അപകീര്‍ത്തികരമായ പരാമര്‍ശം: എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരേ ദേവികുളം സബ് കളക്ടര്‍ പരാതി നല്‍കി

തൊടുപുഴ: എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരേ ദേവികുളം സബ് കളക്ടര്‍ രേണു രാജ് പരാതി നല്‍കി. അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും ജില്ലാ കളക്ടറെയും ഫോണില്‍ വിളിച്ച് സബ് കളക്ടര്‍ പരാതി ബോധിപ്പിച്ചത്. തിങ്കളാഴ്ച സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ സഹിതം വിശദമായ പരാതി നല്‍കും.
മൂന്നാര്‍ പഞ്ചായത്തിന്റെ ഷോപ്പിങ് കോംപ്ലക്‌സിന്റെ നിര്‍മാണം തടയാനെത്തിയ റവന്യൂ സംഘത്തെ എസ്. രാജേന്ദ്രന്‍ എം.എല്‍.എ തടഞ്ഞതും സബ് കളക്ടര്‍ക്കെതിരേ മോശം പരാമര്‍ശം നടത്തിയതുമാണ് വിവാദത്തിന് കാരണമായത്.
കെട്ടിടനിര്‍മാണത്തിന് സ്‌റ്റോപ്പ് മെമ്മോ നല്‍കിയ സബ് കളക്ടര്‍ രേണുരാജിന് ബുദ്ധിയില്ലെന്നും ഐ.എ.എസ്. കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു എന്നുമായിരുന്നു എം.എല്‍.എയുടെ പരാമര്‍ശം. നിര്‍മാണം തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ മുന്നില്‍വച്ചാണ് എം.എല്‍.എ. ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്.
എന്നാല്‍ സംഭവം വിവാദമായതോടെ സബ് കളക്ടറെ താന്‍ അധിക്ഷേപിച്ചിട്ടില്ലെന്നും അവര്‍ തന്നെയാണ് അധിക്ഷേപിച്ചതെന്നും എസ്. രാജേന്ദ്രന്‍ എം.എല്‍.എ. പ്രതികരിച്ചിരുന്നു. സ്‌റ്റോപ്പ് മെമ്മോയെക്കുറിച്ച് ചോദിച്ചപ്പോള്‍ സബ് കളക്ടര്‍ തന്നോട് പോയി പണിനോക്കാന്‍ പറഞ്ഞെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ എം.എല്‍.എയെ അധിക്ഷേപിച്ച് സംസാരിച്ചെന്ന ആരോപണം സബ് കളക്ടര്‍ നിഷേധിച്ചു. എം.എല്‍.എ എന്നുമാത്രമാണ് അദ്ദേഹത്തെ വിളിച്ചതെന്നും നിര്‍മാണം തുടര്‍ന്നാല്‍ നടപടി സ്വീകരിക്കുമെന്നാണ് അദ്ദേഹത്തോട് പറഞ്ഞതെന്നും രേണുരാജ് വ്യക്തമാക്കിയിരുന്നു

Similar Articles

Comments

Advertismentspot_img

Most Popular