ഒരു പ്ലസ് വണ്‍ വിദ്യാര്‍ഥിനികൂടി ആത്മഹത്യചെയ്തു; ഇത് രണ്ടാഴ്ചക്കുള്ളില്‍ നാലാമത്തെ ആത്മഹത്യ

ചെന്നൈ: തമിഴ്നാട്ടിൽ സ്കൂൾ വിദ്യാർഥിനികൾ ആത്മഹത്യ ചെയ്യുന്ന സംഭവം തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തതിന് പിന്നാലെ വീണ്ടും ഒരു വിദ്യാർഥിനികൂടി ആത്മഹത്യ ചെയ്തു. ശിവകാശിയിലാണ് സംഭവം. പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയെ ചൊവ്വാഴ്ച വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ആത്മഹത്യാകുറിപ്പുകൾ ലഭിച്ചിട്ടില്ലെന്നും പെൺകുട്ടി കഠിനമായ വയറുവേദന അനുഭവിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മൂന്ന് പ്ലസ് ടു വിദ്യാർഥിനികളും ഒരു പ്ലസ് വൺ വിദ്യാർഥിനിയും ഉൾപ്പെടെ കഴിഞ്ഞ രണ്ടാഴ്ചകളിലായി നാല് വിദ്യാർഥിനികളാണ് തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്തത്. ഇതിൽ മൂന്ന് മരണം കഴിഞ്ഞ രണ്ട് ദിവസങ്ങളിലാണ് സംഭവിച്ചിരിക്കുന്നത്.

കടലൂര്‍ സ്വദേശിനിയായ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് ചൊവ്വാഴ്ച ജീവനൊടുക്കിയ മറ്റൊരാൾ. വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും പഠനവുമായി ബന്ധപ്പെട്ട സമ്മര്‍ദവും അമ്മ വഴക്കുപറഞ്ഞതുമാണ് മരണത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു. വിദ്യാര്‍ഥിനിയെ ഐ.എ.എസ്. ഉദ്യോഗസ്ഥയാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. ഇതിനായി സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനവും നല്‍കിയിരുന്നു. ഇതെല്ലാം വിദ്യാര്‍ഥിനിയെ സമ്മര്‍ദത്തിലാക്കിയെന്നും കഴിഞ്ഞദിവസം അമ്മ വഴക്ക് പറഞ്ഞത് കൂടുതല്‍ അസ്വസ്ഥതയുണ്ടാക്കിയെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

കൗമാരക്കാരായ വിദ്യാര്‍ഥിനികളുടെ മരണങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ആശങ്ക പ്രകടിപ്പിച്ചു. ആത്മഹത്യയിലേക്ക് നയിക്കുന്ന ചിന്തകളില്‍നിന്ന് അകന്നുനില്‍ക്കണമെന്നും മുഖ്യമന്ത്രി വിദ്യാര്‍ഥികളോട് അഭ്യര്‍ഥിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular