ബാറില്‍ കൊണ്ടുപോയത് ഡോളി, ബിയറില്‍ എന്തോ പൊടി കലര്‍ത്തി; മോഡലിന്റെ മൊഴി ഇങ്ങനെ!

കൊച്ചി: ബാറില്‍ കൊണ്ടുപോയത് സുഹൃത്തായ രാജസ്ഥാന്‍ സ്വദേശിനിയാണെന്നും ബിയറില്‍ എന്തോ പൊടി കലര്‍ത്തിനല്‍കിയതായി സംശയമുണ്ടെന്നും കൊച്ചിയില്‍ കൂട്ടബലാത്സംഗത്തിനിരയായ മോഡലിന്റെ മൊഴി. സുഹൃത്തായ രാജസ്ഥാന്‍ സ്വദേശിനി ഡോളി(ഡിംപിള്‍ ലാംബ)യാണ് ബാറിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ഇവിടെവെച്ച് കുടിക്കാന്‍ നല്‍കിയ ബിയറില്‍ എന്തോ പൊടി ചേര്‍ത്തതായാണ് സംശയം. ബിയര്‍ കുടിച്ചതോടെ അവശയായ തന്നോട് യുവാക്കളുടെ കാറില്‍ കയറാന്‍ പറഞ്ഞതും ഡോളിയാണ്. തുടര്‍ന്ന് വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെയാണ് മൂന്ന് യുവാക്കള്‍ കൂട്ടബലാത്സംഗം ചെയ്തതെന്നും മോഡലായ 19കാരി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രാജസ്ഥാന്‍ സ്വദേശിനി ഡിംപിള്‍ ലാംബ, കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, സുദീപ്, നിതിന്‍ എന്നിവരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തും.

പ്രതികളായ മൂന്ന് യുവാക്കളും ഡിംപിളിന്റെ സുഹൃത്തുക്കളാണെന്നാണ് വിവരം. ഡിംപിളാണ് അവശയായ യുവതിയെ യുവാക്കള്‍ക്കൊപ്പം കാറില്‍ കയറ്റിവിട്ടത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ 45 മിനിറ്റോളം ഇവര്‍ സഞ്ചരിക്കുകയും യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. തുടര്‍ന്ന് യുവാക്കള്‍ ഒരു ഹോട്ടലില്‍ ഇറങ്ങി ഭക്ഷണം വാങ്ങി. ഇതിനുശേഷം വീണ്ടും ബാറിലെത്തി ഡിംപിളിനെയും വാഹനത്തില്‍ കയറ്റി. തുടര്‍ന്നാണ് യുവതിയെ കാക്കനാട്ടെ താമസസ്ഥലത്ത് എത്തിച്ചതെന്നാണ് പോലീസ് നല്‍കുന്നവിവരം.

ഓടുന്നകാറില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്ത മൂന്നുപേരെയും കണ്ടാല്‍ തിരിച്ചറിയാമെന്ന് യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നിലവില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയില്‍നിന്ന് പ്രാഥമികമായവിവരങ്ങള്‍ മാത്രമാണ് പോലീസ് ശേഖരിച്ചത്. ഇനി വിശദമായി വീണ്ടും മൊഴി രേഖപ്പെടുത്തും. പ്രതികള്‍ യുവതിയുമായി സഞ്ചരിച്ച കാറിലും ഇവര്‍ പോയ ഹോട്ടലിലും ബാറിലും ഉള്‍പ്പെടെ പോലീസ് സംഘം പരിശോധന നടത്തും. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയാല്‍ കേസിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സിറ്റി പോലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് വിശദീകരിക്കും.

കൊച്ചി നഗരത്തില്‍ ഓടുന്ന കാറില്‍ മോഡല്‍ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

Similar Articles

Comments

Advertismentspot_img

Most Popular