി ടെന്നിസ് താരം റോജര്‍ ഫെഡറര്‍ ഇത്തവണ ഒന്നാം സ്ഥാനത്തേക്കു കയറി. 10.63 കോടി ഡോളറാണ് (ഏകദേശം 802 കോടി രൂപ) കഴിഞ്ഞ 12 മാസങ്ങളില്‍ ഫെഡറര്‍ സമ്പാദിച്ചത്. റൊണാള്‍ഡോ രണ്ടാമത്; ഏകദേശം 793 കോടി രൂപ. ഫോബ്‌സ് പട്ടികയില്‍ ഒന്നാമതെത്തുന്ന ആദ്യ ടെന്നിസ് താരമാണു ഫെഡറര്‍. അര്‍ജന്റീന ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി (785 കോടി), ബ്രസീല്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ (721 കോടി) എന്നിവരാണു മൂന്നും നാലുംസ്ഥാനങ്ങളില്‍.

ഫോബ്‌സ് പട്ടിക എങ്ങനെ?

അമേരിക്കന്‍ ധനകാര്യ മാധ്യമസ്ഥാപനമായ ഫോബ്‌സ് പുറത്തിറക്കുന്ന വാര്‍ഷിക പട്ടികകളില്‍ ഒന്നാണ് ‘ലോകത്തെ ഏറ്റവും സമ്പന്നരായ കായികതാരങ്ങള്‍’ എന്നത്. പരസ്യവരുമാനം, മത്സരങ്ങളില്‍ നിന്നുള്ള പ്രതിഫലം, പാരിതോഷികം, ബോണസ് എന്നിവയെല്ലാമാണ് കണക്കു കൂട്ടുന്നത്.

കോവിഡ് ഇഫക്ട്

കൊറോണ വൈറസ് വ്യാപനം മൂലം ഈ വര്‍ഷം മാര്‍ച്ച് മുതല്‍ മത്സരങ്ങള്‍ തടസ്സപ്പെട്ടതു താരങ്ങളുടെ വരുമാനത്തെയും ബാധിച്ചു. കഴിഞ്ഞ വര്‍ഷത്തെ പട്ടികയിലെ 100 കായികതാരങ്ങള്‍ സമ്പാദിച്ചത് ഏകദേശം 30,209 കോടി രൂപ ആയിരുന്നെങ്കില്‍ ഇത്തവണ അത് ഏകദേശം 27,188 കോടിയായി കുറഞ്ഞു.

ഫോബ്‌സ് ടോപ്പ് 10

1 റോജര്‍ ഫെഡറര്‍ (ടെന്നിസ്) 802 കോടി

2 ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (ഫുട്‌ബോള്‍) 793 കോടി

3 ലയണല്‍ മെസ്സി (ഫുട്‌ബോള്‍) 785 കോടി

4 നെയ്മര്‍ (ഫുട്‌ബോള്‍) 721 കോടി

5 ലെബ്രോണ്‍ ജയിംസ് (ബാസ്‌കറ്റ്‌ബോള്‍) 666 കോടി

6 സ്റ്റീഫന്‍ കറി (ബാസ്‌കറ്റ്‌ബോള്‍) 562 കോടി

7 കെവിന്‍ ഡുറാന്റ് (ബാസ്‌കറ്റ് ബോള്‍) 482 കോടി

8 ടൈഗര്‍ വുഡ്‌സ് (ഗോള്‍ഫ്) 470 കോടി

9 കിര്‍ക് കസിന്‍സ് (അമേരിക്കന്‍ ഫുട്‌ബോള്‍) 457 കോടി

10 കാര്‍സന്‍ വെന്റ്‌സ് (അമേരിക്കന്‍ ഫുട്‌ബോള്‍) 446 കോടി

പട്ടികയില്‍ 2 വനിതകള്‍ മാത്രം; ടെന്നിസ് താരങ്ങളായ നവോമി ഒസാകയും സെറീന വില്യംസും.

ഇത്തവണ പട്ടികയില്‍ ഇടംപിടിച്ചത് 21 രാജ്യങ്ങളില്‍നിന്നുള്ള കായികതാരങ്ങളാണ്. കൂടുതലും യുഎസ് താരങ്ങള്‍ (68 പേര്‍)

പത്തു കായിക വിഭാഗങ്ങളില്‍നിന്നുള്ള താരങ്ങളാണ് പട്ടികയിലുള്ളത്. കൂടുതല്‍ പേര്‍ ബാസ്‌കറ്റ്‌ബോളില്‍ നിന്ന് (35 പേര്‍)

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7