സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അനാരോഗ്യംമൂലം കാനം രാജേന്ദ്രന്‍ സി.പി.ഐ. സംസ്ഥാനസെക്രട്ടറിസ്ഥാനത്ത് നിന്ന് അവധിയെടുക്കാന്‍ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നല്‍കിയിരുന്നു.

ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നതുമൂലം അദ്ദേഹം ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. അടുത്തസമയത്ത് കാലിന് ശസ്ത്രക്രിയയും നടന്നു.
കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തില്‍ 1950 നവംബര്‍ 10-നാണ് കാനത്തിന്റെ ജനനം. എഴുപതുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയരംഗത്തേക്ക് പ്രവേശിക്കുന്നത്.

1971ല്‍ 21-ാം വയസ്സില്‍ സംസ്ഥാനകൗണ്‍സിലില്‍ എത്തിയതാണ് കാനം. എന്‍.ഇ. ബല്‍റാം പാര്‍ട്ടിസെക്രട്ടറിയായിരുന്നപ്പോള്‍ 1975-ല്‍ എം.എന്‍. ഗോവിന്ദന്‍ നായര്‍, ടി.വി. തോമസ്, സി. അച്യുതമേനോന്‍ എന്നിവര്‍ക്കൊപ്പം പാര്‍ട്ടിയുടെ സംസ്ഥാനസെക്രട്ടേറിയറ്റില്‍ ഉള്‍പ്പെട്ടു. മുന്നു തവണ സംസ്ഥാനസെക്രട്ടറിയായി ചുമതല വഹിച്ചിട്ടുണ്ട്. 2022 ഒക്ടോബറിലാണ് കാനം സംസ്ഥാനസെക്രട്ടറിയായി മൂന്നാംതവണയും തിരഞ്ഞെടുക്കപ്പെടുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular