തിരുവനന്തപുരം: വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്ക്കുമിടയില് ജനോപകാരപ്രദമായ നടപടിയുമായി പിണറായി സര്‍ക്കാര്‍. ജൂണ്‍ ഒന്ന് മുതല്‍ പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് ഒരു രൂപ കുറയ്ക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. രാവിലെ മന്ത്രിസഭായോഗത്തിലെടുത്ത തീരുമാനം ഉച്ച കഴിഞ്ഞ് മൂന്നിനു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ നടപടി കേന്ദ്രത്തിന് ഒരു സന്ദേശമാണ് ഞങ്ങള്‍ ഇങ്ങനെ ചെയ്തു, നിങ്ങളും വില കുറയ്ക്കണം. കേന്ദ്രം ഇതിന്റെ ഭാഗമായി വില കുറയ്ക്കാന്‍ തയാറാകണം. ഉപഭോക്താവ് കൂടുതല്‍ വില നല്‍കേണ്ട സാഹചര്യമാണിപ്പോള്‍. ജനങ്ങള്‍ ദുരിതത്തിലാണ്. അവരെ ഇതില്‍നിന്നു രക്ഷിക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണം. നികുതി കുറയ്ക്കുന്നതുമൂലം കേരളത്തിന് 509 കോടി രൂപയുടെ കുറവുണ്ടാകും. സംസ്ഥാനത്തിന് ഈ നഷ്ടം സഹിക്കുക വലിയ പ്രയാസമാണ്. എന്നാല്‍ കേന്ദ്രത്തിന് ഒരു സന്ദേശമായാണ് ഇത്രയും നഷ്ടം കേരളം സഹിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞാലും നമ്മുടെ നാട്ടില്‍ വില കൂടുന്ന പ്രവണതയാണ് കാണുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്യമാകെ പെട്രോള്‍ വില കുറയ്ക്കണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും കേന്ദ്രം അതു മുഖവിലയ്ക്കെടുക്കുന്നില്ല.
കേരളത്തില്‍ പെട്രോളിന് 32.02% (19.22 രൂപ), ഡീസലിന് 25.58% (15.35 രൂപ) എന്നിങ്ങനെയാണ് ഇപ്പോള്‍ സംസ്ഥാന നികുതി. പെട്രോളിനും ഡീസലിനും ഏറ്റവുമധികം നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്താണു കേരളം. മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത് – പെട്രോളിന് 39.78%, ഡീസലിന് 24.84%. രണ്ടാം സ്ഥാനത്തുള്ള പഞ്ചാബില്‍ യഥാക്രമം 35.35%, 16.88% എന്നിങ്ങനെയാണ് നികുതി ഈടാക്കുന്നത്..