പ്രണയ വിവാഹം; ഹണിമൂണ്‍ യാത്രയ്ക്കിടെ ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭാര്യയെ കുത്തിക്കൊന്ന് വെള്ളച്ചാട്ടത്തില്‍ തള്ളി

ചെന്നൈ : ഭാര്യയെ കൊന്നു വെള്ളച്ചാട്ടത്തില്‍ തള്ളിയ കേസില്‍ യുവാവ് ചെന്നൈയില്‍ പിടിയില്‍. ഹണിമൂണ്‍ യാത്രയ്ക്കിടെ ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ കുത്തിക്കൊന്ന് ആന്ധ്രപ്രദേശിലെ വെള്ളച്ചാട്ടത്തില്‍ തള്ളിയ കേസിലാണു ചെന്നൈ സ്വദേശി മദന്‍ പിടിയിലായത്. വര്‍ഷങ്ങള്‍നീണ്ട പ്രണയത്തിനൊടുവില്‍ നാലു മാസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം.

ചെന്നൈ പുഴല്‍ കതിര്‍വേട് സ്വദേശി തമിഴ്‌ശെല്‍വിയെ ഒരു മാസം മുന്‍പാണു കാണാതായായത്. തമിഴ്‌ശെല്‍വിയും ഭര്‍ത്താവ് മദനും റെഡ് ഹില്‍സിനു സമീപം സെങ്കുണ്ട്രത്തായിരുന്നു താമസം. മകളെ ഫോണില്‍ വിളിച്ചു കിട്ടാത്തതിനെ തുടര്‍ന്നു തമിഴ്‌ശെല്‍വിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയപ്പോഴാണു കാണാതായ വിവരം പുറത്തറിയുന്നത്. ആന്ധ്രപ്രദേശിലെ കോണിയ പാലസ് സന്ദര്‍ശനത്തിനിടെ ഭാര്യ കടന്നു കളഞ്ഞെന്നായിരുന്നു മദന്റെ വാദം.

തുടര്‍ന്നു ചെന്നൈ പൊലീസ് ആന്ധ്രപ്രദേശ് പൊലീസിന്റെ സഹായം തേടി. കോണിയ പാലസിലേക്കു മദനും തമിഴ്‌ശെല്‍വിയും ബൈക്കില്‍ വരുന്നതും പിന്നീട് ഇയാള്‍ മാത്രം തിരികെ പോകുന്നതും സിസിടിവി ക്യാമറകളില്‍നിന്ന് ആന്ധ്ര പൊലീസ് കണ്ടെത്തി. വെള്ളച്ചാട്ടത്തില്‍ നടത്തിയ തിരച്ചിലില്‍ ജീര്‍ണിച്ച മൃതദേഹം കണ്ടെടുത്തു. മദനനെ സെങ്കുണ്ട്രം പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. യാത്രയ്ക്കിടെ വഴക്കുണ്ടായെന്നും കുത്തിക്കൊന്ന ശേഷം വെള്ളച്ചാട്ടത്തില്‍ തള്ളിയെന്നും മദന്‍ സമ്മതിച്ചു. കൊലപാതകം നടന്നത് ആന്ധ്രയിലായതിനാല്‍ പ്രതിയെ ആന്ധ്ര പൊലീസിനു കൈമാറും.

Similar Articles

Comments

Advertismentspot_img

Most Popular