ബില്ലുകളിൽ ​ഗവ‌ർണർ ഒപ്പിടാത്തതിൽ വിമർശിച്ച് സുപ്രീം കോടതി

ന്യൂ‍ഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർമാരുടെ തീരുമാനം അറിയാൻ കോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാരുകൾ നിർബന്ധിതരാകുന്നതിൽ അത‍ൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. സംസ്ഥാന സർക്കാരുകൾ കോടതിയെ സമീപിച്ചതിന് ശേഷം മാത്രം ഗവർണർമാർ ബില്ലുകളിൽ ഇടപെടുന്ന പ്രവണത തടയണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. ഗവർണർ ബൻവരിലാൽ പുരോഹിത് ഏഴു ബില്ലുകളിൽ ഒപ്പിടാത്തതിനെതിരെ പഞ്ചാബ് സർക്കാർ നൽകിയ റിട്ട് ഹർജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ വാക്കാലുള്ള പരാമർശം.
സർക്കാരും ഗവർണറും തുറന്ന് ആശയവിനിമയം നടത്തേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. നമ്മൾ ഏറ്റവും പഴയ ജനാധിപത്യ രാജ്യമാണെന്നും പ്രശ്നങ്ങൾ മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ പരിഹരിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട അധികാരികളല്ലെന്ന വസ്തുത ഗവർണർമാർ മറക്കരുതെന്നും ചന്ദ്രചൂഡ് വ്യക്തമാക്കി. ബില്ലുകളിൽ പഞ്ചാബ് ഗവർണർ ഉചിതമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും വെള്ളിയാഴ്ചയ്ക്കകം വിശദാംശങ്ങൾ അറിയിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.

വാദത്തിനിടെ, ഗവർണർക്കെതിരെ കേരളം സമർപ്പിച്ച സമാന ഹർജിയെക്കുറിച്ച് മുതിർന്ന അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ കെ.കെ.വേണുഗോപാൽ പരാമർശിച്ചു. ‘‘ജനങ്ങളുടെ ക്ഷേമത്തിനായി പാസാക്കിയ ബില്ലുകളിൽ ഗവർണർ നടപടിയെടുക്കുന്നില്ല. സംസ്ഥാനം ഹർജി നൽകിയതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് ശേഷം അത് കോടതിയിൽ കാണാമെന്നാണ് അദ്ദേഹം പറയുന്നത്.’’– വേണുഗോപാൽ പറഞ്ഞു.

കേരളത്തിന്റെ ഹർജിയും വെള്ളിയാഴ്ച പരിഗണിക്കണമെന്ന വേണുഗോപാലിന്റെ ആവശ്യം കോടതി അംഗീകരിച്ചു. പഞ്ചാബിന്റെ ഹർജിക്കൊപ്പം കേരളവും തമിഴ്‌നാടും സമർപ്പിച്ച ഹർജികൾ പരിഗണിക്കും. ജസ്റ്റിസ് ജെ.ബി.പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ തീരുമാനം വൈകിപ്പിക്കുകയാണെന്നും ഇതിലൂടെ ജനങ്ങളുടെ അവകാശം നിഷേധിക്കുകയാണെന്നും ആരോപിച്ചാണ് കേരള സർക്കാർ സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകിയത്. നിയമസഭ പാസാക്കിയ 8 ബില്ലുകളിൽ ഗവർണർ തീരുമാനം എടുത്തിട്ടില്ലെന്നും ഈ നടപടി ഭരണഘടനാവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു. ചീഫ് സെക്രട്ടറിയും പേരാമ്പ്ര എംഎൽഎ ടി.പി.രാമകൃഷ്ണനുമാണു ഹർജിക്കാർ. നേരത്തേ തെലങ്കാന, പഞ്ചാബ്, തമിഴ്നാട് ​എന്നീ സംസ്ഥാന സർക്കാരുകളും ഗവർണർമാർക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ഭരണഘടനയുടെ 200–ാം അനുഛേദ പ്രകാരം, നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർക്കു കൈമാറണം. ഗവർണർ അതിൽ ഒപ്പുവയ്ക്കുമ്പോൾ മാത്രമാണു നിയമമായി മാറുന്നത്. എതിർപ്പുണ്ടെങ്കിൽ ഗവർണർക്ക് അവ സർക്കാരിനു തിരിച്ചയയ്ക്കാം. അല്ലെങ്കിൽ കേന്ദ്രത്തിനു കൈമാറാം. ഇക്കാര്യങ്ങൾ എത്രയും വേഗമുണ്ടാകണമെന്നാണു ഭരണഘടനയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ, ഇതിനു സമയക്രമം നിശ്ചയിച്ചിട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular