ചരിത്ര നേട്ടം; ഫെഡറൽ ബാങ്കിന് 954 കോടി രൂപ അറ്റാദായം

കൊച്ചി: 2023 സെപ്റ്റംബർ 30 ന് അവസാനിച്ച സാമ്പത്തിക വർഷത്തെ രണ്ടാംപാദത്തിൽ 35.54 ശതമാനം വർദ്ധനവോടെ ഫെഡറൽ ബാങ്ക് 953.82 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുൻ വർഷം ഇതേ പാദത്തിൽ 703.71 കോടി രൂപയായിരുന്നു അറ്റാദായം.

“കഴിഞ്ഞകാലങ്ങളിലായി ഞങ്ങൾ നടപ്പിലാക്കിയ പല നൂതന ആശയങ്ങളും മികച്ചരീതിയിൽ ഒത്തുചേർന്നതിന്റെ ഫലമായാണ് ചരിത്രത്തിലെ ഏറ്റവുമുയർന്ന പാദവാർഷിക അറ്റാദായത്തിലേക്ക് ഞങ്ങൾ എത്തിയത്,” ബാങ്കിന്റെ എംഡിയും സി ഇ ഓയുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു. സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ സമാഹരിക്കാൻ സാധിച്ച നിക്ഷേപം ബാങ്കിന്റെ ഭരണനിർവഹണ, സാമൂഹിക, പാരിസ്ഥിതിക മേഖലകളിലെ പ്രതിബദ്ധതയ്ക്ക് നിദർശനമാണ്. നിക്ഷേപകരോടുള്ള പ്രതിബദ്ധത സന്തോഷപൂർവം നടപ്പിലാക്കുന്നതിനോടൊപ്പം, തെരഞ്ഞെടുക്കപ്പെട്ട മേഖലകളിൽ അനുസ്യൂതം വളർച്ച കൈവരിച്ച്, ഏറ്റവും ആദരണീയമായ ബാങ്ക് ആവുക എന്ന ലക്ഷ്യത്തിലേക്ക് മുന്നേറാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ശ്യാം ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? എന്നാല്‍ ഇനി മുതല്‍ കാപ്പി ഇങ്ങനെ കുടിക്കാം…

പ്രവർത്തനലാഭത്തിലും ബാങ്കിന് മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചു. 9.26 ശതമാനം വർധനവോടെ പ്രവർത്തനലാഭം 1324.45 കോടി രൂപയിലെത്തി. മുൻവർഷം ഇതേ കാലയളവിൽ 1212.24 കോടി രൂപയായിരുന്നു പ്രവർത്തനലാഭം. ബാങ്കിന്റെ മൊത്തം ബിസിനസ് 21.49 ശതമാനം വർധിച്ച് 425685.12 കോടി രൂപയിലെത്തി. മുൻവർഷം ഇതേ പാദത്തിൽ 189145.71 കോടി രൂപയായിരുന്ന നിക്ഷേപം 232868.43 കോടി രൂപയായി വർധിച്ചു.

വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളർച്ച കൈവരിക്കാൻ സാധിച്ചു. ആകെ വായ്പ മുൻ വർഷത്തെ 161240.32 കോടി രൂപയിൽ നിന്ന് 192816.69 കോടി രൂപയായി വർധിച്ചു. റീട്ടെയൽ വായ്പകൾ 18.05 ശതമാനം വർധിച്ച് 62009 കോടി രൂപയായി. കാർഷിക വായ്പകൾ 23.56 ശതമാനം വർധിച്ച് 25115കോടി രൂപയിലും വാണിജ്യ ബാങ്കിങ് വായ്പകൾ 23.82 ശതമാനം വർധിച്ച് 19729 കോടി രൂപയിലും കോർപറേറ്റ് വായ്പകൾ 14.91 ശതമാനം വർധിച്ച് 68058.63 കോടി രൂപയിലുമെത്തി. അറ്റപലിശ വരുമാനം 16.72 ശതമാനം വർധനയോടെ 2056.42 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 1761.83 കോടി രൂപയായിരുന്നു.

4436.05 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 2.26 ശതമാനമാണിത്. അറ്റ നിഷ്‌ക്രിയ ആസ്തി 1229.81 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.64 ശതമാനമാണിത്. 71.03 ആണ് നീക്കിയിരുപ്പ് അനുപാതം. ഈ പാദത്തോടെ ബാങ്കിന്റെ അറ്റമൂല്യം 26032.07 കോടി രൂപയായി വർധിച്ചു. 15.50 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം. ബാങ്കിന് നിലവിൽ 1389 ശാഖകളും 1935 എടിഎമ്മുകളുമുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular